Published: October 15, 2025 10:01 PM IST
1 minute Read
ന്യൂഡൽഹി∙ അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഒരു സീനിയർ താരത്തെ വിട്ടുകൊടുത്ത് പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡൽഹിയുടെ ശ്രമമെന്നാണ് വിവരം. എന്നാൽ ഏതു താരത്തെയാണ് ഡൽഹി വിട്ടുനൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനൽകണമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡൽഹിക്കു വിട്ടുനൽകേണ്ടി വരും.
നിലവിൽ കെ.എൽ.രാഹുൽ, അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ഡൽഹിയുടെ വിക്കറ്റ് കീപ്പർമാർ. അക്ഷർ പട്ടേലാണ് ക്യാപ്റ്റൻ. ഇവരിലൊരാൾക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ബോളിങ് കരുത്തു കൂട്ടാൻ ശ്രമിക്കുന്ന രാജസ്ഥാൻ, പേസർ മിച്ചൽ സ്റ്റാർക്, സ്പിന്നർ കുൽദീപ് യാദവ് തുടങ്ങിയവരിലൊരാളെയും ചോദിക്കാൻ സാധ്യതയുണ്ട്.
കെ.എല്‍.രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ച അജിൻക്യ രഹാനെ, ഈ സീസണിൽ തുടരാൻ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊൽക്കത്ത തേടുന്നത്. സഞ്ജു സാംസണെയും കൊൽക്കത്തെ സമീപിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത സീസണു മുന്നോടിയായി സഞ്ജു, രാജസ്ഥാൻ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
∙ കരാർ പുതുക്കാതെ കോലിഐപിഎൽ മിനി ലേലം അടുത്ത മാസം നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മറ്റൊരു പ്രധാനവാർത്ത നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപിൽനിന്നാണ്. ഫ്രഞ്ചൈസിയുമായിട്ടുള്ള വാണിജ്യ കരാർ പുതുക്കാന‍് സൂപ്പർ താരം വിരാട് കോലി വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതോടെ കോലി, ആർസിബി വിടുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരന്നു. ഫ്രാഞ്ചൈസിയുടെ പരസ്യങ്ങള്‍, ഫോട്ടോഷൂട്ടുകള്‍, സ്വകാര്യ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വാണിജ്യ കരാര്‍. ടീമിനു വേണ്ടി കളിക്കുന്നതിനുള്ള കരാറുമായി ഇതിനു ബന്ധമില്ല.
വിരാട് കോലി ആർസിബി വിടുമെന്ന അഭ്യൂഹങ്ങൾ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് നിഷേധിച്ചു. ‘ഐപിഎലിൽ ബെംഗളൂരുവിന് വേണ്ടി മാത്രമേ തന്റെ ആദ്യത്തേയും അവസാനത്തേയും മത്സരം കളിക്കൂ എന്ന് വിരാട് കോലി ഉറപ്പു പറഞ്ഞിട്ടുണ്ട്. വാണിജ്യ കരാർ ഒപ്പുവച്ചിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ടീമിൽ കളിക്കുന്നതിനുള്ള കരാറും വാണിജ്യ കരാറും വ്യത്യസ്തമാണ്.
ആർസിബിക്ക് പുതിയൊരു ഉടമ വന്നേക്കാം. ഫ്രാഞ്ചൈസിയെ നിയന്ത്രിക്കാൻ അവർ വരുമെന്നതിനാലാണ് അദ്ദേഹം വാണിജ്യ കരാറിൽ കോലി ഒപ്പുവയ്ക്കാത്തത്. അതുകൊണ്ടാണ് അദ്ദേഹം കാത്തിരിക്കുന്നത്. ഒരു മാറ്റമുണ്ടെങ്കിൽ, ചർച്ചകളും ഉണ്ടാകും. ഇതെല്ലാം തിരശ്ശീലയ്ക്ക് പിന്നിലെ കാര്യങ്ങളാണ്. ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾക്കു കൂടുതൽ വിവരങ്ങളില്ല.’’– കൈഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
English Summary:








English (US) ·