Published: August 28, 2025 09:58 AM IST Updated: August 28, 2025 10:20 AM IST
2 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് സീസൺ 2-ൽ മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് തൃശൂർ ടൈറ്റൻസിന്റെ വെടിക്കെട്ട് ബാറ്റർ അഹമ്മദ് ഇമ്രാനാണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്ന് അർധ സെഞ്ചറികളും ഒരു സെഞ്ചറിയും ഉൾപ്പെടെ ആകെ 347 റൺസാണ് ഈ 19 വയസ്സുകാരൻ നേടിയത്. ഇതിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് റൺസിനാണ് ഇമ്രാന് സെഞ്ചറി നഷ്ടമായത്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ക്രീസിലെത്തിയത് മുതൽ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്ന ഇമ്രാൻ, വമ്പനടികളിലൂടെ ടീം സ്കോർ അതിവേഗം ഉയർത്തുന്നതിലും കേമനാണ്.
223 റൺസെടുത്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസണാണ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചിരുന്നില്ല. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അഹമ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസ് ലേലത്തിലൂടെ തിരിച്ച് പിടിക്കാൻ കാരണം ഓൾ റൗണ്ട് മികവാണ്. കഴിഞ്ഞ സീസണിൽ ആകെ 229 റൺസാണ് ഇമ്രാൻ നേടിയത്. കേരളത്തിന്റെ അണ്ടർ- 19 ക്യാപ്റ്റൻ കൂടി ആയിരുന്നു അഹമ്മദ് ഇമ്രാൻ. സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിലെ സെഞ്ചറി പ്രകടനത്തിലൂടെയും ഇമ്രാൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിഭർഭക്കെതിരെയുള്ള മത്സരത്തിലൂടെയാണ് രഞ്ജി ട്രോഫിയിൽ ഇമ്രാൻ അരങ്ങേറ്റം കുറിച്ചത്.
ട്രിവാൻഡ്രം റോയൽസിനെതിരെ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി തൃശൂർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് ട്രിവാൺഡ്രം റോയൽസിന്റെ വിജയലക്ഷ്യം 12 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ എം.ഡി. നിധീഷാണ് കളിയിലെ താരം.
വീണ്ടുമൊരു ബാറ്റിങ് വെടിക്കെട്ടിന് പൂരമൊരുക്കിയ അഹ്മദ് ഇമ്രാനാണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. അവിസ്മരണീയമായൊരു ഇന്നിങ്സായിരുന്നു റോയൽസിനെതിരെ അഹ്മദ് ഇമ്രാന്റേത്. ആദ്യ ഓവറിലെ മൂന്ന് പന്തുകൾ അതിർത്തി കടത്തി കൂറ്റനടികൾക്ക് തുടക്കമിട്ട ഇമ്രാൻ 23 പന്തുകളിൽ അൻപത് തികച്ചു. മറുവശത്ത് 32 റൺസെടുത്ത ആനന്ദ് കൃഷ്ണൻ ഇമ്രാന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേർന്നുള്ള 99 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് അവസാനമിട്ടത് എം. നിഖിലാണ്. പത്താം ഓവറിലെ അഞ്ചാം പന്തിൽ ആനന്ദ് കൃഷ്ണനെ ക്ലീൻ ബോൾഡാക്കിയ നിഖിൽ തൊട്ടടുത്ത പന്തിൽ വിഷ്ണു മേനോനെയും മടക്കി.
എന്നാൽ നിഖിലിന്റെ അടുത്ത ഓവറിൽ തുടരെ മൂന്ന് പന്തുകൾ അതിർത്തി കടത്തിയായിരുന്നു ഇമ്രാന്റെ മറുപടി. ബോളർമാർ തോറ്റു മടങ്ങിയ പോരാട്ടത്തിൽ നിർഭാഗ്യമായിരുന്നു ഒടുവിൽ ഇമ്രാന്റെ ഇന്നിങ്സിന് അവസാനമിട്ടത്. അബ്ദുൾ ബാസിദ് എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിൽ നിന്ന് വഴുതി ബെയ്‍ലുകൾ തെറിപ്പിക്കുമ്പോൾ ഇമ്രാന്റെ കാലുകൾ ക്രീസിന് വെളിയിലായിരുന്നു. തേർഡ് അംപയർ ഔട്ട് വിധിക്കുമ്പോൾ 49 പന്തുകളിൽ 13 ഫോറും നാല് സിക്സുമടക്കം 98 റൺസായിരുന്നു ഇമ്രാന്റെ സമ്പാദ്യം. തുടർന്നെത്തിയ അക്ഷയ് മനോഹർ അതേ വേഗത്തിൽ തകർത്തടിച്ചതോടെയാണ് തൃശൂരിന്റെ സ്കോർ 200 കടന്ന് മുന്നേറിയത്. വെറും 20 പന്തുകളിലായിരുന്നു അക്ഷയ് അർധ സെഞ്ചറി പൂർത്തിയാക്കിയത്. 22 പന്തുകളിൽ ഏഴ് സിക്സടക്കം 54 റൺസുമായി അക്ഷയ് പുറത്താകാതെ നിന്നു. 20 പന്തുകളിൽ നിന്നും 31 റൺസുമായി ഷോൺ റോജറും മികച്ച രീതിയിൽ ബാറ്റ് വീശി.
മഴയെ തുടർന്ന് പുതുക്കി നിശ്ചയിച്ച കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽസിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഫോമിലുള്ള ക്യാപ്റ്റൻ കൃഷ്ണപ്രസാദ് നിധീഷിന്റെ പന്തിൽ ഷോൺ റോജർ പിടിച്ച് പുറത്തായി. എന്നാൽ ഗോവിന്ദ് ദേവ് പൈയും റിയ ബഷീറും ചേർന്ന കൂട്ടുകെട്ട് ആത്മവിശ്വാസത്തോടെ ഇന്നിങ്സ് മുന്നോട്ട് നീക്കി. നിർഭയം ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് നാലാം ഓവറിൽ തന്നെ സ്കോർ അൻപതിലെത്തിച്ചു. എന്നാൽ അഞ്ചാം ഓവറിലെ അവസാന പന്തിൽ റിയ ബഷീർ പുറത്തായി. 12 പന്തുകളിൽ 23 റൺസായിരുന്നു റിയ ബഷീർ നേടിയത്. മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന ഗോവിന്ദ് പൈ റോയൽസിന്റെ പ്രതീക്ഷ നിലനിർത്തി. എട്ടോവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 101 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ അടുത്ത ഓവറിൽ ഗോവിന്ദ് പൈയെയും അബ്ദുൾ ബാസിദിനെയും പുറത്താക്കി നിധീഷ് കളിയുടെ ഗതി മാറ്റി. 26 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 63 റൺസുമായാണ് ഗോവിന്ദ് പൈ മടങ്ങിയത്. അബ്ദുൾ ബാസിദ് രണ്ടും നിഖിൽ 12ഉം റൺസ് നേടി. അവസാന ഓവറുകളിൽ 12 പന്തുകളിൽ നിന്ന് 18 റൺസ് നേടി അഭിജിത് പ്രവീൺ പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. തൃശൂരിന് വേണ്ടി നിധീഷ് മൂന്നും അജിനാസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·