Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 Apr 2025, 1:56 am
IPL 2025 RR vs PBKS: പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ രണ്ട് ചരിത്രനേട്ടങ്ങള്‍ കൈവരിച്ച് സഞ്ജു സാംസണ്‍ (Sanju Samson). രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം വിജയങ്ങള്‍ കൊയ്ത നായകന്‍, ഫ്രാഞ്ചൈസിക്കായി 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായും സഞ്ജു ചരിത്രത്തില്‍ ഇടംപിടിച്ചു. രണ്ട് റെക്കോഡുകള്‍ കൂടി സഞ്ജുവിന്റെ കൈയകലത്തിലുണ്ട്.
ഹൈലൈറ്റ്:
- രണ്ട് ചരിത്രനേട്ടങ്ങള്‍ കൈവരിച്ച് സഞ്ജു
- ഷെയ്ന്‍ വോണിന്റെ റെക്കോഡ് തിരുത്തി
- രണ്ട് റെക്കോഡുകള്‍ കൂടി കൈയകലത്തില്‍
ഏറെ നാളുകള്‍ക്ക് ശേഷം സഞ്ജു പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിഞ്ഞപ്പോള്‍. Photo: APസഞ്ജു സാംസണിന് ഇത് കിടിലന്‍ ബഹുമതി; കൈവരിച്ചത് ഷെയ്ന്‍ വോണിനെയും പിന്നിലാക്കിയ അപൂര്‍വ ചരിത്രനേട്ടം
2025 സീസണില്‍ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ തുടക്കംമുതല്‍ കരുത്ത്കാട്ടിയ പഞ്ചാബ് കിങ്‌സിനെ സഞ്ജുവും സംഘവും 50 റണ്‍സ് എന്ന വലിയ മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. സീസണില്‍ സഞ്ജു നായകനാവുന്ന ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. റോയല്‍സിനെ കഴിഞ്ഞ മൂന്ന് മാച്ചുകളില്‍ റിയാന്‍ പരാഗ് നയിച്ചപ്പോള്‍ ഒരു മല്‍സരത്തിലായിരുന്നു വിജയം.
https://www.instagram.com/reel/DIE0hwfOv8j/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIE0hwfOv8j/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഐപിഎല്ലില്‍ ഈ സീസണില്‍ മുള്ളന്‍പൂരില്‍ നടന്ന ആദ്യ മത്സരത്തിലാണ് റോയല്‍സ് പഞ്ചാബിനെ വിറപ്പിച്ചത്. യശസ്വി ജയ്‌സ്വാളും സഞ്ജുവും റിയാന്‍ പരാഗും ബാറ്റിങില്‍ തിളങ്ങിയപ്പോള്‍ ആദ്യ ഓവറിലെ രണ്ട് വിക്കറ്റുകള്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി. രാജസ്ഥാനു വേണ്ടി 50 വിക്കറ്റുകളും തികച്ചു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തോടെ സഞ്ജു മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ലും താണ്ടി. റോയല്‍സിനായ് സഞ്ജു കളിക്കുന്ന 150ാം മല്‍സരമായിരുന്നു ഇത്. റോയല്‍സിനായി 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായും സഞ്ജു ചരിത്രത്തില്‍ ഇടംപിടിച്ചു.
ഐപിഎല്ലില്‍ മറ്റ് രണ്ട് സുപ്രധാന വിക്കറ്റ് കീപ്പിങ് നേട്ടത്തിന് തൊട്ടരികിലാണ് സഞ്ജു. നാല് പേരെ കൂടി പുറത്താക്കാന്‍ സാധിച്ചാല്‍ ആര്‍ആറിനായി 100 വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാവുന്ന ആദ്യ താരമാവും സഞ്ജു. രണ്ട് പേരെ പുറത്താക്കിയാല്‍ ഐപിഎല്ലില്‍ 100 വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയാവാം.
2013ല്‍ ആണ് റോയല്‍സിനായി സഞ്ജുവിന്റെ അരങ്ങേറ്റം. ഫ്രാഞ്ചൈസിക്കൊപ്പം താരത്തിന്റെ 11ാമത് സീസണാണിത്. ഇത്തവണ ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിക്കുമൂലം ടീമിനെ നയിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ ടീമിനെ മികച്ച വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, രണ്ട് ചരിത്രനേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ 62 മത്സരങ്ങളില്‍ നിന്ന് 32 വിജയങ്ങള്‍ നേടി. ഫ്രാഞ്ചൈസിക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന റെക്കോഡും റോയല്‍സിനായി 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും ഒരേ മല്‍സരത്തില്‍ സഞ്ജുവിനെ തേടിയെത്തി.
ആര്‍ആറിനായി കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്മാര്‍:
- സഞ്ജു സാംസണ്‍ (62 മത്സരങ്ങള്‍, 32 വിജയം)
- ഷെയ്ന്‍ വോണ്‍ (55 മത്സരങ്ങള്‍, 31 വിജയം)
- രാഹുല്‍ ദ്രാവിഡ് (34 മത്സരങ്ങള്‍, 18 വിജയം)
- സ്റ്റീവന്‍ സ്മിത്ത് (27 മത്സരങ്ങള്‍, 15 വിജയം)
- അജിങ്ക്യ രഹാനെ (24 മത്സരങ്ങള്‍, 9 വിജയം)
ജയ്സ്വാള്‍ 45 പന്തില്‍ 67 ഉം സഞ്ജു 26 പന്തില്‍ നിന്ന് 38 ഉം റണ്‍സ് നേടി. ഇരുവരുടെയും പുറത്താകലിനുശേഷം റിയാന്‍ പരാഗ് 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടി സ്‌കോര്‍ 200 കടത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·