Published: November 02, 2025 10:35 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മിനിലേലത്തിനു മുൻപായി ക്യാപ്റ്റൻ സഞ്ജു സാംസണെ ഡൽഹി ക്യാപിറ്റൽസിനു കൈമാറാൻ നീക്കം തുടങ്ങി രാജസ്ഥാൻ റോയൽസ്. ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സിനെ സഞ്ജുവിനു പകരക്കാരനായി സ്വന്തമാക്കാനാണ് രാജസ്ഥാന്റെ ശ്രമം. നവംബർ 15ന് മുൻപ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ ഐപിഎൽ സംഘാടകർക്കു കൈമാറേണ്ടതുണ്ട്. അതിനു മുൻപ് താരക്കൈമാറ്റം പൂർത്തിയാക്കും.
മുൻ താരം കൂടിയായ സഞ്ജുവിനെ ടീമിലേക്കു തിരികെയെത്തിക്കാൻ ഡൽഹിക്കും താൽപര്യമുണ്ട്. സഞ്ജുവിന്റെ ആരാധക പിന്തുണയും ഡൽഹി ക്യാപിറ്റൽസ് കണക്കിലെടുക്കുന്നുണ്ട്. സഞ്ജുവിനെ വിട്ടു നൽകുമ്പോൾ പകരക്കാരനായി കെ.എൽ. രാഹുലിനെ വേണമെന്നായിരുന്നു രാജസ്ഥാന്റെ നിലപാട്. എന്നാൽ കഴിഞ്ഞ സീസണിൽ ഡൽഹിയുടെ പ്രധാന താരമായ രാഹുലിനെ വിട്ടുകൊടുക്കാൻ ഫ്രാഞ്ചൈസി തയാറായില്ല. ഇതോടെയാണ് ട്രിസ്റ്റൻ സ്റ്റബ്സിനെ പരിഗണിച്ചത്. സ്റ്റബ്സിനൊപ്പം ഒരു അൺകാപ്‍ഡ് താരത്തെകൂടി വേണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഇതും ഡൽഹി അംഗീകരിച്ചിട്ടില്ല.
അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ താൽപര്യമില്ലെന്ന് സഞ്ജു അറിയിച്ചതോടെ, മാസങ്ങളായി താരക്കൈമാറ്റത്തിനുള്ള ചർച്ചകളിലാണ് രാജസ്ഥാൻ. നേരത്തേ ചെന്നൈ സൂപ്പർ കിങ്സിന് സഞ്ജുവിനെ കൈമാറാൻ ശ്രമിച്ചെങ്കിലും, രാജസ്ഥാൻ പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജയെയായിരുന്നു. ഇതോടെ തുടക്കത്തിൽ തന്നെ ചർച്ചകൾ മുടങ്ങി.
അതേസമയം കെ.എൽ. രാഹുലിനെ ഡൽഹിയിൽനിന്ന് സ്വന്തമാക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താൽപര്യമുണ്ട്. കൊൽക്കത്തയുടെ പുതിയ പരിശീലകൻ അഭിഷേക് നായർക്കും രാഹുലിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ട്. പക്ഷേ രാഹുലിനു പകരം നൽകാൻ മികച്ചൊരു താരം നിലവിൽ കൊൽക്കത്തയ്ക്ക് ഇല്ലെന്നതാണു സത്യം.
English Summary:








English (US) ·