സഞ്ജു രാജസ്ഥാൻ വിട്ടേക്കും, 5 താരങ്ങളെ ഒഴിവാക്കാൻ ചെന്നൈ; ക്യാപ്റ്റന്മാരെ മാറ്റാൻ 3 ഐപിഎൽ ടീമുകൾ

3 months ago 3

മുംബൈ∙ അടുത്ത വർഷത്തെ ഐപിഎലിനു മുന്നോടിയായുള്ള മിനി താരലേലം ഡിസംബർ 15നു നടന്നേക്കുമെന്ന റിപ്പോർട്ടിനിടെ ഫ്രാഞ്ചൈസികൾ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്നും ഏതൊക്കെ താരങ്ങളെ കൈവിടുമെന്നതിൽ ആകാംക്ഷ. ഡിസംബർ 13 മുതൽ 15 വരെയുള്ള വിൻഡോയിലാകും താരലേലം നടക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്‌ബസ് റിപ്പോർട്ട് ചെയ്തത്. അങ്ങനെയെങ്കിൽ താരലേലത്തിന് മുൻപ് ഫ്രാഞ്ചൈസികൾക്ക് ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15 ആണ്. ഇന്ത്യയിൽ വച്ചു തന്നെയാകും ലേലം നടക്കുകയെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷം സൗദി അറേബ്യയിലായിരുന്നു ലേലം.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പർ കിങ്സിനും ഒൻപതാം സ്ഥാനക്കാരായിരുന്ന രാജസ്ഥാൻ റോയൽസിനും മിനി ലേലം നിർണായകമാണ്. ഇത്തവണ താരലേലത്തിന് മുൻപ് കൂടുതൽ താരങ്ങളെ കൈവിടുക ചെന്നൈ സൂപ്പർ കിങ്സാകുമെന്നാണ് സൂചന. ക്യാപ്റ്റൻ സഞ്ജു സാംസന്റെ കാര്യത്തിലാണ് രാജസ്ഥാൻ ‘സസ്പെൻസ്’ നിലനിർത്തിയിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികളും നിലനിർത്താനും കൈവിടാനും സാധ്യതയുള്ള താരങ്ങളുടെ വിവരങ്ങൾ നോക്കാം

∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുകന്നിക്കിരീടം നേടിയശേഷമുള്ള ആദ്യ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. മിനിമം ബജറ്റിൽ താരങ്ങളെ എത്തിക്കാനാകും ചാംപ്യൻ ടീമിന്റെ ശ്രമം. പരുക്കേറ്റ ദേവദത്ത് പടിക്കലിന് പകരക്കാരനായി വന്ന മയാങ്ക് അഗർവാളിനെ നിലനിർത്താൻ സാധ്യതയില്ല.

∙ പഞ്ചാബ് കിങ്സ്ഒട്ടുമിക്ക ലേലങ്ങളിലും വമ്പൻ പൊളിച്ചെഴുത്തുകൾ നടത്തുന്ന ടീമാണ് പഞ്ചാബ് കിങ്സ്. എന്നാൽ ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ ടീം, പ്രധാന താരങ്ങളെ വിട്ടുകളഞ്ഞേക്കില്ല.

∙ മുംബൈ ഇന്ത്യൻസ്കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കഴിഞ്ഞ ആറു സീസണുകളിലായി ഫൈനൽ കളിക്കാത്തതിന്റെ ക്ഷീണം തീർക്കാനാകും മുംബൈ എത്തുക. 2020ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ, ടീമിനെ മെച്ചപ്പെടുത്താനാകും ശ്രമിക്കുക. വൻ തുകയ്ക്ക് വാങ്ങിയ ദീപക് ചാഹർ കാര്യമായ ഇംപാക്ട് ഉണ്ടാക്കാതിരുന്നതിനാൽ താരത്തെ നിലനിർത്താൻ സാധ്യതയില്ല. ഒരു മത്സരം മാത്രം കളിച്ച റീസ് ടോപ്ലിയെയും കൈവിട്ടേക്കും. അഫ്ഗാൻ താരം മുജീബുർ റഹ്മാനെയും നിലനിർത്താൻ സാധ്യതയില്ല.

∙ ഗുജറാത്ത് ടൈറ്റൻസ്ലീഗ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും ഏറെക്കുറെ നല്ല പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഗുജറാത്ത് പുറത്തെടുത്തത്. എലിമിനേറ്ററിൽ മുംബൈയോടാണ് ഗുജറാത്ത് തോറ്റത്. പരുക്ക് കാരണം കഴിഞ്ഞ സീസൺ മുഴുവൻ നഷ്ടമായ ഗ്ലെൻ ഫിലിപ്സിനെ ഒഴിവാക്കിയേക്കും. കഗിസോ റബാദയ്ക്കു പകരമെത്തിയ ജെറാൾഡ് കോട്‌സിയെയും നിലനിർത്തിയേക്കില്ല. കഴിഞ്ഞ സീസണിനു മുന്നോടിയായി 4 കോടി രൂപയ്ക്കു നിലനിർത്തിയ ഷാറുഖ് ഖാനെ ഇത്തവണ വിട്ടുകളയാനാണ് സാധ്യത. ഇഷാന്ത് ശർമയുടെ ഭാവിയിലും ആകാംക്ഷയുണ്ട്.

∙ ഡൽഹി ക്യാപിറ്റൽസ്കെ.എൽ.രാഹുലിനെ ട്രേഡിങ് വിൻഡോയിലൂടെ കൈമാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ രാഹുലിനെ നിലനിർത്തുമോ എന്നതിൽ ആകാംക്ഷയുണ്ട്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെയും നിലനിർത്താൻ സാധ്യതയില്ല. കഴിഞ്ഞ സീസണിൽ 10.75 കോടി രൂപയ്ക്ക് ടീമിലെടുത്ത ടി.നടരാജൻ ഒരു മത്സരം മാത്രമാണ് കളിച്ചത്. താരത്തെയും ഒഴിവാക്കിയേക്കും. 9 കോടിക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയൻ യുവതാരം ജേക് ഫ്രേസർ മഗ്രുക് സീസണിന്റെ രണ്ടാം പകുതിയിൽ കളിച്ചില്ല. ഇതോടെ താരത്തെ നിലനിർത്താനും സാധ്യത കുറവാണ്.

∙ സൺറൈസേഴ്സ് ഹൈദരാബാദ്ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പരുക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ അലട്ടുന്നത്. അതിനാൽ പുതിയ ക്യാപ്റ്റനായി ഹൈദരാബാദ് ശ്രമിച്ചേക്കും. പത്തു കോടിക്ക് ടീമിലെത്തിച്ച മുഹമ്മദ് ഷമി, മികച്ച പ്രകടനം നടത്താതിരുന്നതും ടീമിനെ കുഴപ്പിക്കുന്നു. അഭിഷേക് ശർമയും ഹെൻറിച് ക്ലാസനും ഇഷാൻ കിഷനും അടങ്ങുന്ന ബാറ്റിങ് നിര ശക്തമാണെങ്കിലും മികച്ച ബോളർമാരില്ലാത്തത് അവരെ അലട്ടുന്നു. രാഹുൽ ചാഹർ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. താരത്തെ നിലനിർത്താൻ സാധ്യതയില്ല. ആദം സാംപയുടെ കാര്യവും പരുങ്ങലിലാണ്.

∙ ലക്നൗ സൂപ്പർ ജയന്റ്സ്പരുക്കിന്റെ പിടിയിലായ പേസർ മയങ്ക് യാദവിനെ ടീം കൈവിട്ടേക്കാം. മറ്റൊരു പേസർ ആകാശ് ദീപിനെയും ലക്നൗ നിലനിർത്താൻ സാധ്യതയില്ല. ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം നടത്തിയെങ്കിലും വൈറ്റ് ബോളിൽ താരത്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഡേവിഡ് മില്ലർ, രവി ബിഷ്ണോയ് എന്നിവരെയും ഋഷഭ് പന്ത് ക്യാപ്റ്റനായ ലക്നൗ ടീം നിലനിർത്തുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്കിരീടം നിലനിർത്താൻ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ ഇറങ്ങിയ കൊൽക്കത്തയുടെ പ്രകടനം ദയനീയമായിരുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റൻസി മാറ്റത്തിന് കൊൽക്കത്ത ശ്രമിച്ചേക്കും. സഞ്ജു സാംസന്റെ ഉൾപ്പെടെയുള്ള പേരുകൾ പറഞ്ഞു കേൾക്കുന്നു. 23.75 കോടി രൂപയ്ക്ക് നിലനിർത്തിയ വെങ്കിടേഷ് അയ്യരാണ് ടീമിനെ ഏറ്റവും അലട്ടുന്നത്. അയ്യർ ഈ സീസണിലും തുടരുമോ എന്നതിൽ ആകാംക്ഷയുണ്ട്. പേസർ ഉമ്രാൻ മാലിക് ടീമിലുണ്ടായിരുന്നെങ്കിലും പരുക്കേറ്റതിനാൽ മുഴുവൻ സീസണും നഷ്ടമായിരുന്നു. താരത്തിന്റെ കാര്യവും കണ്ടറിയണം. സ്പെൻസർ ജോൺസൻ, ആൻറിച് നോർട്ടിയെയും കൈവിട്ടേക്കും.

∙ രാജസ്ഥാൻ റോയൽസ്താരങ്ങളെ നിലനിർത്തുന്നത് സംബന്ധിച്ച ഏറ്റവും വലിയ വാർത്ത വരുന്നത് രാജസ്ഥാൻ റോയൽസിൽനിന്നായിരിക്കും. ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടുമെന്ന് തന്നെയാണ് ഇതുവരെയുള്ള സൂചനകൾ. രാഹുൽ ദ്രാവിഡിനു പകരം കുമാർ സംഗക്കാര കോച്ചായി തിരിച്ചെത്തിയേക്കുമെങ്കിലും സഞ്ജുവിനെ നിലനിർത്താൻ മാനേജ്മെന്റിനു താൽപര്യമില്ലെന്നാണ് വിവരം. ടീം വിടാനുള്ള ആഗ്രഹം സഞ്ജുവും അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 12 വർഷത്തെ സഞ്ജു– രാജസ്ഥാൻ ബന്ധത്തിന് ഈ സീസണിൽ കർട്ടൻ വീഴും. ടീമിന് പുതിയ ക്യാപ്റ്റനും വരും. ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെയും ടീം ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. ഫസൽഹഖ് ഫാറൂഖിയാണ് രാജസ്ഥാൻ കൈവിടാൻ സാധ്യതയുള്ള മറ്റൊരു താരം.

∙ ചെന്നൈ സൂപ്പർ കിങ്സ്ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവോൺ കോൺവെ എന്നീ അഞ്ച് താരങ്ങളെ ചെന്നൈ നിലനിർത്തിയേക്കില്ലെന്നാണ് വിവരം. രവിചന്ദ്രൻ അശ്വിൻ വിരമിച്ചതിനാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പേഴ്സിൽ 9.75 കോടി രൂപ അധികമായി ലഭിക്കും. എം.എസ്.ധോണിയുടെ ഭാവിയും ശ്രദ്ധാകേന്ദ്രമാണ്. എങ്കിലും അടുത്ത സീസണിലും അദ്ദേഹം ടീമിലുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ പരുക്കേറ്റവർക്കു പകരമായി ചില താരങ്ങളെ ചെന്നൈ ടീമിലെത്തിച്ചിരുന്നു. ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ തുടങ്ങിയവരാണ് ചെന്നൈ ടീമിലെത്തിയത്. ട്രേ‍‍ഡിങ് വിൻഡോയിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈയുടെ ശ്രമം വിജയിച്ചിരുന്നില്ല.

English Summary:

IPL 2025 is approaching, and franchises are making important decisions astir subordinate retentions and releases. Key players similar Sanju Samson are nether scrutiny, with teams strategizing to optimize their squads for the upcoming season. The mini-auction day is December 15, creating anticipation among fans and teams alike.

Read Entire Article