Published: August 19, 2025 07:13 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലെത്തി. വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു. ജിതേഷ് ശര്‍മയാണ് ഇന്ത്യൻ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ.
പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ എന്നിവരെ ടീമിന്റെ സ്റ്റാൻഡ് ബൈ താരങ്ങളായി നിർത്തും. നിലവിലെ ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ മാത്രമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക. യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. അഭിഷേക് ശർമ മികച്ച ഫോമിലായതു കൊണ്ടാണ് യശസ്വി ജയ്സ്വാളിനെ ടീമിൽനിന്നു മാറ്റിനിർത്തിയതെന്ന് അജിത് അഗാർക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട് ടൈം ബോളറായി ഉപയോഗിക്കാമെന്നതും അഭിഷേകിന് ഗുണമായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിയോടെയാണ് വാർത്താ സമ്മേളനം തുടങ്ങിയത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളിൽ പലരും വൈകിയാണ് ബിസിസിഐ ആസ്ഥാനത്തെത്തിയത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറാണ് ശുഭ്മൻ ഗില്ലിനെ ടീമിലെടുക്കണമെന്ന് സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ശക്തമായി വാദിച്ചത്. ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയതും ഗംഭീറിന്റെ താൽപര്യപ്രകാരമാണ്.
ജസ്പ്രീത് ബുമ്ര പേസ് ആക്രമണത്തെ നയിക്കുമ്പോൾ മുഹമ്മദ് സിറാജ് ടീമിനു പുറത്തായി. അർഷ്ദീപ് സിങ്, ഹർഷിത് റാണ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ മറ്റു പേസർമാർ. കുൽദീപ് യാദവിനൊപ്പം അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും സ്പിൻ നിരയ്ക്കു കരുത്താകും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
ട്വന്റി20 ഫോർമാറ്റിലുള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഹോങ്കോങ് ടീമുകളാണ് ബി ഗ്രൂപ്പില്‍.
English Summary:








English (US) ·