Published: August 19, 2025 04:27 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം ഏറക്കുറെ ഉറപ്പാണെങ്കിലും ഓപ്പണിങ് കൂട്ടുകെട്ടിന്റെ കാര്യത്തിൽ ‘സസ്പെൻസ്’ തുടർന്ന് ബിസിസിഐ. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ചീഫ് സിലക്ടർ അജിത് അഗാര്‍ക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളും കളിക്കാത്തതുകൊണ്ടാണ് സഞ്ജു– അഭിഷേക് ശർമ സഖ്യത്തെ ഓപ്പണിങ്ങിൽ പരീക്ഷിച്ചതെന്നും അഗാർക്കർ വ്യക്തമാക്കി.
യുഎഇയിലേക്കു പോയി ഇന്ത്യൻ ടീം പരിശീലനം തുടങ്ങിയതിനു ശേഷമായിരിക്കും ഓപ്പണർമാരെ തീരുമാനിക്കുകയെന്നാണ് ബിസിസിഐയുടെ നിലപാട്. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശർമയെ ഓപ്പണിങ് പൊസിഷനിൽനിന്നു മാറ്റാൻ സാധ്യതയില്ല. ഗില്ലിനെ ഓപ്പണറാക്കാൻ പരിശീലകൻ ഗംഭീർ തീരുമാനിച്ചാൽ സഞ്ജു സ്വാഭാവികമായും താഴേക്ക് ഇറങ്ങേണ്ടിവരും.
‘‘ഗില്ലും സഞ്ജുവും അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ് ഇറക്കാൻ പറ്റിയ താരങ്ങളാണ്. ഇന്ത്യൻ ടീം ദുബായിലെത്തിയ ശേഷം പരിശീലകനും ടീം ക്യാപ്റ്റനും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.’’– അജിത് അഗാർക്കർ പ്രതികരിച്ചു. ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടീമിലേക്കു തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പറഞ്ഞു.
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം നടന്ന പരമ്പരകളിലെല്ലാം അഭിഷേക് ശർമയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ഒടുവിൽ കളിച്ച പത്ത് മത്സരങ്ങളിൽ മൂന്നു സെഞ്ചറികൾ സ്വന്തമാക്കിയ സഞ്ജു മികച്ച ഫോമിലാണ്. ഓപ്പണറുടെ സ്ഥാനം നഷ്ടമായാൽ വൺ ഡൗണായിട്ടായിരിക്കും സഞ്ജു കളിക്കാനിറങ്ങുക. അല്ലെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു ശേഷം അഞ്ചാമനായും കളിക്കാൻ സാധിക്കും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
English Summary:








English (US) ·