സഞ്ജുവിനെ കൈവിടരുത്, ടീം തന്നെ കൈവിട്ടുപോകും; പരാഗിനെ ക്യാപ്റ്റനാക്കാനാണെങ്കിൽ ഒന്നും പറയാനില്ല: മുന്നറിയിപ്പുമായി മുൻ താരം

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 10, 2025 08:12 AM IST

1 minute Read

 X@RR
രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസണും റിയാൻ പരാഗും. Photo: X@RR

ചെന്നൈ∙ ക്യാപ്റ്റൻ കൂടിയായ മലയാളി താരം സഞ്ജു സാംസണിനെ കൈവിട്ടുകളയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് രാജസ്ഥാൻ റോയൽസിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പുതിയ സീസണിനു മുന്നോടിയായി സഞ്ജുവിനെ റിലീസ് ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാകും നല്ലതെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. ടീം വിടാനുള്ള താൽപര്യം സഞ്ജു ടീം മാനേജ്മെന്റിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾ സഞ്ജുവിനായി രംഗത്തുണ്ടെന്നാണ് സൂചന.

സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്താൽ, അത് അവരുടെ ടീം ബാലൻസിനെത്തന്നെ ബാധിക്കുമെന്നാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്. അത് രാജസ്ഥാന് ഒരു തരത്തിലും ഗുണകരമാകില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

‘‘രാഹുൽ ദ്രാവിഡും സഞ്ജു സാംസണും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകളിൽനിന്ന് മനസിലാകുന്നത്. അതേക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല. പക്ഷേ, ഒരു ടീമിന്റെ ഭാഗത്തുനിന്ന് ഇതിനെ ഒന്നു നോക്കൂ. വലിയൊരു തുക നൽകിയാണ് അവർ സഞ്ജുവിനെ നിലനിർത്തിയത്. സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തിരിക്കുന്നതും. പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താൽ ടീമിന് എന്തു സംഭവിക്കും? ബാലൻസ് മുഴുവൻ പോകില്ലേ? 2008നു ശേഷം ഐപിഎൽ കിരീടം നേടാത്ത ടീമാണ് രാജസ്ഥാൻ എന്ന് ഓർക്കണം’ – ശ്രീകാന്ത് പറഞ്ഞു.

‘‘അതിനു ശേഷം അവർ ഫൈനൽ വരെ എത്തിയിട്ടുണ്ട്. ഞാനാണെങ്കിൽ സഞ്ജുവിനെ പോകാൻ അനുവദിക്കില്ല. റിയാൻ പരാഗിനെ ക്യാപ്റ്റനാക്കാനാണ് ശ്രമമെങ്കിൽ, അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അത് അവരുടെ താൽപര്യമാണ്. എങ്കിൽക്കൂടി ഞാൻ സഞ്ജുവിനെ ബാറ്ററായി ടീമിൽ നിലനിർത്തും. 18 കോടി രൂപ നൽകിയ താരമല്ലേ സഞ്ജു’ – ശ്രീകാന്ത് ചോദിച്ചു.

രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നാലും സഞ്ജു സാംസൺ അവിടെ അനുയോജ്യനായിരിക്കുമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

‘‘സഞ്ജു വളരെ മികച്ച താരമാണ്. ചെന്നൈയിൽ ആരാധകർക്ക് വളരെ പ്രിയമുള്ളയാളുമാണ്. അവിടെ സഞ്ജുവിന് സ്വന്തമായി ഒരു ഫാൻബേസുണ്ട്. രാജസ്ഥാൻ വിടുന്ന സാഹചര്യം വന്നാൽ, സഞ്ജുവിനെ ചെന്നൈയിൽ ഉൾപ്പെടുത്താൻ മുൻകയ്യെടുക്കുന്ന ആദ്യത്തെയാൾ ഞാനായിരിക്കും’ – ശ്രീകാന്ത് പറഞ്ഞു.

‘‘എം.എസ്.ധോണിയുടെ പിൻഗാമിയാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയും സഞ്ജുവാണ്. ധോണി ഒരുപക്ഷേ ഈ സീസണിൽക്കൂടി കളിച്ചേക്കും. അതിനുശേഷം തലമുറമാറ്റത്തിന് അരങ്ങൊരുങ്ങുമ്പോൾ സഞ്ജു തന്നെയാണ് ഏറ്റവും അനുയോജ്യൻ. ഋതുരാജ് ഗെയ്‌ക്‌വാദിനെ ക്യാപ്റ്റനാക്കാൻ ചെന്നൈ ഇതിനകം തീരുമാനിച്ചു കഴിഞ്ഞെങ്കിൽ, അതിൽത്തന്നെ ഉറച്ചുനിൽക്കുന്നതാകം ഉചിതം’ – ശ്രീകാന്ത് പറഞ്ഞു.

English Summary:

Samson's merchandise by Rajasthan Royals could pb to catastrophic ramifications, says erstwhile player

Read Entire Article