സഞ്ജുവിന് ആത്മവിശ്വാസം, ഇന്ത്യൻ ടീം മാനേജ്മെന്റിന് സമ്മർദം; കണ്ണ് ഏഷ്യാകപ്പ് പ്ലെയിങ് ഇലവനിൽ

4 months ago 5

26 August 2025, 12:14 PM IST

sanju samson

സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസൺ

തിരുവനന്തപുരം: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണിന്റെ സ്ഥാനമെന്താകുമെന്ന ചർച്ച പൊടിപൊടിക്കുമ്പോഴാണ് കേരള ക്രിക്കറ്റ് ലീഗിൽ താരം കന്നിസെഞ്ചുറി കുറിക്കുന്നത്. ആദ്യപന്തുമുതൽ തുടങ്ങിയ ആക്രമണബാറ്റിങ്ങിലൂടെ നേടിയ സെഞ്ചുറി സഞ്ജുവിന്റെ സമ്മർദം കുറയ്ക്കുന്നതും ടീം മാനേജ്‌മെന്റിന്റെ സമ്മർദം കൂട്ടുന്നതുമാണ്.

ലീഗിലെ മൂന്നാംമത്സരത്തിൽ കരുത്തരായ കൊല്ലം സെയിലേഴ്‌സിനെതിരേ 51 പന്തിലാണ് 121 റൺസ് അടിച്ചുകൂട്ടിയത്. 16 പന്തിൽ അർധസെഞ്ചുറിയും 42 പന്തിൽ സെഞ്ചുറിയും വന്നു. ലീഗ് ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറി സഞ്ജുവിന്റെ പേരിലായി. 14 ഫോറും ഏഴ് സിക്‌സും ഇന്നിങ്‌സിലുണ്ട്. പിഴവുകളില്ലാത്ത, ക്ലീൻ ഹിറ്റുകളുമായി സ്വതസിദ്ധമായ ശൈലിയിലാണ് സഞ്ജു ബാറ്റുവീശിയത്. സെഞ്ചുറിക്കരികെയെത്തിയപ്പോൾ അല്പം വേഗംകുറച്ചെങ്കിലും കൊല്ലം ഉയർത്തിയ വമ്പൻ സ്‌കോറിനെ മറികടക്കാൻ കൊച്ചിക്കായത് സഞ്ജുവിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്‌സുകൊണ്ടായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മുഹമ്മദ് ആഷിക് സിക്‌സറോടെ ജയം പൂർത്തിയാക്കുകയും ചെയ്തു.

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവുണ്ട്. എന്നാൽ, കളിക്കാനുള്ള ടീമിൽ ഇടംകിട്ടുമോയെന്ന് ഉറപ്പൊന്നുമില്ല. സഞ്ജുവിനെ ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ട്വന്റി-20 റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാരൻ അഭിഷേക് ശർമയും ഓപ്പൺ ചെയ്യുമെന്ന് ഏറക്കുറെ ഉറപ്പാണ്. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്ക് അവസരംകിട്ടാനാണ് സാധ്യത. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ കേരള ക്രിക്കറ്റ് ലീഗിൽ മികച്ചപ്രകടനം വന്നില്ലെങ്കിൽ സഞ്ജുവിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പായിരുന്നു. കൊല്ലം ഉയർത്തിയ കൂറ്റൻ സ്‌കോറും ഏഷ്യാകപ്പ് സമ്മർദങ്ങൾക്കും നടുവിൽനിന്നാണ് ഓപ്പണറുടെ റോളിൽ സഞ്ജു ഇറങ്ങിയത്. ആദ്യകളിയിൽ ബാറ്റിങ്ങിനിറങ്ങാതിരുന്ന താരം രണ്ടാം മത്സരത്തിൽ ആറാമനായാണെത്തിയത്. അന്ന് തിളങ്ങാനുമായില്ല. മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടിരുന്നെങ്കിൽ സഞ്ജുവിന്റെ സമ്മർദം കൂടുമായിരുന്നു. ശതകം കണ്ടെത്തിയതോടെ സഞ്ജുവിന് ലീഗിൽ ആത്മവിശ്വാസത്തോടെ കളിക്കാം. ഒന്നുരണ്ടു മികച്ച ഇന്നിങ്‌സുകൾകൂടി വന്നാൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ സമ്മർദം കൂട്ടാനും കഴിയും.

Content Highlights: Sanju Samson's Record-Breaking Century Boosts Asia Cup Hopes

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article