Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 8 Apr 2025, 6:32 pm
രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സഞ്ജു സാംസണിന്റെ (Sanju Samson) ട്രാക്ക് റെക്കോഡ് മികച്ചതാണ്. പ്രതിഭയും നേതൃപാടവുമുള്ള ക്രിക്കറ്ററായി അദ്ദേഹം അവരോധിക്കപ്പെട്ടു. ഇത്തവണ റോയല്‍സിനെ നയിച്ച ആദ്യ മാച്ചില്‍ തന്നെ വിജയിച്ച് സഞ്ജു തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സഞ്ജു സാംസണ്രാജസ്ഥാന് റോയല്‍സിനായി 4,000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്മാന്‍, ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍, ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം എന്നീ റെക്കോഡുകള്‍ ഈയിടെ സ്വന്തമാക്കിയ സഞ്ജു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ മറ്റൊരു ചരിത്രനേട്ടവും കുറിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് ടി20ഐകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡാണിത്.
സഞ്ജുവിനെ കാത്ത് വമ്പന്‍ റെക്കോഡ്..! ഇന്ത്യയുടെ എട്ട് എലൈറ്റ് താരങ്ങളിലേക്ക്; വേണ്ടത് 19 റണ്‍സ് മാത്രം
ഐപിഎല്‍ 2025 സീസണിന് മുമ്പ് ചൂണ്ടുവിരലിന് പൊട്ടലുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്‌തെങ്കിലും എല്ലാ മല്‍സരങ്ങളിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിഞ്ഞു. ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പര്‍ സ്ഥാനവും ആദ്യ മൂന്ന് മാച്ചുകളില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രം. ആദ്യ രണ്ട് മാച്ചുകളില്‍ തോറ്റ റോയല്‍സ് അവസാന രണ്ട് മല്‍സരങ്ങളില്‍ വിജയിച്ച് മുന്നോട്ട് കുതിക്കുകയാണ്.
ടി20 ക്രിക്കറ്റില്‍ 7,500 റണ്‍സ് എന്ന നേട്ടമാണ് ഇപ്പോള്‍ സഞ്ജുവിന്റെ കൈയകലത്തിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. ഈ മല്‍സരത്തില്‍ 19 റണ്‍സ് നേടിയാല്‍ നാഴികക്കല്ല് പിന്നിടാം.
ഐപിഎല്‍ ഉള്‍പ്പെടെ 299 ടി20 മത്സരങ്ങളില്‍ 286 ഇന്നിങ്സുകളില്‍ നിന്നായി 7,481 റണ്‍സ് ആണ് സഞ്ജുവിന്റെ നിലവിലെ സമ്പാദ്യം. ആറ് സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് സഞ്ജു ഇത്രയും റണ്‍സ് നേടിയത്. 33 മത്സരങ്ങളില്‍ പുറത്താവാതെ നിന്നു. ഈ സീസണില്‍ ആദ്യ നാല് മത്സരങ്ങളില്‍ സഞ്ജു നേടിയത് 137 റണ്‍സാണ്.
ഇതുവരെ ഏഴ് ഇന്ത്യക്കാര്‍ മാത്രമാണ് ടി20 മത്സരങ്ങളില്‍ 7,500 റണ്‍സ് നേടിയത്. എലൈറ്റ് ക്ലബ്ബില്‍ എട്ടാമനായി ഉടന്‍ തന്നെ മലയാളി താരവും ഇടംപിടിക്കും. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മറ്റുള്ളവര്‍. വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ടി20 യില്‍ 10,000ത്തിലധികം റണ്‍സുണ്ട്. 30കാരനായ സഞ്ജുവിന് നിലവിലെ ഫോം തുടര്‍ന്നാല്‍ ഈ നേട്ടത്തിലെത്താം.
ഐപിഎല്ലില്‍ റോയല്‍സിനെ സഞ്ജു ഫൈനലില്‍ എത്തിച്ചിട്ടുണ്ടെങ്കിലും കിരീടം കിട്ടാക്കനിയാണ്. 61 മത്സരങ്ങളില്‍ റോയല്‍സിനെ നയിച്ച സഞ്ജു 31 വിജയങ്ങള്‍ നേടി. 29 തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഒരു മത്സരം ഫലം കണ്ടില്ല. 50.82 ആണ് വിജയശതമാനം. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണ്‍ 2024 ഐപിഎല്‍ ആയിരുന്നു. 48.27 ശരാശരിയിലും 153.46 സ്‌ട്രൈക്ക് റേറ്റിലും 531 റണ്‍സ് നേടുകയുണ്ടായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·