Curated byഗോകുൽ എസ് | Samayam Malayalam | Updated: 7 May 2025, 6:09 pm
പരിക്കേറ്റ് പുറത്തിരിക്കുന്ന രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിൽ സുപ്രധാന മാറ്റം വരാൻ സാധ്യതകൾ. ആകാംക്ഷയിൽ ആരാധകർ.
ഹൈലൈറ്റ്:
- സഞ്ജു അടുത്ത മത്സരത്തിൽ കളിച്ചേക്കും
- സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വന്നേക്കും
- റോയൽസിന്റെ അടുത്ത മത്സരം ചെന്നൈ സൂപ്പർ കിങ്സിന് എതിരെ
സഞ്ജുവും ദ്രാവിഡും (ഫോട്ടോസ്- Samayam Malayalam) സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനിൽ നിർണായക മാറ്റം വരും? അടുത്ത കളിയിൽ തിരിച്ചെത്തുമ്പോൾ പുതിയ റോളിൽ കണ്ടേക്കാം
രാജസ്ഥാൻ റോയൽസിന്റെ പ്രധാന ഓപ്പണറായിരുന്നു സഞ്ജു സാംസൺ. എന്നാൽ താരം പരിക്കേറ്റ് പുറത്തായതിന് ശേഷം കൗമാര ബാറ്റർ വൈഭവ് സൂര്യവംശിയെ റോയൽസ് ഓപ്പണിങ്ങിലേക്ക് കൊണ്ടു വന്നു. ലക്നൗവിന് എതിരായ ഐപിഎൽ അരങ്ങേറ്റത്തിൽ 34 റൺസ് നേടി തുടങ്ങിയ സൂര്യവംശി, ഗുജറാത്ത് ടൈറ്റൻസിന് എതിരെ സെഞ്ചുറി നേടി ഞെട്ടിച്ചു. ഇതിന് ശേഷമുള്ള രണ്ട് കളികളിലും താരം നിരാശപ്പെടുത്തിയെങ്കിലും തന്റെ മികവ് തെളിയിച്ചുകഴിഞ്ഞ താരത്തെ ഈ സീസണിലെ ശേഷിക്കുന്ന കളികളിലും റോയൽസ് കളിപ്പിക്കാനാണ് സാധ്യത. ഓപ്പണിങ്ങിൽ തന്നെ വൈഭവിന് അവസരം ലഭിക്കാനുള്ള സാധ്യതകളാണ് ഉയർന്നു നിൽക്കുന്നത്.
അടുത്ത കളിയിൽ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയാലും സഞ്ജു സാംസണ് ഓപ്പണിങ്ങിൽ നിന്ന് മാറേണ്ടി വരാനുള്ള സാധ്യതകൾ ഇതോടെ കൂടി. ചെന്നൈ സൂപ്പർ കിങ്സിന് എതിരെ മടങ്ങിയെത്തുന്ന സഞ്ജു മൂന്നാം നമ്പരിലേക്ക് മാറിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പരിലായിരുന്നു സഞ്ജു കളിച്ചുകൊണ്ടിരുന്നത്. മൂന്നാം നമ്പരിൽ മികച്ച റെക്കോഡും താരത്തിനുണ്ട്. യുവ താരത്തിന് വേണ്ടി ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കാൻ അതുകൊണ്ടു തന്നെ സഞ്ജുവിനും മടിയുണ്ടാകില്ല.
അതേ സമയം ഈ സീസണിൽ ഏഴ് മത്സരങ്ങൾ മാത്രമാണ് സഞ്ജു സാംസണ് കളിക്കാനായത്. ഇതിൽ 224 റൺസാണ് താരത്തിന്റെ സമ്പാദ്യം. 66, 13, 20, 38, 41, 15, 31* എന്നിങ്ങനെയാണ് ഈ സീസണിൽ സഞ്ജുവിന്റെ സ്കോറുകൾ.
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റേത്. ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ മൂന്ന് ജയങ്ങൾ മാത്രമാണ് അവർക്ക് നേടാനായത്. ആകെ ആറ് പോയിന്റ് മാത്രം നേടാനായ ടീം പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് കളികളിലും ജയം നേടി തല ഉയർത്തി സീസൺ അവസാനിപ്പിക്കുകയാവും ഇനി ടീമിന്റെ ലക്ഷ്യം.
ഈ മാസം 12 ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയും, 16 ന് പഞ്ചാബ് കിങ്സിന് എതിരെയുമാണ് ടീമിന്റെ അടുത്ത മത്സരങ്ങൾ. ഇതിൽ ചെന്നൈക്ക് എതിരായ മത്സരം ചെപ്പോക്കിലും പഞ്ചാബ് കിങ്സിന് എതിരായ അവസാന മത്സരം ഹോം ഗ്രൗണ്ടായ ജയ്പൂരിലുമാണ് രാജസ്ഥാൻ റോയൽസ് കളിക്കുക.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·