Published: December 11, 2025 09:49 AM IST
1 minute Read
മുല്ലൻപുർ ∙ 101 റൺസ് വിജയത്തിന്റെ ആഘോഷം ഇന്ത്യൻ ഡ്രസിങ് റൂമിൽ അവസാനിച്ചിട്ടുണ്ടാകില്ല, കനത്ത തോൽവിയെക്കുറിച്ച് പഠിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടത്ര സമയം കിട്ടിയിട്ടില്ല. കട്ടക്കിലെ കൂറ്റൻ ജയത്തിന്റെ ആവേശമടങ്ങും മുൻപ് ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ആദ്യമായി പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. ചൊവ്വാഴ്ചത്തെ ഒന്നാം ട്വന്റി20യ്ക്കുശേഷം ഇന്നലെ മുല്ലൻപുരിലെത്തിയ ടീമുകൾ ഇവിടെ പരിശീലനത്തിന് ഇറങ്ങിയില്ല.
ആശങ്കയൊഴിയാതെ..
ഒന്നാം ട്വന്റി20യിൽ ഉജ്വല വിജയം നേടിയെങ്കിലും ആശങ്കകളൊഴിയാത്ത മനസ്സുമായാണ് ഇന്ത്യൻ ടീം മുല്ലൻപുരിലേക്കെത്തുന്നത്. ബാറ്റിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഫോമിലാകാത്തത് ടീമിനെ വലയ്ക്കുന്നു. ട്വന്റി20യിൽ ഓപ്പണറായി 3 സെഞ്ചറികൾ നേടിയ സഞ്ജു സാംസണെ തഴഞ്ഞാണ് ഗില്ലിന് ഈ പൊസിഷനിൽ തുടരെ അവസരങ്ങളൊരുക്കുന്നത്. ഒന്നാം ട്വന്റി20യിൽ നാലു റൺസെടുത്ത് പുറത്തായി ഗിൽ നിരാശപ്പെടുത്തിയതോടെ ടീം മാനേജ്മെന്റ് വീണ്ടും വിഷമത്തിലായി.
ഇന്നും താളം കണ്ടെത്താനായില്ലെങ്കിൽ ഗില്ലിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂടും. കഴിഞ്ഞ 21 ഇന്നിങ്സുകളിൽ അർധ സെഞ്ചറികളില്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ടീമിന് താനൊരു ബാധ്യതയല്ലെന്നു തെളിയിക്കാൻ മികച്ച ഇന്നിങ്സ് കൂടിയേ തീരൂ.
ഹാർദിക്കിൽ പ്രതീക്ഷട്വന്റി20 ടീമിലേക്ക് ഉജ്വല തിരിച്ചുവരവ് നടത്തിയ ഹാർദിക് പാണ്ഡ്യയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. കട്ടക്കിൽ 78 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വെടിക്കെട്ട് അർധ സെഞ്ചറിയിലൂടെ (28 പന്തിൽ 59 നോട്ടൗട്ട്) ഹാർദിക് കരകയറ്റുകയായിരുന്നു. 80 ശതമാനം റൺസും ഹാർദിക് നേടിയത് ബൗണ്ടറികളിലൂടെയാണ്. കട്ടക്കിൽ ദക്ഷിണാഫ്രിക്കയെ വെറും 74 റൺസിൽ ഓൾഔട്ടാക്കിയ ബോളിങ് നിരയെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കകളില്ല.
English Summary:








English (US) ·