21 September 2025, 09:34 PM IST

ഫഖർ സമാൻ | X.com/@TheSportsSide1
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ പാക് ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റിനെ ചുറ്റിപ്പറ്റി വിവാദം. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജു ക്യാച്ചെടുത്താണ് താരം പുറത്തായത്. എന്നാല്‍, സഞ്ജുവിന്റെ ക്യാച്ചില്‍ സംശയമുണ്ടെന്ന് മുന്‍ പാക് താരങ്ങളുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ഫഖര്‍ സമാനും കടുത്ത അതൃപ്തിയിലായിരുന്നു.
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്താന് ആദ്യം നഷ്ടമാകുന്നത്. ഒമ്പത് പന്തില്‍നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്‌സ് അവസാനിച്ചു. സഞ്ജുവിന്റെ കൈയ്യിലെത്തുംമുമ്പ് പന്ത് മൈതാനത്ത് കുത്തിയിരുന്നോ എന്നതിൽ സംശയമുണ്ടായിരുന്നു.
അമ്പയർമാർ വിശദമായി പരിശോധിക്കുകയും പിന്നാലെ ഔട്ട് വിധിക്കുകയുമായിരുന്നു. എന്നാൽ, ഫഖർ സമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മടങ്ങുന്നതിനിടെ ഫഖര്‍ കുപിതനായി പ്രതികരിക്കുകയും ചെയ്തു. ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ് രംഗത്തെത്തി. സഞ്ജു ക്യാച്ച് എടുത്തത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
Content Highlights: Fakhar Zamans dismissal sanju samsons drawback controversy








English (US) ·