Published: August 23, 2025 03:08 PM IST
1 minute Read
മുംബൈ∙ സ്ഥിരതയില്ലാത്തതുകൊണ്ടാണ് സഞ്ജു സാംസണിന് ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പില്ലാത്തതെന്ന് മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന ദേവാംഗ് ഗാന്ധി. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം ഭീഷണിയിലായതോടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം. ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലും ഇടം പിടിച്ചതോടെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചു ചർച്ചകള്‍ സജീവമാണ്. ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഓപ്പണര്‍മാരായാൽ സഞ്ജുവിന് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും.
‘‘സഞ്ജു സാംസണിന്റെ പ്രതിഭയെ നിങ്ങൾക്ക് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. പക്ഷേ സഞ്ജുവിന് ഇപ്പോൾ തന്നെ 31 വയസ്സായി. സഞ്ജുവിന് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ സ്ഥിരതയില്ലായ്മയാണ് അതിന്റെ പ്രധാന കാരണം. ഐപിഎലിൽ പോലും സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിനു സാധിക്കുന്നില്ല. ഇന്ത്യയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പേസർമാരെ നേരിടാൻ സഞ്ജു ബുദ്ധിമുട്ടിയതാണ്. ഏഷ്യാ കപ്പിൽ ലഭിക്കുന്ന അവസരം സഞ്ജു കൃത്യമായി ഉപയോഗിക്കണം. ബാറ്റിങ് ക്രമത്തിൽ താഴെയാണു സ്ഥാനമെങ്കിലും സഞ്ജു തിളങ്ങണം.’’– മുൻ ഇന്ത്യൻ താരം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
2024 ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന മത്സരങ്ങളിലെല്ലാം, സഞ്ജു സാംസണും അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ട്വന്റി20യിൽ ഒടുവിൽ കളിച്ച 10 മത്സരങ്ങളിൽ മൂന്ന് സെഞ്ചറികൾ സഞ്ജു സ്വന്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ താരത്തിനു വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 26,അഞ്ച്, മൂന്ന്, ഒന്ന്, 16 എന്നിങ്ങനെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് കളികളിൽ സഞ്ജുവിന്റെ സ്കോറുകൾ.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിനിടെ പരുക്കേറ്റ താരത്തിന് എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധിച്ചിരുന്നില്ല. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി കൊച്ചി ബ്ലൂ ടൈഗേഴ്സിനുവേണ്ടിയാണ് സഞ്ജു ഇപ്പോൾ കളിക്കുന്നത്. കൊച്ചി പ്ലേയിങ് ഇലവനിൽ മധ്യനിര ബാറ്ററായാണ് സഞ്ജു ഇറങ്ങുന്നത്. കേരള ക്രിക്കറ്റ് ലീഗ് അവസാനിക്കും മുൻപേ സഞ്ജു ഏഷ്യാകപ്പ് ടീമിന്റെ ഭാഗമാകും.








English (US) ·