സഞ്ജുവിനായി കൊല്‍ക്കത്തയുടെ ഓഫര്‍, താരങ്ങളെ വിട്ടുകൊടുക്കാതെ ചെന്നൈ, റിപ്പോര്‍ട്ട്

5 months ago 5

sanju

സഞ്ജു സാംസണും സന്ദീപ് ശർമയും |ഫോട്ടോ:AP

കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണെ റാഞ്ചാന്‍ ഐപിഎല്‍ ടീമുകള്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഏതുവിധേനയും താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ നീങ്ങുന്നത്. പ്ലെയര്‍ ട്രേഡിങ്ങിലൂടെയോ ലേലത്തിലൂടെയോ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ട്രേഡിങ്ങിലൂടെ സഞ്ജുവിനെ തട്ടകത്തിലെത്തിക്കാന്‍ പുതിയ ഓഫര്‍ കൊല്‍ക്കത്ത മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ആനന്ദബസാര്‍ പത്രികയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് താരങ്ങളെയാണ് ട്രേഡ് ഡീലില്‍ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്ത ശ്രമിക്കുന്നത്. അങ്ക്രിഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നിവരില്‍ ഏതെങ്കിലും ഒരു താരത്തെ രാജസ്ഥാന് കൈമാറി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് കെകെആര്‍ പദ്ധതിയിടുന്നത്.

സഞ്ജുവിന് 18 കോടി രൂപയാണ് രാജസ്ഥാന്‍ നല്‍കുന്നത്. എന്നാല്‍ കൊല്‍ക്കത്ത താരങ്ങള്‍ക്ക് അത്രയും ഉയര്‍ന്ന മൂല്യമില്ല. രഘുവംശിക്ക് 3 കോടിയും രമണ്‍ദീപിന് നാല് കോടിയുമാണ് മൂല്യം. അതിനാല്‍ ഒരു താരത്തിനൊപ്പം പണവും ഉള്‍പ്പെടുത്തിയാകും ട്രേഡ് ഡീല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ രാജസ്ഥാന്‍ നിബന്ധന മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈ താരങ്ങളെ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ ട്രേഡ് ഡീലില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. പക്ഷേ ചെന്നൈ ഇതിന് ഒരുക്കമല്ല.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സീസണില്‍ പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടീമില്‍ സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. ടി20-യില്‍ സാധാരണ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി സഞ്ജുവിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.

Content Highlights: KKR To Make Stunning Offer In IPL Trade Move For Sanju Samson

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article