സഞ്ജു രാജസ്ഥാൻ റോയൽസ് വിട്ടാൽ പ്രധാന കാരണക്കാരൻ സഹതാരം റിയാൻ പരാഗ്: ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ താരം

5 months ago 5

ചെന്നൈ∙ മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന ചർച്ചകൾ സജീവമായി തുടരുന്നതിനിടെ, അതിന്റെ കാരണക്കാരനെക്കുറിച്ചുള്ള മുൻ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. രാജസ്ഥാൻ റോയൽസിൽ അദ്ദേഹത്തിന്റെ സഹതാരമായ റിയാൻ പരാഗാണ് സഞ്ജു ടീം വിടാൻ കാരണമെന്നാണ് വെളിപ്പെടുത്തൽ. മുൻ ഇന്ത്യൻ താരം എസ്.ബദരീനാഥാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുട്യൂബിൽ പങ്കുവച്ച വിഡിയോയിലാണ്, സഞ്ജു ടീം വിടാനുള്ള കാരണം റിയാൻ പരാഗാണെന്ന ബദരീനാഥിന്റെ വെളിപ്പെടുത്തൽ.

‘‘എനിക്കു തോന്നുന്നത് റിയാൻ പരാഗാണ് കാരണക്കാരൻ എന്നാണ്. റിയാൻ പരാഗിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യം വന്നാൽ, സഞ്ജുവിനേപ്പോലെ ഒരു താരം എങ്ങനെ ടീമിൽ തുടരാനാണ്?’ – ബദരീനാഥ് ചോദിച്ചു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു പരുക്കേറ്റ് പുറത്തിരുന്നപ്പോൾ ടീമിനെ നയിച്ചത് റിയാൻ പരാഗായിരുന്നു. പരുക്കിൽനിന്ന് മുക്തനായി കളത്തിലേക്ക് തിരിച്ചെത്തിയ ചില മത്സരങ്ങളിൽ സഞ്ജു ഇംപാക്ട് പ്ലേയറായപ്പോഴും, ടീമിനെ നയിച്ചത് പരാഗ് തന്നെ.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളോടും, മുൻ ചെന്നൈ താരം കൂടിയായ ബദരീനാഥ് പ്രതികരിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള മഹേന്ദ്രസിങ് ധോണിക്ക് തത്തുല്യനായ കളിക്കാരനാണെങ്കിലും, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവിൽ സഞ്ജുവിന് ഇടമൊരുക്കുന്നത് പ്രയാസമായിരിക്കുമെന്നാണ് ബദരീനാഥിന്റെ പക്ഷം.

‘‘സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരുന്നുവെന്നിരിക്കട്ടെ. വിക്കറ്റ് കീപ്പർ ബാറ്ററും ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിക്ക് ഒത്ത പകരക്കാരനാകുമെന്ന കാര്യം തീർച്ച. ബാറ്റിങ് ഓർഡറിൽ ആദ്യത്തെ 3–4 സ്ഥാനങ്ങളിൽ ബാറ്റു ചെയ്യാനാകുന്ന താരമാണ് സഞ്ജു’ – ബദരീനാഥ് ചൂണ്ടിക്കാട്ടി.

‘‘എന്നാൽ, പ്ലേയിങ് ഇലവനിൽ അഞ്ചാമതോ ആറാമതോ പരീക്ഷിക്കാൻ പറ്റിയ താരമല്ല സഞ്ജു. നിലവിൽ ചെന്നൈയുടെ പ്ലേയിങ് ഇലവനിൽ മേൽപ്പറഞ്ഞ സ്ഥാനങ്ങളിലെല്ലാം മികച്ച ബാറ്റർമാരുണ്ട്. ആയുഷ് മാത്രെ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഡിവാൾഡ് ബ്രെവിസ് തുടങ്ങിയവരൊക്കെ ഈ സ്ഥാനങ്ങളിൽ ‍ഇടമുറപ്പിച്ചവരാണ്’ – ബദരീനാഥ് പറഞ്ഞു.

‘‘ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കിയതുപോലെ ഒരു ഇടപാടിനു ചെന്നൈ ശ്രമിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. സഞ്ജു സാംസൺ ചെന്നൈയിലേക്ക് വരുന്ന സാഹചര്യം ഉണ്ടായാൽപ്പോലും, പ്ലേയിങ് ഇലവനിൽ അദ്ദേഹത്തെ എവിടെ ഉൾക്കൊള്ളിക്കുമെന്നതും നോക്കേണ്ടതുണ്ട്’ – ബദരീനാഥ് പറഞ്ഞു.

ഋതുരാജ് ഗെയ്‌ക്‌വാദിനെപ്പോലെ ഒരു താരം ടീമിലുള്ളപ്പോൾ, ക്യാപ്റ്റൻ സ്ഥാനം സഞ്ജു സാംസണിനു നൽകാൻ ചെന്നൈ സൂപ്പർ കിങ്സ് തയാറാകുമോ എന്ന കാര്യത്തിലും ബദരീനാഥ് സംശയം പ്രകടിപ്പിച്ചു.

‘‘ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നായകസ്ഥാനമാണ്. ധോണി ടീമിനെ നയിക്കാൻ തയാറായാലും ഇല്ലെങ്കിലും നിലവിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ്. ഒറ്റ സീസണിൽ മാത്രമാണ് ഋതുരാജ് ഇതുവരെ ടീമിനെ നയിച്ചത്. സാംസണിനെ ടീമിലെത്തിച്ച് നായകസ്ഥാനം കൈമാറിയാൽ ഗെയ്ക്‌വാദിന്റെ അവസ്ഥ എന്താകും? അതുകൂടി നോക്കേണ്ടേ? സഞ്ജുവിന്റെ കാര്യത്തിൽ ചെന്നൈ തീരുമാനം കൈക്കൊള്ളും മുൻപ് ഈ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്’ – ബദരീനാഥ് പറഞ്ഞു.

English Summary:

Riyan Parag Behind Sanju Samson's Rajasthan Royals Exit? S. Badrinath Reveals Shocking Reason

Read Entire Article