സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങൾക്ക് കനത്ത വെല്ലുവിളി; മലയാളി താരത്തിനായി കൂടുതൽ ടീമുകൾ രംഗത്ത്!

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 01 , 2025 05:22 PM IST

1 minute Read

 AFP
സഞ്ജു സാംസൺ (ഫയൽ ചിത്രം, എഎഫ്‌പി)

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 19–ാം സീസണിനു മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങളായി തള്ളാൻ വരട്ടെ! രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജുവിനെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ രംഗത്തുണ്ടെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താൽപര്യം ചെന്നൈ സൂപ്പർ കിങ്സിന്റെ തന്നെ പ്രതിനിധിയെ ഉദ്ധരിച്ച് ‘ക്രിക്ബസ്’ സ്ഥിരീകരിക്കുകയും ചെയ്തു. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് എന്നതായിരുന്നു ഇതുവരെയുള്ള അഭ്യൂഹങ്ങളെങ്കിൽ, മലയാളി താരത്തിനായി കൂടുതൽ ടീമുകൾ രംഗത്തുണ്ടെന്നാണ് ഈ  റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഏതൊക്കെ ടീമുകളാണ് രംഗത്തുള്ളത് എന്ന് പേരെടുത്തു പരാമർശിക്കുന്നുമില്ല.

സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തിൽ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി ബന്ധപ്പെട്ട, പേരു വെളിപ്പെടുത്താൻ തയാറാകാത്ത സ്രോതസിനെ ഉദ്ധരിച്ച് പ്രസ്തുത മാധ്യമം റിപ്പോർട്ട് ചെയ്തത്.

‘‘തീർച്ചയായും സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ട്. വിക്കറ്റ് കീപ്പറും ഓപ്പണറും എന്നതിലുപരി അദ്ദേഹം ഇന്ത്യൻ താരം കൂടിയാണ്. സഞ്ജുവിനെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ ശ്രമിക്കും. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിന് പകരം ആരെ കൊടുക്കും എന്നതിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. ചർച്ചകൾ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. പക്ഷേ സഞ്ജുവിനെ സ്വന്തമാക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ട് എന്നത് വാസ്തവമാണ്’ – സിഎസ്കെ പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് പകരം ആരെ നൽകുമെന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ടീമിനെ നയിച്ച ഋതുരാജ് ഗെയ്‌ക്‌വാദാണ് സഞ്ജുവിനൊത്ത തുകയ്ക്ക് ചെന്നൈ നിലനിർത്തിയ താരം. എന്നാൽ ഗെയ്ക്‌വാദിനെ ദീർഘകാലാടിസ്ഥാനത്തിലാണ് നായകസ്ഥാനത്തേക്ക് നിയോഗിച്ചതെന്നാണ് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് മുൻപ് വിശദീകരിച്ചത്.

ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുന്നിട്ടിറങ്ങിയ ട്രേഡുകൾ തീർത്തും കുറവാണ്. 2021 സീസണിൽ റോബിൻ ഉത്തപ്പയെ രാജസ്ഥാൻ റോയൽസിൽനിന്ന് സ്വന്തമാക്കിയിരുന്നെങ്കിലും, അന്ന് പണം നൽകിയായിരുന്നു ഇടപാട്. താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കുന്നതിനുള്ള വിൻഡോ നിലവിൽ ഓപ്പണാണ്. ചെന്നൈ സൂപ്പർ കിങ്സിനു പുറമേ മറ്റു ചില ഐപിഎൽ ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ മറ്റു ചില താരങ്ങൾക്കായും ടീമുകൾ രംഗത്തുണ്ടെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ ടീം ഉടമയായ മനോജ് ബദാലെയാകും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടിലുള്ളത്. 

English Summary:

Chennai Super Kings Interested successful Sanju Samson, Confirms Reports

Read Entire Article