Published: September 11, 2025 08:51 PM IST
1 minute Read
ദുബായ്∙ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും ബാറ്റിങ്ങിൽ മധ്യനിരയിലേക്കു മാറ്റിയത് മലയാളി താരം സഞ്ജു സാംസണിനുള്ള മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ബാറ്റിങ് പൊസിഷനിൽ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു ഇറക്കിയത് ശ്രേയസ്സ് അയ്യർക്കു ടീമിലേക്കു വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്നു ശ്രീകാന്ത് പറഞ്ഞു.
‘‘സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിപ്പിക്കുന്നതിലൂടെ, ശ്രേയസ് അയ്യർക്ക് ടീമിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കുകയാണെന്ന് എനിക്ക് തോന്നുന്നു. സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടതുമില്ല. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കെടുത്തിക്കളയും. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ അസന്തുഷ്ടനാണ്. ഇത് അദ്ദേഹത്തിന്റെ അവസാന അവസരമാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ഈ സ്ഥാനത്ത് അടുത്ത മൂന്ന് ഇന്നിങ്സുകളിൽ അദ്ദേഹം റൺസ് നേടിയില്ലെങ്കിൽ, ശ്രേയസ് അയ്യർ പകരക്കാരനാകും.’’– ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘‘സഞ്ജു സാംസണെ അവർ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. അവർ അദ്ദേഹത്തെ ഫിനിഷറായി ഉപയോഗിക്കുമോ? ഇല്ല. അത് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമായിരിക്കും. അപ്പോൾ സാംസൺ അഞ്ചാം സ്ഥാനത്ത് കളിക്കും. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ? അതൊരു ചോദ്യചിഹ്നമാണ്. ജിതേഷ് ശർമയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കുകയാണ്. ഏഷ്യാ കപ്പിൽ കുഴപ്പമില്ല, പക്ഷേ ട്വന്റി20 ലോകകപ്പിൽ എന്ത് സംഭവിക്കും?’’– അദ്ദേഹം ചോദിച്ചു
ഇന്ത്യയ്ക്കായി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത് സഞ്ജു ഇതുവരെ നേടിയത് 20.62 ശരാശരിയിൽ 62 റൺസാണ്. ഓപ്പണറായിട്ടുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ കുറവാണ്. ഓപ്പണറായി 11 ഇന്നിങ്സുകളിൽ നിന്ന് 32.63 ശരാശരിയിൽ 522 റൺസ് സഞ്ജു നേടിയിട്ടുണ്ട്. അതിൽ മൂന്നു സെഞ്ചറികളും ഉൾപ്പെടുന്നു. പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച യുഎഇക്കെതിരായ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഓപ്പണർമാരായി അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഇറങ്ങിയപ്പോൾ മൂന്നാമനായി ഇറങ്ങിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്.
∙ ‘ട്വന്റി20 ലോകകപ്പ് കിട്ടില്ല’അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം കിട്ടാനുള്ള സാധ്യത കുറവാണെന്നും ശ്രീകാന്ത് പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ. ഇതിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് ഏഷ്യ കപ്പ് മത്സരങ്ങൾ ട്വന്റി20 ഫോർമാറ്റിൽ നടത്തുന്നത്. ഈ ടീമിനെയും വച്ച് ഏഷ്യ കപ്പ് നേടിയേക്കാമെന്നും എന്നാൽ ലോകകപ്പ് കിട്ടാൻ സാധ്യതയില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
‘‘ഈ ടീമുമായി ഏഷ്യാ കപ്പ് നേടാം. പക്ഷേ ടി20 ലോകകപ്പ് നേടാനുള്ള സാധ്യതയില്ല. ഈ ടീമിനെ ലോകകപ്പിലേക്ക് കൊണ്ടുപോകുമോ? കഷ്ടിച്ച് ആറ് മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പിനുള്ള തയാറെടുപ്പാണോ ഇത്? അവർ ഒരുപാട് പിന്നിലാണ്. അക്ഷർ പട്ടേലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ എന്നിവരെ എങ്ങനെയാണ് ടീമിലെടുത്തതെന്ന് എനിക്കറിയില്ല. ഐപിഎൽ ആണ് തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. പക്ഷേ സെലക്ടർമാർ അതിനുമുമ്പുള്ള പ്രകടനങ്ങൾ പരിഗണിച്ചതായി തോന്നുന്നു.’’– ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
English Summary:








English (US) ·