Published: December 30, 2025 03:44 PM IST Updated: December 30, 2025 05:14 PM IST
1 minute Read
സ്വന്തം സഞ്ജു
കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസൺ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരാംഗമായി. ഐപിഎലിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയതും ഈ വർഷം. രാജ്യാന്തര ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു.
ജോയ്ഷിത
അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമായി വയനാട് കൽപറ്റ സ്വദേശിനി വി.ജെ.ജോഷിത. പേസ് ബോളറായ താരം ടൂർണമെന്റിൽ 6 വിക്കറ്റുകൾ നേടി.
ചരിത്രം കുറിച്ച് മാളവിക
26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മലയാളി പെൺകുട്ടിയെന്ന നേട്ടം കാസർകോട് നീലേശ്വരം ബങ്കളം സ്വദേശി പി.മാളവികയ്ക്ക് സ്വന്തമായത് ഈ വർഷം. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ അംഗമായ മാളവിക മംഗോളിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾ നേടി.
കിരീടത്തോളം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച് കേരളം. ഫെബ്രുവരിയിൽ നാഗ്പുരിൽ നടന്ന ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ചാംപ്യൻമാരായി.
അസ്സൽമാൻ
രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡുകൾക്കു മുകളിൽ നിൽക്കുന്ന വെടിക്കെട്ട് പ്രകടനവുമായി സൽമാൻ നിസാർ കരുത്തുകാട്ടി. കേരള ക്രിക്കറ്റ് ലീഗിലായിരുന്നു (കെസിഎൽ) 26 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ സൽമാന്റെ വിസ്മയ ബാറ്റിങ്. ഇന്നിങ്സിലെ അവസാന 12 പന്തിൽ 11 സിക്സർ പറത്തിയ സൽമാൻ ഒരു ഓവറിൽ 6 സിക്സ് ഉൾപ്പെടെ നേടിയത് 40 റൺസ്.
വിജയത്തിന്റെ ട്രാക്ക്
ഈ വർഷത്തെ ദേശീയ സ്കൂൾ അത്‌ലറ്റിക് ചാംപ്യൻഷിപ്പുകളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചാംപ്യൻമാരായി കേരളത്തിന്റെ സമ്പൂർണ ആധിപത്യം. 3 പ്രായവിഭാഗങ്ങളിലായി ദേശീയ സ്കൂൾ മീറ്റ് വിഭജിച്ചശേഷം കേരളം സമ്പൂർണ കിരീടം നേടുന്നത് ഇതാദ്യം.
അഫ്സലിന്റെ കുതിപ്പ്
പുരുഷ 800 മീറ്ററിലെ ദേശീയ റെക്കോർഡ് ഈ വർഷം 2 തവണ തിരുത്തി പാലക്കാട് ഒറ്റപ്പാലം സ്വദേശി പി.മുഹമ്മദ് അഫ്സൽ. 800 മീറ്റർ 1.45 മിനിറ്റിൽ താഴെ സമയത്തിൽ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അഫ്‍സലിന് സ്വന്തമായി.
English Summary:








English (US) ·