Published: May 22 , 2025 09:34 AM IST
2 minute Read
-
രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ ബാലൻസ് ഷീറ്റിൽ എന്തൊക്കെ?
14 മത്സരങ്ങളിൽ 4 ജയം, 10 തോൽവി. യുവ ആരാധകരേറെയുള്ള രാജസ്ഥാൻ റോയൽസിന് ഈ സീസൺ ഐപിഎലിൽ എവിടെയൊക്കെയാണ് പിഴച്ചത്? വൻ തോൽവികൾക്കിടയിലും ഈ സീസണിൽ ടീമിന് ആശ്വാസം നൽകുന്ന കാര്യങ്ങളെന്തൊക്കെ?
+ve ∙ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ കണ്ടെത്തിയതാണ് ഈ സീസണിൽ റോയൽസിന്റെ ഉജ്വല നേട്ടം. നിർഭയമായി സ്ട്രോക്ക്പ്ലേ പുറത്തെടുക്കുന്ന വൈഭവിന്റെ വരവോടെ ഓപ്പണിങ്ങിൽ റോയൽസ് മെച്ചപ്പെട്ടു. 7 കളികളിൽ 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടിയ വൈഭവ് ഭാവിയിലേക്ക് ടീമിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.
∙ യശസ്വി ജയ്‌സ്വാളിനെ നിലനിർത്തിയ തീരുമാനം ശരിയായി. 14 ലീഗ് മത്സരങ്ങളിൽ നിന്ന് 559 റൺസ് നേടിയത് 159.71 എന്ന സ്ട്രൈക്ക് റേറ്റിലാണ്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ജയ്സ്വാളുമുണ്ട്.
∙ റോയൽസിന്റെ ഒരു ബോളറും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇല്ലെങ്കിലും പ്രതിഭയുടെയും പരിചയ സമ്പത്തിന്റെയും മിന്നലാട്ടങ്ങൾ ഇടയ്ക്കിടെ കാണാനായി. 12 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റു നേടിയ ജോഫ്ര ആർച്ചർക്കു ചില മത്സരങ്ങളിലെങ്കിലും ഗെയിം ചെയ്ഞ്ചറാകാൻ കഴിഞ്ഞു. മഹീഷ തീക്ഷണ, വാനിന്ദു ഹസരംഗ, യുദ്ധ്‌വീർ സിങ്, ആകാശ് മധ്‌വാൾ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
∙ പവർപ്ലേ ഓവറുകളിൽ റോയൽസ് ശ്രദ്ധേയമായ ആക്രമണവും കാര്യക്ഷമതയും പ്രകടിപ്പിച്ചു. പവർപ്ലേയിൽ 57 സിക്സറുകളാണു ടീം നേടിയത്. യശസ്വി ജയ്‌സ്വാൾ പവർപ്ലേയിൽ 22 സിക്സറുകൾ നേടി. ബോളിങ് പവർപ്ലേയിലും രാജസ്ഥാൻ ഭേദപ്പെട്ട പ്രകടനം നടത്തി.
-ve ∙ മെഗാലേലത്തിൽ ജോസ് ബട്‌ലർ, യുസ്‌വേന്ദ്ര ചെഹൽ, ആർ.അശ്വിൻ, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രധാന കളിക്കാരെ വിട്ടുകളഞ്ഞത് ബാറ്റിങ്ങിലും ബോളിങ്ങിലും വലിയ വിടവുകൾ സൃഷ്ടിച്ചു. ജോഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയ ബോളർമാരെ ടീമിലെടുത്തെങ്കിലും വിദേശ ബാറ്റർമാരെ എടുക്കാതിരുന്നതു തിരിച്ചടിയായി. നിലനിർത്തിയ വിദേശ ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയർ പതിവു ഫോമിന് അടുത്തെത്തിയതുമില്ല. മധ്യനിരയിൽ ഗെയിം ചേഞ്ചറായ ഒരു ബിഗ് ഹിറ്ററുടെ അസാന്നിധ്യം പ്രകടമായി. ജയിക്കാമായിരുന്ന കുറെ മത്സരങ്ങൾ ഇതുമൂലം തോറ്റു.
∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസന്റെ വിരലിനേറ്റ പരുക്ക് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെയും ക്യാപ്റ്റൻസിയെയും സീസണിന്റെ തുടക്കത്തിൽ ബാധിച്ചു. ആദ്യ 3 മത്സരങ്ങളിൽ പകരം ക്യാപ്റ്റനായ റിയാൻ പരാഗിന് ടീമിനെ വേണ്ടവിധം നയിക്കാൻ കഴിഞ്ഞില്ല. സഞ്ജുവിനു പിന്നീടു വീണ്ടും പരുക്കേറ്റതും വിനയായി.
∙ ആർച്ചർ, ഹസരംഗ, തീക്ഷണ എന്നീ ലോകോത്തര ബോളർമാരെ ടീമിലെത്തിച്ചെങ്കിലും റോയൽസിന്റെ ബോളിങ് പ്രകടനം മൊത്തത്തിൽ മോശമായി. സീസണിന്റെ തുടക്കത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 286 റൺസ് വഴങ്ങിയ ബോളിങ് നിര പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്തില്ല.
∙ പൂർണമായും ഇന്ത്യൻ ടോപ് ഫൈവ് എന്ന തന്ത്രം പിഴച്ചു. ഓപ്പണർമാർ നല്ല തുടക്കം നൽകിയാലും റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറെൽ, ഹെറ്റ്മെയർ എന്നിവരടങ്ങുന്ന മധ്യനിരയ്ക്ക് അതു മുതലെടുക്കാൻ പലപ്പോഴും കഴിഞ്ഞില്ല. വിജയത്തിനു തൊട്ടരികെയുള്ള തോൽവികൾ രാജസ്ഥാനെ ഉലച്ചു.
∙ മോഡേൺ ട്വന്റി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലകർ പരാജയപ്പെട്ടു. സഞ്ജുവിനു പരുക്കേറ്റപ്പോൾ ഭേദപ്പെട്ട ക്യാപ്റ്റനെ പകരം കണ്ടെത്താനായില്ല. റിയാൻ പരാഗിന്റെയും നിതീഷ് റാണയുടെയും ബാറ്റിങ് സ്ഥാനങ്ങൾ ഇടയ്ക്കിടെ മാറ്റിയതു തിരിച്ചടിയായി. മധ്യ ഓവറുകളിൽ റിസ്ക് എടുത്തു ബാറ്റ് ചെയ്യുന്ന രീതി വേണ്ടെന്നു വച്ചത് റൺ ചേസിനെ ദോഷമായി ബാധിച്ചു.
English Summary:









English (US) ·