Published: January 16, 2026 09:59 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകൾക്കു മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഇത്തവണ സഞ്ജു സാംസൺ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കേട്ടല്ലോ’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നുമറിയില്ല’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡൽഹിയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് ഈ മാസം അന്തിമരൂപമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 65–70 പേരാണ് പട്ടികയിലുണ്ടാവുക. 30നു മുൻപ് ഇത് ഡൽഹിയിലേക്ക് അയയ്ക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പല സെലിബ്രറ്റി സ്ഥാനാർഥികളെയും ബിജെപി പരീക്ഷിക്കുമെന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് സഞ്ജു സാംസന്റെ പേരും ഉയർന്നത്. എന്നാൽ
പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇതു നിഷേധിക്കുകയായിരുന്നു. നടൻ ഉണ്ണി മുകുന്ദന്റെ പേരും നേരത്തെ ഉയർന്നുവന്നിരുന്നു. പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു റിപ്പോർട്ട്.
അതേസമയം, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ. 21നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്ന. 31നു പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ്. ഇതിനുശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു അംഗമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന പരിപാടിയിൽ സഞ്ജു പങ്കെടുത്തിരുന്നു.
English Summary:








English (US) ·