സഞ്ജുവിന് വൻ തിരിച്ചടി?, രാജസ്ഥാനിൽ തുടർന്നാലും നായകസ്ഥാനം തെറിച്ചേക്കും

4 months ago 6

sanju

സഞ്ജു സാംസണും സന്ദീപ് ശർമയും |ഫോട്ടോ:AP

ജയ്പുര്‍: അപ്രതീക്ഷിതമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് രാഹുല്‍ ദ്രാവിഡിന്റെ പടിയിറക്കം. ദ്രാവിഡിന് കൂടുതല്‍ വിപുലമായ ഒരു പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ദ്രാവിഡ് ടീം വിട്ടത്. അതിന് പിന്നാലെ ടീമിലെ അഭിപ്രായവ്യത്യാസങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസണിനെ സംബന്ധിച്ചുള്ള മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ഐപിഎൽ 2026 ന് മുമ്പ് സഞ്ജുവിന് രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടമായേക്കാമെന്നാണ് റിപ്പോർട്ട്. റെവ്സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ചെന്നൈ, രാജസ്ഥാൻ അടക്കമുള്ള ടീമുകൾ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സഞ്ജു ടീമിൽ തുടർന്നാലും നായകസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാളി താരത്തെ സംബന്ധിച്ച് വൻ തിരിച്ചടിയാണിത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനകത്ത് മൂന്ന് വിഭാഗങ്ങൾ നിലനിന്നിരുന്നു. നിലവിലെ സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരുവിഭാഗം. റിയാന്‍ പരാഗിനെ ഒരുവിഭാഗം പിന്തുണയ്ക്കുമ്പോൾ യശസ്വി ജയ്‌സ്വാളിനെ ഭാവി നായകനായി മറ്റൊരു വിഭാഗം കാണുന്നു.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. സീസണില്‍ കൈക്ക് പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ.

ടീമില്‍ സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. ടി20-യില്‍ സാധാരണ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി സഞ്ജുവിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.

മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.

2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.

Content Highlights: sanju mightiness suffer the rajasthan royals captaincy report

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article