Published: August 30, 2025 02:22 PM IST Updated: August 30, 2025 02:50 PM IST
1 minute Read
ജയ്പൂർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിൽ നാടകീയ നീക്കങ്ങൾ. പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽനിന്ന് ഇറങ്ങി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ്ബ് വിട്ടത്. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിലായിരിക്കും രാജസ്ഥാൻ കളിക്കാനിറങ്ങുക. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അടുത്ത ഐപിഎലിൽ രാജസ്ഥാൻ റോയൽസിൽ കളിക്കാനില്ലെന്ന് സഞ്ജു സാംസൺ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ക്യാപ്റ്റന്‍ സഞ്ജുവിനു വാങ്ങാനായി നീക്കം നടത്തിയിരുന്നെങ്കിലും രാജസ്ഥാനുമായി കരാറിലെത്താൻ സാധിച്ചിരുന്നില്ല. സഞ്ജുവിന്റെ ഫ്രാഞ്ചൈസി മാറ്റത്തിൽ ചർച്ചകൾ സജീവമായിരിക്കെയാണ് ദ്രാവിഡിന്റെ ടീം വിടലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഐപിഎലിൽ ദ്രാവിഡ് നടപ്പാക്കിയ ചില പരിഷ്കാരങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സര ശേഷമുള്ള ടീം മീറ്റിങ്ങുകളിൽ സഞ്ജു മാറിനിൽക്കുന്ന ദൃശ്യങ്ങളും വൻ ചർച്ചയ്ക്കാണു വഴി തുറന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡ്, 2024 ൽ ട്വന്റി20 ലോകകപ്പ് വിജയിച്ചതിനു പിന്നാലെയാണ് വീണ്ടും രാജസ്ഥാൻ റോയൽസിലെത്തുന്നത്. ഐപിഎലിൽ രാജസ്ഥാന്റെ ക്യാപ്റ്റനായും മെന്ററായും ദ്രാവിഡ് മുൻപ് പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ 14 ഐപിഎൽ മത്സരങ്ങൾ കളിച്ച രാജസ്ഥാൻ നാല് വിജയങ്ങൾ മാത്രമാണു നേടിയത്. 10 കളികൾ ടീം തോറ്റു. എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്കു ടീം വീഴാൻ കാരണം ദ്രാവിഡിന്റെ ചില തന്ത്രങ്ങളാണെന്നു നേരത്തേ വിമർശനങ്ങളുയർന്നിരുന്നു. കഴിഞ്ഞ സീസണില്‍ ഒൻപതു മത്സരങ്ങൾ മാത്രമാണ് സഞ്ജു രാജസ്ഥാനിൽ കളിച്ചത്. സഞ്ജു പരുക്കേറ്റു പുറത്തായപ്പോൾ റിയാൻ പരാഗിനെ ക്യാപ്റ്റനാക്കി നോക്കിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
English Summary:








English (US) ·