
Photo: mathrubhumi archives
മുംബൈ: സഞ്ജു സാംസണ് ഇത്തവണ പ്ലേയിങ് ഇലവനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിനെ പോലൊരു താരത്തെ പ്ലേയിങ് ഇലവന് പുറത്തുനിര്‍ത്താനാകില്ലെന്നും സഞ്ജുവിനെ പോലെ കഴിവുള്ള ഒരു താരം 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ഗാവസ്‌ക്കര്‍ ആവശ്യപ്പെട്ടു.
ഏഷ്യാ കപ്പ് ടീമില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ കളിക്കുന്ന കാര്യത്തെക്കുറിച്ചും താരത്തിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗാവസ്‌ക്കറുടെ നിരീക്ഷണം. ''സഞ്ജു സാംസണെ പോലെ ഒരാളെ നിങ്ങള്‍ക്ക് ബെഞ്ചിലിരുത്താനാകില്ല. അദ്ദേഹം നിങ്ങളുടെ കോര്‍ ടീമിന്റെ ഭാഗമാണെങ്കില്‍, കളിക്കണം. അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാം. അല്ലെങ്കില്‍ ആവശ്യമെങ്കില്‍, ഒരു ഫിനിഷറായും ഇറങ്ങാം.'' - ഗാവസ്‌ക്കര്‍ വ്യക്തമാക്കി.
ശുഭ്മാന്‍ ഗില്‍ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജിതേഷ് ശര്‍മയ്ക്കു ശേഷമാണ് സഞ്ജുവിന്റെ പേര് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷിന് അവസരം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇക്കാര്യത്തോടെ ഗാവസ്‌ക്കര്‍ പ്രതികരിച്ചു.
പ്ലേയിങ് ഇലവനിലെത്താന്‍ ജിതേഷിനേക്കാള്‍ മുന്‍ഗണന സഞ്ജുവിന് ലഭിക്കുമെന്നാണ് ഗാവസ്‌ക്കറുടെ അഭിപ്രായം. ''ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും ജിതേഷിനേക്കാള്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് എന്റെ തോന്നല്‍, തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന സമയങ്ങളില്‍ അദ്ദേഹത്തിന്റെ ഫോം എന്താണെന്നതിനെ ആശ്രയിച്ച്, ആര് കളിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ സഞ്ജുവിനെപ്പോലെ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍, നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല,'' - ഗാവസ്‌ക്കര്‍ വ്യക്തമാക്കി.
സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ ഇന്ത്യ മധ്യനിര ബാറ്ററായ തിലക് വര്‍മയെ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷറായി ഉപയോഗിച്ചേക്കാമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മൂന്നാം സ്ഥാനത്ത് സാംസണെ കളിപ്പിക്കാനും അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷറായി തിലകിനെ കളിപ്പിക്കാനും അവര്‍ ആലോചിക്കുന്നുണ്ടാകാം. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ബാറ്റ് ചെയ്യാന്‍ സാധ്യതയുള്ള ഹാര്‍ദിക്കും അവിടെയുണ്ട്,'' അദ്ദേഹം പറഞ്ഞു.
Content Highlights: Sunil Gavaskar believes Sanju Samson deserves a accordant spot successful India`s playing XI








English (US) ·