Curated byഗോകുൽ എസ് | Samayam Malayalam | Updated: 13 Apr 2025, 12:57 am
Rajasthan Royals vs RCB: ആർസിബിക്ക് എതിരായ കളിക്ക് മുൻപ് രാജസ്ഥാൻ റോയൽസിന് ഒരു ആവേശ വാർത്ത. സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ട് ക്യാപ്റ്റൻ സഞ്ജു സാംസൺ ( Sanju Samson ).
രാജസ്ഥാൻ റോയൽസ്അവസാന കളിയിൽ ഗുജറാത്ത് ടൈറ്റൻസിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷമാണ് രാജസ്ഥാൻ റോയൽസ്, ആർസിബിയെ നേരിടാൻ ഇറങ്ങുന്നത്. അതേ സമയം ഇന്നത്തെ കളിക്ക് മുൻപ് റോയൽസിന് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ് ഒരു സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്. ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരത്തിൽ ഇല്ലാതിരുന്ന ഒരു സൂപ്പർ താരം ആർസിബിക്ക് എതിരായ കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് തിരിച്ചെത്തും.
സഞ്ജുവിന്റെ വജ്രായുധം ടീമിലേക്ക് തിരിച്ചെത്തും, രാജസ്ഥാൻ റോയൽസിന് ഹാപ്പി ന്യൂസ്; സുപ്രധാന അപ്ഡേറ്റ് പുറത്ത്
ശ്രീലങ്കൻ സൂപ്പർ താരം വനിന്ദു ഹസരംഗയാണ് രാജസ്ഥാൻ റോയൽസ് നിരയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് നാട്ടിലേക്ക് പോയതിനാൽ ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം ഹസരംഗക്ക് നഷ്ടമായിരുന്നു. ഇത് ടീമിന്റെ ബൗളിങ് കരുത്തിനെ നന്നായി ബാധിക്കുകയും ചെയ്തു. എന്നാൽ ആർസിബിക്ക് എതിരായ കളിക്ക് മുൻപ് അദ്ദേഹം രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഹസരംഗ സെലക്ഷന് ലഭ്യമാണെന്ന് വ്യക്തമാക്കിയ സഞ്ജു, ഓവർ നിരക്കിന്റെ പേരിൽ ഇനിയും ശിക്ഷിക്കപ്പെടാതിരിക്കാൻ ടീം വേഗത്തിൽ ഓവറുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
ഹസരംഗയുടെ തിരിച്ചുവരവ് അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് കരുത്ത് വർധിപ്പിക്കുമെന്ന കാര്യം ഉറപ്പ്. ഐപിഎൽ മെഗാ ലേലത്തിൽ വമ്പൻ തുകക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് ഹസരംഗ. 2025 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ച ഹസരംഗ ആറ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ നാല് വിക്കറ്റുകൾ താരം പിഴുതിരുന്നു. ഐപിഎല്ലിൽ മൊത്തം 29 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹസരംഗ 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ കളി. ജയ്പൂരിൽ ഈ സീസണിലെ ആദ്യ മത്സരം കൂടിയാണിത്. ആകെ 57 മത്സരങ്ങളാണ് ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് കളിച്ചിട്ടുള്ളത്. ഇതിൽ 37 കളികളിൽ അവർ വിജയിച്ചപ്പോൾ, 20 കളികളിൽ തോറ്റു. കഴിഞ്ഞ സീസണിൽ മികച്ച റെക്കോഡാണ് രാജസ്ഥാന് ജയ്പൂരിലുണ്ടായിരുന്നത്. 2024 സീസൺ ഐപിഎല്ലിൽ ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും അവർക്ക് വിജയം നേടാനായി.
2025 സീസണിൽ രണ്ട് കളികൾ തുടർച്ചയായി തോറ്റുകൊണ്ട് തുടങ്ങിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ ഇതിന് ശേഷം രണ്ട് കളികളിൽ തുടർച്ചയായി ജയം നേടാനും അവർക്ക് സാധിച്ചിരുന്നു. എന്നാൽ അഞ്ചാമത്തെ കളിയിൽ അവർക്ക് വീണ്ടും കാലിടറി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാകട്ടെ മിന്നും ഫോമിലാണ് 2025 സീസണ് തുടക്കം കുറിച്ചത്. ആദ്യ രണ്ട് കളികളിലും വിജയിച്ച അവർ മൂന്നാം മത്സരത്തിൽ പരാജയപ്പെട്ടു. നാലാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തിയ അവർ അഞ്ചാമത്തെ മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനോട് തോൽക്കുകയായിരുന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·