Published: June 24 , 2025 07:49 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ കളിക്കുമോ ഇല്ലയോ എന്നതിൽ വൻ ചർച്ചയാണ് ആരാധകർക്കിടയിൽ നടക്കുന്നത്. ഐപിഎലിനു ശേഷം അവധിക്കാലം ആഘോഷിക്കാനായി യുഎസിലേക്കു പോയ സഞ്ജു ഇപ്പോൾ ലൊസാഞ്ചലസിലാണുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജുവിനെ വാങ്ങാനാണ് ചെന്നൈ ശ്രമിക്കുന്നത്.
ലേലത്തിൽ വന്നാൽ സഞ്ജുവിനെ സ്വന്തമാക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താൽപര്യമുണ്ട്. അതിനിടെ സഞ്ജു ചെന്നൈയിലേക്കു തന്നെയെന്നു സൂചിപ്പിക്കുന്ന മറ്റൊരു ‘സിഗ്നലും’ ആരാധകർക്കു ലഭിച്ചിട്ടുണ്ട്. സഞ്ജു പങ്കുവച്ച ചിത്രത്തിന് രാജസ്ഥാൻ റോയൽസിന്റെ മുൻ ഫിറ്റ്നസ് പരിശീലകനായ രാജാമണി പ്രഭു ഇട്ട കമന്റാണ് ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയത്. റിയൽ സ്റ്റാർ എന്നും ‘മഞ്ഞ നിറത്തിലുള്ള ഹാർട്ടുമാണ്’ രാജാമണി കമന്റായി ഇട്ടത്.
താരത്തിന്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ടാണ് രാജാമണി പ്രഭു ഇങ്ങനെ പ്രതികരിച്ചതെന്നാണ് ആരാധകരുടെ വാദം. തമിഴ്നാട് സ്വദേശിയായ രാജാമണി സഞ്ജുവിന്റെ അടുത്ത സുഹൃത്തു കൂടിയാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിന് കഴിഞ്ഞ സീസണിൽ പരുക്കു കാരണം മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. സഞ്ജു പുറത്തിരുന്നപ്പോൾ റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്താൻ രാജസ്ഥാനു സാധിച്ചിരുന്നില്ല.
എം.എസ്. ധോണി ഐപിഎൽ കരിയര്‍ അവസാനിപ്പിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് പുതിയ വിക്കറ്റ് കീപ്പറെ അന്വേഷിക്കേണ്ടിവരും. സഞ്ജു ടീമിലെത്തിയാൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും മറ്റൊരാളെ തേടേണ്ടതില്ല എന്നതാണ് ചെന്നൈയുടെ താൽപര്യത്തിനു പിന്നിൽ. ട്വന്റി20 ക്രിക്കറ്റില്‍ തകർപ്പൻ ഫോമിലുള്ള സഞ്ജുവിനെ സ്വന്തമാക്കണമെങ്കിൽ ചെന്നൈ വൻ തുക തന്നെ മുടക്കേണ്ടിവരും.
English Summary:








English (US) ·