Published: November 07, 2025 07:54 PM IST Updated: November 08, 2025 08:42 AM IST
1 minute Read
മുംബൈ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ വീണ്ടും തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. നിലനിർത്തിയ താരങ്ങളുടെ വിവരങ്ങൾ കൈമാറാനുള്ള സമയം നവംബർ 15ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസുമായി ചർച്ചകൾ തുടരുന്നത്. രാജസ്ഥാന്റെ സഹഉടമ മനോജ് ബദാലെ കഴിഞ്ഞ ദിവസം ലണ്ടനിൽനിന്ന് മുംബൈയിലെത്തിയിരുന്നു. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ ചെന്നൈക്കു പുറമേ ലക്നൗ സൂപ്പർ ജയന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളുമായും ബദാലെ ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ ഒരു പ്രധാന താരത്തെ തന്നെ രാജസ്ഥാനു കൈമാറി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ നീക്കം നടത്തുന്നതെന്നാണു റിപ്പോർട്ടുകൾ. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സഞ്ജുവിനെ കൈമാറുന്നതിനായി സാധ്യമായ എല്ലാ ചർച്ചകളും രാജസ്ഥാൻ– ചെന്നൈ ടീം മാനേജ്മെന്റുകൾ നടത്തുന്നുണ്ട്. രാജസ്ഥാൻ റോയൽസ് വിടുമെന്ന് സഞ്ജു നേരത്തേ തന്നെ ടീമിനെ അറിയിച്ചതിനാൽ, അടുത്ത മിനി ലേലത്തിനു മുന്‍പ് താരത്തെ മറ്റൊരു ക്ലബ്ബിനു കൈമാറാനാണു ഫ്രാഞ്ചൈസിയുടെ ശ്രമം.
ട്വന്റി20 പരമ്പരയുടെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് സഞ്ജു ഇപ്പോഴുള്ളത്. പരമ്പരയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ താരം രഞ്ജി ട്രോഫി കേരള ക്യാംപിന്റെ ഭാഗമാകും. സഞ്ജു മുൻപ് കളിച്ചിട്ടുള്ള ഡൽഹി ക്യാപിറ്റൽസും മലയാളി താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്. രാജസ്ഥാനിൽ തുടരില്ലെന്നു സഞ്ജു തീരുമാനിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് താരത്തിനായി ശ്രമം നടത്തിയിരുന്നു. എന്നാൽ സഞ്ജുവിനു പകരം നൽകേണ്ട താരത്തിന്റെ കാര്യത്തിൽ രാജസ്ഥാൻ കടുംപിടിത്തം തുടർന്നതോടെ ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
English Summary:








English (US) ·