Published: August 18, 2025 05:15 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസണെ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ബാറ്ററായി ഇറക്കരുതെന്നു നിർദേശിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച ഫോമിലുള്ള അഭിഷേക് ശർമയ്ക്കൊപ്പം സായ് സുദർശൻ, വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ എന്നിവരിൽ ഒരാൾ ഇറങ്ങണമെന്നാണ് ശ്രീകാന്തിന്റെ ആവശ്യം. കഴിഞ്ഞ ഐപിഎലിൽ തിളങ്ങിയ താരങ്ങളെ ഓപ്പണറാക്കിയ ശേഷം സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിൽ തിളങ്ങാന്‍ മലയാളി താരത്തിനു സാധിച്ചിരുന്നില്ല. ഇതോടെയാണു സഞ്ജുവിനു പകരം പുതിയ താരത്തെ പരീക്ഷിക്കണമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് നിലപാടെടുത്തത്. ‘‘ഇംഗ്ലണ്ടിനെതിരെ ഷോർട്ട് ബോളുകൾ നേരിടുന്നതിൽ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സഞ്ജു ഓപ്പണിങ് ബാറ്ററാകരുത്. ഞാൻ സിലക്ടർ ആയിരുന്നെങ്കിൽ അഭിഷേക് ആയിരിക്കും ഒന്നാം നമ്പർ ബാറ്റർ. അഭിഷേകിനൊപ്പം വൈഭവ് സൂര്യവംശിയോ, സായ് സുദർശനോ ഇറങ്ങണം.’’– ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.
‘‘വൈഭവ് സൂര്യവംശിയെ 15 അംഗ ടീമിൽ ഉൾപ്പെടുത്തുക. ട്വന്റി20 ലോകകപ്പിലും വൈഭവിനെ കളിപ്പിക്കണം. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. സായ് സുദർശനും യശസ്വി ജയ്സ്വാളും ഐപിഎലില്‍ നന്നായി കളിച്ചവരാണ്. ഇവരിൽ ആരെങ്കിലും ഓപ്പണിങ് ബാറ്ററാകട്ടെ. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണും ജിതേഷ് ശർമയും തമ്മിലാകും മത്സരം.’’– ശ്രീകാന്ത് പ്രതികരിച്ചു. ട്വന്റി20യിൽ 31 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസണ്‍ മൂന്നു സെഞ്ചറികളുൾപ്പടെ 908 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.
English Summary:








English (US) ·