Published: January 10, 2026 05:38 PM IST
1 minute Read
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിലേക്ക് ഇനി ഒരു മാസത്തിൽ താഴെ മാത്രമാണ് സമയം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 7നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, യുഎസിനെ നേരിടും. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ചകൾക്കു മുൻപു തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുന്നത്. നിർണായക ടൂർണമെന്റിനു മുൻപുള്ള ഒരുക്ക പരമ്പര കൂടിയാകും കിവീസിനെതിരെ നടക്കുക. ജനുവരി 21നാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
ടീമിലുൾപ്പെട്ട താരങ്ങളും കഠിനമായ പരിശീലനത്തിലാണ്. ലോകകപ്പ് ടീമിലിടം പിടിച്ച മലയാളി താരം സഞ്ജു സാംസന്റെ പരിശീലന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ കീഴിലാണ് സഞ്ജു പരിശീലനം നടത്തുന്നതെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ടീമിൽ, പ്രത്യേകിച്ച് ട്വന്റി20യിൽ പവർഹിറ്ററായിരുന്ന യുവരാജിനു കീഴിൽ സഞ്ജു പരിശീലനം നടത്തുന്നതിൽ ആരാധകരും ആകാംക്ഷയിലാണ്.
ശുഭ്മാൻ ഗിൽ ട്വന്റി20 ടീമിൽനിന്നു പുറത്തായതോടെ ഓപ്പണർ റോളിലേക്ക് തിരിച്ചെത്തുന്ന സഞ്ജുവിന് യുവരാജിന്റെ കോച്ചിങ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ സഹഓപ്പണറായ അഭിഷേക് ശർമയും യുവരാജിന്റെ ശിഷ്യനാണ്. ട്വന്റി20 ടീമിൽനിന്നു പുറത്തായെങ്കിലും നിലവിൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലും യുവരാജിന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ളയാളാണ്.
2007ലെ കന്നി ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് യുവരാജ് സിങ്. ലോകകപ്പ് ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് സിങ്, ഒരോവറിലെ ആറു പന്തും സിക്സർ പറത്തിയത്. 2024ൽ ബംഗ്ലദേശിനെതിരായ ട്വന്റി20 മത്സരത്തിൽ സഞ്ജു, ഒരോവറിൽ 5 സിക്സടിച്ചിരുന്നു. യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ ലോകകപ്പിൽ സഞ്ജുവും ഒരോവറിൽ ആറു സിക്സടിക്കുമെന്നടക്കമുള്ള പോസ്റ്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി രണ്ടു മത്സരം കളിച്ച സഞ്ജു സാംസൺ ഒരു സെഞ്ചറി ഉൾപ്പെടെ നേടി ഉജ്വല ഫോമിലാണ്. ഈ ഫോം കിവീസിനെതിരായ പരമ്പരയിലും പിന്നീട് ലോകകപ്പിലും തുടരാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇഷാൻ കിഷനാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലുൾപ്പെടെ മികച്ച ഫോമിലായിരുന്ന ഇഷാനും ടീമിലുള്ളതിനാൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ഓരോ മത്സരവും സഞ്ജുവിന് നിർണായകമാണ്. യുവരാജിനു കീഴിലുള്ള പരിശീലനം സഞ്ജുവിന് അതിനു സഹായകമാകുമെന്നു തന്നെയാണ് പ്രതീക്ഷ.
English Summary:








English (US) ·