Published: September 08, 2025 08:40 AM IST Updated: September 08, 2025 09:44 AM IST
1 minute Read
-
ഓൾറൗണ്ട് മികവിൽ കെസിഎലിൽ കന്നിക്കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സ്
സഞ്ജു സാംസണും വിനൂപ് മനോഹരനും കെ.എം.ആസിഫും ഒഴിച്ചാൽ പെരുമക്കാർ ഏറെയൊന്നുമില്ല കൊച്ചി ബ്ലൂ ടൈഗേഴ്സിൽ. ടീമിലേറെയും വലിയ പരിചയ സമ്പത്തൊന്നും അവകാശപ്പെടാനില്ലാത്ത പുതുനിര താരങ്ങൾ. പക്ഷേ, പെരുമക്കാരായ എതിരാളികളുടെ മുന്നിൽ മുട്ടിടിക്കാത്ത പോരാട്ട വീര്യം സഞ്ജുവിന്റെ സഹോദരൻ സലി സാംസൺ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവോളമുണ്ടായിരുന്നു; ഓൾറൗണ്ട് മികവും. കെസിഎൽ ആദ്യ സീസണിൽ സെമിയിൽ പോലുമെത്താതെ അഞ്ചാം സ്ഥാനക്കാരായി മടങ്ങിയ ടീം ഇത്തവണ കപ്പ് ഉയർത്തിയത് ആ വീര്യത്തിന്റെ കരുത്തിലാണ്.
ഈ സീസണിലെ ആകെ പ്രകടനം പരിഗണിച്ചാലും കപ്പിന് മറ്റൊരു അവകാശിയുണ്ടായിരുന്നില്ല. കൊച്ചി തോൽപിക്കാത്ത ടീമുകളൊന്നുമില്ല. ആദ്യ റൗണ്ടിലെ 10 കളികളിൽ എട്ടിലും ജയം. തുടക്കത്തിൽ ആ മുന്നേറ്റത്തിന് ബാറ്റ് കൊണ്ട് നേതൃത്വം വഹിച്ചത് സഞ്ജു സാംസണായിരുന്നു. പക്ഷേ, 6 മത്സരങ്ങൾ കഴിഞ്ഞതോടെ സഞ്ജു ഏഷ്യാകപ്പിനായി ദുബായിലേക്ക് പോയി. എന്നാൽ സഞ്ജുവിനെ മാത്രം ആശ്രയിച്ചുള്ള ടീമല്ല കൊച്ചിയെന്ന് തെളിയിക്കുന്നതായിരുന്നു തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം. അതു ഫൈനലിൽ വരെ ഒരേ മികവോടെ നീണ്ടു.
സഞ്ജു പോയ ശേഷം ഫൈനൽ വരെയുള്ള 6 മത്സരങ്ങളിലും ആധികാരിക ജയമാണ് ടീം നേടിയത്. സഞ്ജുവിന്റെ അഭാവത്തിൽ ഓപ്പണിങ്ങിൽ ഉത്തരവാദിത്തം ഏറ്റെടുത്ത വിനൂപ് മനോഹരനാണ് ആ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചത്. ഫൈനലിലും കൊച്ചി ഇന്നിങ്സിന്റെ നട്ടെല്ല് വിനൂപ് ആയിരുന്നു. താരലേലത്തിൽ ആകെ ചെലവാക്കാവുന്നതിന്റെ പകുതിയോളം തുക സഞ്ജുവിനായി നീക്കി വച്ചപ്പോൾ മറ്റു പ്രമുഖ താരങ്ങളെ സ്വന്തമാക്കുന്നതിൽ കൊച്ചിക്ക് തന്ത്രപരമായി പിഴച്ചുവെന്ന് കുറ്റപ്പെടുത്തിയവരുണ്ട്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിട്ടും ഒരു മത്സരം മാത്രം കളിക്കാൻ അവസരം ലഭിച്ച സലി സാംസണെ ക്യാപ്റ്റനാക്കിയപ്പോഴും ചോദ്യങ്ങൾ ഉയർന്നിരുന്നു.
പക്ഷേ, കളിമികവിലൂടെയാണ് കൊച്ചിയും സലിയും അതിനു മറുപടി നൽകിയത്. അമിതാവേശമില്ലാതെ പക്വതയോടെ സലി ടീമിനെ നയിച്ചു, റൈഫി വിൻസന്റ് ഗോമസ് എന്ന കോച്ചിന്റെ ആസൂത്രണ മികവും നിർണായകമായി. സഞ്ജുവുമായി ഏറെ അടുപ്പം പുലർത്തുന്ന റൈഫി ‘ശരാശരിക്കാർ’ കൂടുതലുള്ള കൊച്ചിയെ കരുത്തുള്ള ടീമാക്കി മെനഞ്ഞെടുക്കുകയായിരുന്നു. സുഭാഷ് ജോർജ് മാനുവൽ ഉടമസ്ഥനായ ടീം ഒടുവിൽ ആധികാരികമായി അതിന്റെ ഫലം നേടുകയും ചെയ്തു.
English Summary:








English (US) ·