മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിലെ അഭിപ്രായ വ്യത്യാസങ്ങൾ വീണ്ടും ചർച്ചയാക്കി പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ രാജി പ്രഖ്യാപനം. ശനിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനമൊഴിഞ്ഞതായി രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പ്രതികരിച്ചത്. മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ ഒരുങ്ങിനിൽക്കേയാണ്, ദ്രാവിഡിന്റെ മടക്കമെന്നത് കൂടുതൽ കഥകൾക്കും വഴിമരുന്നിട്ടു. ഇന്ത്യയെ 2024ലെ ട്വന്റി20 ലോകകപ്പ് വിജയിപ്പിച്ച ശേഷം ഗൗതം ഗംഭീറിന് പരിശീലക സ്ഥാനം കൈമാറിയ ദ്രാവിഡിന്റെ അടുത്ത നീക്കം രാജസ്ഥാൻ റോയൽസിലേക്കായിരുന്നു. സഞ്ജു സാംസണ്‍ ക്യാപ്റ്റനായും ദ്രാവിഡ് പരിശീലകനായുമുള്ള രാജസ്ഥാൻ രണ്ടാമതൊരു ഐപിഎൽ കിരീടം ഫ്രാഞ്ചൈസിക്കുവേണ്ടി നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ ദ്രാവിഡ് രാജിവച്ചൊഴിഞ്ഞു.
2012, 2013 സീസണുകളിൽ ടീമിന്റെ ക്യാപ്റ്റനായും 2014, 2015 സീസണുകളിൽ മെന്ററായും തിളങ്ങിയ ശേഷമായിരുന്നു ദ്രാവിഡ‍് ഇന്ത്യൻ ടീമിന്റെ ചുമതലയേറ്റെടുത്തത്. ഇന്ത്യൻ ടീം വിട്ടതിനു പിന്നാലെ ദ്രാവിഡിനെ രാജസ്ഥാൻ തന്നെ വീണ്ടും സ്വന്തമാക്കി. ഐപിഎലിന്റെ മറ്റു ഫ്രാഞ്ചൈസികളിൽനിന്നും ക്ഷണമുണ്ടായിരുന്നെങ്കിലും, രാജസ്ഥാനിൽ ചേരാൻ ദ്രാവിഡിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ യുവതാരങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയെന്ന തന്ത്രം പാളിയതോടെയാണ് ഒറ്റ സീസണിനു പിന്നാലെ ദ്രാവിഡിന് ഈ ടീം മടുത്തത്. ദ്രാവിഡിന് വലിയ മറ്റൊരു ചുമതല നൽകിയെങ്കിലും അതു സ്വീകരിക്കാതെ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചതായി ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ആ ‘വലിയ റോൾ’ എന്നത് വ്യക്തമല്ല.
തന്ത്രങ്ങൾ പാളി, എന്തൊരു ദ്രാവിഡാണ്?
ദ്രാവിഡിനു കീഴിൽ കഴിഞ്ഞ സീസണിൽ 14 ഐപിഎൽ മത്സരങ്ങൾ കളിച്ച രാജസ്ഥാൻ നാല് വിജയങ്ങൾ മാത്രമാണു നേടിയത്. 10 കളികൾ ടീം തോറ്റു. എട്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്കു ടീം വീഴാൻ കാരണം ദ്രാവിഡിന്റെ ചില തന്ത്രങ്ങളാണെന്നു നേരത്തേ വിമർശനങ്ങളുയർന്നിരുന്നു. കഴിഞ്ഞ മെഗാതാരലേലത്തിനു മുൻപു തന്നെ 2025 ഐപിഎലിൽ രാജസ്ഥാന്റെ ‘അപകടക്കളി’ ഏറക്കുറെ പ്രവചിക്കപ്പെട്ടതാണ്. ജോസ് ബട്‍ലറെപ്പോലെ മാച്ച് വിന്നറായ താരത്തെ നിലനിർത്താതെ ധ്രുവ് ജുറേൽ, റിയാൻ പരാഗ് തുടങ്ങിയ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയതായിരുന്നു രാജസ്ഥാന്റെ തന്ത്രം. ലേലത്തിനു മുൻപ് ടീം നിലനിർത്തിയ ഒരേയൊരു വിദേശ താരം ഷിമ്രോൺ ഹെറ്റ്മിയറായിരുന്നു.
താരങ്ങളെ നിലനിർത്താൻ 46 കോടി രൂപ ലേലത്തിനു മുൻപേ ചെലവാക്കിയ രാജസ്ഥാൻ, ഹെറ്റ്മിയറിന് 11 കോടിയാണു നൽകിയത്. ക്യാപ്റ്റൻ സഞ്ജു സാംസണിനും യശസ്വി ജയ്സ്വാളിനും 18 കോടി വീതം നൽകിയ തീരുമാനം അംഗീകരിക്കേണ്ടതാണ്. ഇരുവരും മുൻ സീസണുകളിലും ഇന്ത്യൻ ജഴ്സിയിലും ഉണ്ടാക്കിയ ഇംപാക്ട് തന്നെയാണ് അതിനു കാരണം. എന്നാൽ റിയാൻ പരാഗിനും ധ്രുവ് ജുറേലിനും 11 കോടി രൂപ വീതം നൽകിയതു തെറ്റായ തീരുമാനമായെന്ന് കഴിഞ്ഞ സീസണിലെ പ്രകടനം കൊണ്ടു തന്നെ രാജസ്ഥാനു വ്യക്തമായിക്കാണും. 25 പിന്നിടാത്ത യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നീ താരങ്ങളെ നിലവിലെ സീസണിലേക്കല്ല. മറിച്ച് ഭാവി നിക്ഷേപങ്ങളായാണു രാജസ്ഥാൻ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ നിലനിർത്തിയാൽ തെറ്റില്ലെന്നതാണു ടീമിന്റെ നിലപാട്.
സഞ്ജുവും ദ്രാവിഡും തമ്മിലെന്ത്?
കരിയറിന്റെ എല്ലാ ഘട്ടത്തിലും സഞ്ജു സാംസണ് വലിയ പിന്തുണ നല്‍കിയ താരമാണ് രാഹുൽ ദ്രാവിഡ്. സഞ്ജു രാജസ്ഥാന്റെ പ്രധാന താരമായി വളർന്നതിലും ദ്രാവിഡിന് ചെറുതല്ലാത്ത റോളുണ്ട്. സഞ്ജു– ദ്രാവിഡ് കോംബോയിൽ തകർപ്പൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും സീസണിൽ സംഭവിച്ചതു മറ്റൊന്നായിരുന്നു. ദ്രാവിഡ് രാജസ്ഥാനിൽ വരുത്തിയ പരിഷ്കാരങ്ങളിൽ സഞ്ജുവിന് അഭിപ്രായ വ്യത്യാസമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജു സാംസൺ പരുക്കേറ്റു പുറത്താകുക കൂടി ചെയ്തതോടെ കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ കാര്യം കൂടുതൽ കഷ്ടത്തിലായി. അഞ്ച് മത്സരങ്ങൾ പരുക്കു കാരണം കഴിഞ്ഞ സീസണിൽ സഞ്ജുവിനു നഷ്ടമായിരുന്നു. പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തന്ത്രങ്ങൾ പാളിയതോടെ രാജസ്ഥാൻ 2025 സീസണിലെ പ്രതീക്ഷ ഏറക്കുറെ കൈവിട്ട മട്ടായി. ഇതോടെയാണ് ടീം പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കു വീണത്.
മത്സര ശേഷം രാജസ്ഥാൻ താരങ്ങളെല്ലാം ഗ്രൗണ്ടിൽ ഒരുമിച്ചു യോഗം ചേരുമ്പോഴും ക്യാപ്റ്റൻ സഞ്ജു മാറിനിന്നത് കഴിഞ്ഞ സീസണിൽ വൻ ചർച്ചയായിരുന്നു. അപ്പോഴും ദ്രാവിഡിനെ എതിർത്ത് ഒരു വാക്കു പോലും പരസ്യമായി പ്രതികരിക്കാൻ സഞ്ജു തയാറായിരുന്നില്ല. കരിയറിന്റെ വളർച്ചയ്ക്ക് ദ്രാവിഡ് ചെയ്ത സഹായങ്ങളെക്കുറിച്ച് ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു സംസാരിക്കാറുമുണ്ട്. അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസില്‍ കളിക്കാൻ താൽപര്യമില്ലെന്ന് സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി താരത്തെ വാങ്ങാനുള്ള ശ്രമവും തുടങ്ങി. താരക്കൈമാറ്റത്തിൽ തർക്കം തുടരുന്നതിനാലാണ് ഈ ‘ഡീൽ’ നടക്കാൻ വൈകുന്നത്. അതിനിടെയാണ് ടീമിൽനിന്ന് ദ്രാവിഡിന്റെ പുറത്തുപോകൽ. ദ്രാവിഡിനെ രാജസ്ഥാൻ ഒഴിവാക്കിയത് സഞ്ജു സാംസണെ ടീമിൽ പിടിച്ചുനിർത്താനുള്ള തന്ത്രമാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകളുയർന്നുകഴിഞ്ഞു.
English Summary:








English (US) ·