സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി? ലേലത്തിൽ പോയാൽ വാങ്ങാൻ കൊൽക്കത്തയും

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 20 , 2025 05:49 PM IST

1 minute Read

sanju-samson
സഞ്ജു സാംസൺ

മുംബൈ∙ അടുത്ത ഐപിഎലിനു മുൻപ് രാജസ്ഥാൻ റോയൽസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. ടീമിനു വിലക്കു വന്നപ്പോൾ ഡൽഹി ഡെയർഡെവിൾസിൽ കളിച്ചെങ്കിലും 2018ൽ വീണ്ടും രാജസ്ഥാനിലേക്കു തിരികെയെത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സഞ്ജുവിന്റെ പരുക്കും മികച്ച വിദേശ താരങ്ങൾ ഇല്ലാതിരുന്നതും ടീമിനു തിരിച്ചടിയായിരുന്നു.

2026 ഐപിഎലിനു മുൻപ് സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് താല്‍പര്യമുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വർഷത്തെ മിനി ലേലത്തിനു മുൻപ് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. ഇതിഹാസ താരം എം.എസ്. ധോണി ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ സഞ്ജുവിനെ ചെന്നൈയിലെത്തിച്ചാൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മറ്റൊരാളുടെ ആവശ്യമില്ല.

സഞ്ജുവിനെ നേരിട്ട് ചെന്നൈയ്ക്കു വാങ്ങാൻ സാധിച്ചില്ലെങ്കിൽ ലേലത്തിലൂടെയും താരത്തിന്റെ വരവ് സാധ്യമാണ്. എന്നാൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും മലയാളി താരത്തെ സ്വന്തമാക്കാൻ താല്‍പര്യമുണ്ടെന്നാണു വിവരം. അങ്ങനെയെങ്കിൽ ചെന്നൈയ്ക്ക് കൊൽക്കത്തയുമായി മത്സരിക്കേണ്ടിവരും. കരിയറിന്റെ തുടക്കകാലത്ത് കൊൽക്കത്ത ക്യാംപിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.

2021 രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു അടുത്ത സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ചിരുന്നു. സഞ്ജു രാജസ്ഥാൻ വിട്ടാൽ യുവതാരം റിയാൻ പരാഗ് രാജസ്ഥാന്റെ സ്ഥിരം ക്യാപ്റ്റനായേക്കും. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരുക്കേറ്റപ്പോൾ പരാഗായിരുന്നു റോയൽസിനെ നയിച്ചിരുന്നത്.

English Summary:

Sanju Samson is reportedly preparing to permission Rajasthan Royals earlier the adjacent IPL season. This determination perchance puts him connected the radar of Chennai Super Kings and Kolkata Knight Riders.

Read Entire Article