12 August 2025, 06:16 PM IST

റിയാൻ പരാഗ്, സഞ്ജു സാംസൺ | AFP, PTI
ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണിന് മുന്‍പായി തന്നെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസിയെ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മാനേജ്‌മെന്റും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പക്ഷേ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ടീമില്‍നിന്ന് പിന്‍വാങ്ങാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ച ഘടകമെന്തെന്നതില്‍ വ്യക്തതയില്ല. റിയാന്‍ പരാഗ് കാരണമാണ് സഞ്ജു ടീം വിടുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്ണ്യം ബദരീനാഥ്.
കഴിഞ്ഞ സീസണില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍നിന്ന് ഫിറ്റ്‌നസ് അനുമതി ലഭിക്കാത്തതിനാല്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ സഞ്ജു ഇംപാക്ട് സബ് ആയാണ് കളിച്ചത്. റിയാന്‍ പരാഗായിരുന്നു ആ സമയങ്ങളില്‍ ക്യാപ്റ്റന്‍. പിന്നീട് സഞ്ജു തിരിച്ചെത്തിയപ്പോള്‍ വീണ്ടും പരിക്ക് വലച്ചു. പരാഗ് വീണ്ടും ക്യാപ്റ്റനായി. ഈ ക്യാപ്റ്റന്‍സി തര്‍ക്കങ്ങള്‍ക്കിടയില്‍ സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സീസണ്‍ പകുതിയോടെ ദ്രാവിഡ് ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചു.
സഞ്ജുവിന്റെ അഭാവത്തിലാണ് വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുന്നത്. കിട്ടിയ അവസരം വൈഭവ് റെക്കോഡ് സെഞ്ചുറി ഉള്‍പ്പെടെ നേടി നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ടൂര്‍ണമെന്റിലെ ഒരിന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു വൈഭവ് കുറിച്ചത്. ജയ്‌സ്വാളിനൊപ്പം വൈഭവ് ഓപ്പണിങ്ങില്‍ ഭദ്രമായ ഇന്നിങ്‌സ് കാഴ്ചവെച്ചതോടെ സഞ്ജുവിന്റെ സ്ഥാനം പ്രതിസന്ധിയിലാക്കി. ഇതാകാം റോയല്‍സ് വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്. റിയാന്‍ പരാഗിനെ ക്യാപ്റ്റനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിനെപ്പോലൊരാള്‍ എങ്ങനെ ടീമില്‍ തുടരുമെന്ന് പ്രതീക്ഷിക്കാനാകുമെന്ന് എസ് ബദരീനാഥ് തന്റെ യുട്യൂബ് ചാനലില്‍ ചോദിക്കുന്നു.
അതേസമയം സഞ്ജു അഞ്ചുതവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സഞ്ജുവിനെ തിരികെയെത്തിക്കാന്‍ ചെന്നൈ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ധോനിക്ക് അനുയോജ്യനായി സഞ്ജുവിനെ കൊണ്ടുവരുന്നത് നല്ലതാണെന്നും ബദരീനാഥ് നിരീക്ഷിക്കുന്നു. ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളിൽ ബാറ്റു ചെയ്യാന്‍ കഴിയുന്ന ബാറ്ററാണ് സഞ്ജുവെന്നും അദ്ദേഹ പറഞ്ഞു.
Content Highlights: IPL 2026: Sanju Samson's Uncertain Future astatine Rajasthan Royals Explored








English (US) ·