രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒടുവില്‍ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ തന്നെ ശക്തമായിരുന്നു. താരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നതായും സോഷ്യല്‍ മീഡിയയിലടക്കം പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ചെന്നൈ തയ്യാറായിരുന്നില്ല. എന്നാല്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നൈ പ്രതികരിച്ചതിനു പിന്നാലെ മറ്റ് ടീമുകളും താരത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ചെന്നൈ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഞ്ജുവിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ അടുത്ത സീസണില്‍ സഞ്ജുവിനെ ടീമിലെത്തിക്കുക എന്നത് ചെന്നൈക്ക് എളുപ്പമാകില്ല. നിലവില്‍ രാജസ്ഥാനുമായി കരാറുള്ളതിനാല്‍ ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലെ ചില കടമ്പകള്‍ കടന്നാല്‍ മാത്രമേ ചെന്നൈക്ക് സഞ്ജുവിനെ സ്വന്തമാക്കാനാകൂ. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ മുന്നിട്ടിറങ്ങിയ ട്രേഡുകള്‍ തീര്‍ത്തും കുറവാണ്. 2021 സീസണില്‍ റോബിന്‍ ഉത്തപ്പയെ രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് സ്വന്തമാക്കിയിരുന്നെങ്കിലും, അന്ന് പണം നല്‍കിയായിരുന്നു ഇടപാട്. താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കുന്നതിനുള്ള വിന്‍ഡോ നിലവില്‍ ഓപ്പണാണ്.
2025 ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് ഏഴു ദിവസത്തിനു ശേഷം വരുന്ന തീയതി മുതല്‍ 2026-ലെ താരലേലത്തിന് ഏഴു ദിവസം മുമ്പുവരെ ട്രേഡിങ് വിന്‍ഡോ തുറക്കുക. താരലേലത്തില്‍ പേരു നല്‍കുകയും പങ്കെടുക്കുകയും ചെയ്യുന്ന കളിക്കാരെ ലേലത്തിനു തൊട്ടുപിന്നാലെ സീസണുമായി ബന്ധപ്പെട്ട് വാങ്ങാന്‍ പാടില്ല. ഒരു വിദേശ താരത്തെയാണ് ട്രേഡ് ചെയ്യുന്നതെങ്കില്‍ വാങ്ങുന്ന ഫ്രാഞ്ചൈസി കളിക്കാരനുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന്റെ എന്‍ഒസി വാങ്ങേണ്ടതുണ്ട്.
ലേലത്തില്‍ അനുവദിച്ചിരിക്കുന്ന തുക മാത്രമേ കളിക്കാരനുവേണ്ടി ഉപയോഗിക്കാന്‍ പാടുള്ളൂ, വില്‍ക്കുന്ന ഫ്രാഞ്ചൈസിയും വാങ്ങുന്ന ഫ്രാഞ്ചൈസിയും തമ്മില്‍ ഫീസിന്റെ കാര്യത്തില്‍ മാത്രമേ ചര്‍ച്ച നടത്താവൂ. കളിക്കാരുടെ കരാറിന്റെ മറ്റ് നിബന്ധനകളില്‍ മാറ്റം വരുത്താന്‍ പാടില്ല. കളിക്കാരനോ വില്‍ക്കുന്ന ഫ്രാഞ്ചൈസിക്കോ പ്രത്യേക പേയ്മെന്റ് നടത്താന്‍ കഴിയില്ല.
ട്രേഡ് ചെയ്യപ്പെടുന്ന കളിക്കാരന്‍ ട്രേഡ് സമയത്ത് അനുയോജ്യനാണെന്ന് ഉറപ്പാക്കേണ്ടത് വാങ്ങുന്ന ഫ്രാഞ്ചൈസിയുടെ ഉത്തരവാദിത്തമാണ്. മുകളില്‍ സൂചിപ്പിച്ച രേഖകളില്‍ ഒപ്പിടുന്നതിന് മുമ്പ് കളിക്കാരന്‍ ഒരു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ട്.
ഏതെങ്കിലും ട്രേഡിങ് വിന്‍ഡോയില്‍ ഒരു ഫ്രാഞ്ചൈസിക്ക് ട്രേഡ് ചെയ്യാന്‍ കഴിയുന്ന കളിക്കാരുടെ എണ്ണത്തിന് പരിധിയില്ല, പക്ഷേ ഫ്രാഞ്ചൈസികള്‍ എല്ലായ്പ്പോഴും ശമ്പള പരിധിയും സ്‌ക്വാഡ് കോമ്പോസിഷന്‍ ചട്ടങ്ങളും പാലിക്കണം.
സാധാരണമായി ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒളിക്കാരനെ ട്രേഡ് ചെയ്യാറുള്ളത് നിലവിലെ കരാര്‍ പ്രകാരമുള്ള അതേ ശമ്പളത്തിനു തന്നെയാണ്. ഉദാഹരണമെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ നിലവിലെ ശമ്പളം 18 കോടി രൂപയാണ്. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്സിലേക്കു മാറിയാല്‍ അവിടെയും ഇതേ ശമ്പളം തന്നെയാവും ലഭിക്കുക. ഇത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കണമെങ്കില്‍ ചെന്നൈയുടെ പഴ്സില്‍ ഈ തുക ഉണ്ടായിരിക്കുകയും വേണം. അതില്ലെങ്കില്‍ 18 കോടി രൂപയ്ക്കു ആനുപാതികമായുള്ള കളിക്കാരെ അവര്‍ വില്‍ക്കേണ്ടതായി വരും.
Content Highlights: Chennai Super Kings aims to get Sanju Samson from Rajasthan Royals








English (US) ·