Published: November 15, 2025 01:01 PM IST Updated: November 15, 2025 04:18 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലേക്കുള്ള താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസം ക്ലബ് മാറ്റവുമായി വെറ്ററൻ പേസർ മുഹമ്മദ് ഷമി. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഷമി, അടുത്ത സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിലാണ് കളിക്കുക. 10 കോടി രൂപയാണ് ലക്നൗ ഷമിക്കു വേണ്ടി മുടക്കിയ തുക. ഷമിക്കു പുറമേ മുംബൈ ഇന്ത്യൻസിന്റെ യുവപേസർ അർജുൻ തെൻഡുൽക്കറെയും ലക്നൗ ടീമിലെത്തിച്ചിട്ടുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച ഷമി, ആറു വിക്കറ്റുകൾ മാത്രമാണു വീഴ്ത്തിയത്. പരുക്കുമാറി ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ താരം രഞ്ജി ട്രോഫിയിൽ ബംഗാളിനായി തകർപ്പൻ പ്രകടനമാണു നടത്തുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച താരം 15 വിക്കറ്റുകൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ ഷമി ബുദ്ധിമുട്ടുന്നതിനിടെയാണ് ടീം മാറ്റമെന്നതും ശ്രദ്ധേയമാണ്.
ഷമിയെ ലക്നൗവിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടീം ഉടമ സഞ്ജീവ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.‘‘ ചിരിക്കൂ, കാരണം നിങ്ങൾ ലക്നൗവിലാണ്’’– എന്നാണ് ഷമിയുടെ ചിത്രം പങ്കുവച്ച് ഗോയങ്കയുടെ വാക്കുകൾ. താരക്കൈമാറ്റത്തിലെ വിലയേറിയ രണ്ടാമത്തെ കരാറാണ് ഷമിയുടേത്. 18 കോടി രൂപയ്ക്കാണ് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയത്.
യുവ ഇന്ത്യൻ സ്പിന്നർ മായങ്ക് മാർക്കണ്ഡെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്നാണ് മുംബൈ താരത്തെ വാങ്ങിയത്. നിതീഷ് റാണയെ ഡൽഹി ക്യാപിറ്റൽസിനു കൈമാറിയ രാജസ്ഥാൻ റോയൽസ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡോനോവൻ ഫെരേരയെ ഡൽഹിയിൽനിന്നും സ്വന്തമാക്കി. ഒരു കോടി രൂപയാണ് ഫെരേരയെ സ്വന്തമാക്കാന്‍ രാജസ്ഥാൻ മുടക്കിയ ട്രാൻസ്ഫർ ഫീസ്.
English Summary:








English (US) ·