Published: December 19, 2025 12:02 PM IST
1 minute Read
മുംബൈ ∙ അടുത്ത വർഷം നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. ശനിയാഴ്ച, മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാർത്തസമ്മേളനത്തിലാകും പ്രഖ്യാപനം. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ജനുവരിയിൽ ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെയാണ് ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
ഇന്ന് അഹമ്മദാബാദിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യൻ ടീം ഇറങ്ങുന്നുണ്ട്. മത്സരശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുംബൈയിലേക്കു പോകും. ജനുവരി 11നാണ് ന്യൂസീലൻഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി20 പരമ്പരയിലും കളിക്കുക.
നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. ഫോമിലല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് ഇന്ത്യയുടെ തലവേദന. എന്നാൽ ഇരുവരും ലോകകപ്പ് ടീമിലുണ്ടാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20ക്കു മുൻപ് ഗില്ലിനു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം. അഞ്ചാം ട്വന്റി20 താരം കളിക്കുമോ എന്നുറപ്പില്ലെങ്കിലും അഹമ്മദാബാദിലെത്തിയ ടീമിനൊപ്പം താരമുണ്ട്.
വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണെയും ജിതേഷ് ശർമയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ ഇഷാൻ കിഷാനെ അവസാന നിമിഷം ഉൾപ്പെടുത്തുമോ എന്നതിൽ ആകാംക്ഷയുണ്ട്. 2024 ലോകകപ്പിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമിൽനിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ തുടർച്ചയായ രണ്ടാം ലോകകപ്പാകും താരത്തിനു നഷ്ടമാകുക.
2024ൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ട്വന്റി20 ലോകകപ്പ് ഇതുവരെ ഒരു ടീമും നിലനിർത്തിയിട്ടില്ലെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ആ ചരിത്രം തിരുത്തിക്കുറിക്കുകയാകും സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഫെബ്രുവരി 7ന്, യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഇന്ത്യ –പാക്കിസ്ഥാൻ മത്സരം 15ന് കൊളംബോയിലാണ്.
ഇന്ത്യയുടെ സാധ്യതാ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ/ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിങ്
English Summary:








English (US) ·