Published: December 04, 2025 04:35 PM IST
2 minute Read
ലഖ്നൗ∙ ഇന്ത്യൻ ടീമിലെ കരുത്തരായ താരങ്ങൾ നിരന്നുനിന്നിട്ടും കേരളത്തിന്റെ വിജയക്കുതിപ്പിനെ തടുക്കാൻ സാധിച്ചില്ല. ബാറ്റു കൊണ്ട് ക്യാപ്റ്റൻ സഞ്ജു സാംസണും അഞ്ചു വിക്കറ്റുകൾ വീഴ്ത്തി പേസർ കെ.എം. ആസിഫും മുന്നിൽനിന്നു നയിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 പോരാട്ടത്തിൽ 15 റൺസ് വിജയമാണ് കേരളം മുംബൈയ്ക്കെതിരെ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.4 ഓവറിൽ 163 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. എൻ.എം. ഷറഫുദ്ദീന്റെ ഓൾ റൗണ്ട് മികവും കേരളത്തിനു കരുത്തായി. കഴിഞ്ഞ സീസണിലും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളം മുംബൈയെ തോല്‍പിച്ചിരുന്നു. ഷറഫുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ക്യാപ്റ്റൻ സഞ്ജു സാംസൻ മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളിൽ സഞ്ജു 46 റൺസ് നേടി. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. രോഹൻ കുന്നുമ്മൽ രണ്ട് റൺസെടുത്ത് പുറത്തായി. തുടർന്ന് മധ്യനിരയിൽ മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും ചേർന്ന 65 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് കരുത്ത് പകർന്നത്. വിഷ്ണു വിനോദ് 40 പന്തിൽ 43ഉം മൊഹമ്മദ് അസറുദ്ദീൻ 25 പന്തുകളിൽ 32 റൺസും നേടി. അവസാന ഓവറുകളിൽ കൂറ്റനടികളുമായി കളം നിറഞ്ഞ ഷറഫുദ്ദീന്റെ പ്രകടനവും ശ്രദ്ധേയമായി. 15 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 35 റൺസുമായി പുറത്താകാതെ നിന്ന ഷറഫുദ്ദീന്റെ ഇന്നിങ്സാണ് കേരളത്തിന്റെ സ്കോർ 178ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറിൽ തന്നെ മൂന്ന് റൺസെടുത്ത ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. ഈ സീസണിൽ ഇതിനകം തന്നെ രണ്ട് സെഞ്ചറികളുമായി മികച്ച ഫോമിലുള്ള ആയുഷിനെ ആദ്യ ഓവറിൽ തന്നെ ഷറഫുദ്ദീൻ പുറത്താക്കിയത് കേരളത്തിന് മുതൽക്കൂട്ടായി. എന്നാൽ സർഫറാസ് ഖാനും അജിൻക്യ രഹാനെയും ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 32 റൺസെടുത്ത രഹാനെയെ വിഘ്നേഷ് പുത്തൂർ മടക്കി. 52 റൺസെടുത്ത സർഫറാസ് ഖാനെ അബ്ദുൾ ബാസിദും പുറത്താക്കി.
സൂര്യകുമാർ യാദവ് ഒരു വശത്ത് ഉറച്ച് നില്‍ക്കെ, വിജയപ്രതീക്ഷയിലായിരുന്നു അപ്പോഴും മുംബൈ ടീം. എന്നാൽ കെ.എം. ആസിഫ് എറിഞ്ഞ 18ആം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. മൂന്ന് വിക്കറ്റാണ് ആസിഫ് ഈ ഓവറിൽ നേടിയത്. ഓവറിലെ ആദ്യ പന്തിൽ സൈറാജ് പാട്ടിലിനെ മടക്കിയ ആസിഫ്, മൂന്നാം പന്തിൽ സൂര്യകുമാർ യാദവിനെയും നാലാം പന്തിൽ ഷാർദൂൽ ഠാക്കൂറിനെയും പറത്താക്കി. 32 റൺസായിരുന്നു സൂര്യകുമാർ നേടിയത്.
ഇതോടെ നാല് വിക്കറ്റിന് 148 റൺസെന്ന നിലയിൽ നിന്നും ഏഴ് വിക്കറ്റിന് 149 റൺസെന്ന നിലയിലേക്ക് മുംബൈ തകർന്നടിഞ്ഞു. അവസാന ഓവറിൽ വീണ്ടും രണ്ട് വിക്കറ്റുകളുമായി ആസിഫ് കേരളത്തിന് വിജയം സമ്മാനിച്ചു. ഹാർദ്ദിക് തമോറെയെയും ഷംസ് മുലാനിയെയുമാണ് ആസിഫ് പുറത്താക്കിയത്. 3.4 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ആസിഫ് അഞ്ച് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷ് പൂത്തൂരും കേരള ബോളിങ് നിരയിൽ തിളങ്ങി.
English Summary:








English (US) ·