Published: August 27, 2025 09:33 AM IST
1 minute Read
തിരുവനന്തപുരം∙ കെ.അജിനാസ് എന്ന സുൽത്താൻ ബത്തേരിക്കാരൻ ക്രിക്കറ്റർ ഇന്നലെ വൈകിട്ട് വരെ കേരളത്തിനു സുപരിചിതനായിരുന്നില്ല. സംസ്ഥാന ടീമുകളിലൊന്നും കളിച്ചിട്ടില്ലാത്ത അജിനാസ് പക്ഷേ, കെസിഎൽ രണ്ടാം സീസണിൽ കളിക്കാനിറങ്ങിയ ആദ്യമത്സരത്തിൽ തന്നെ സ്വന്തം പേരിൽ 2 ചരിത്ര നേട്ടങ്ങൾ എഴുതിച്ചേർത്തു.
ഒരു മത്സരത്തിലെ ആദ്യ 5 വിക്കറ്റ് നേട്ടവും ഈ സീസണിലെ ആദ്യ ഹാട്രിക് വേട്ടക്കാരനും ഈ ഇടംകൈ സ്പിന്നറാണ്. അതും രാജ്യാന്തര താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ വിക്കറ്റുകൾ. കഴിഞ്ഞ സീസണിൽ അജിനാസിനൊപ്പം കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനു വേണ്ടി കളിച്ച മീഡിയം പേസർ അഖിൽ ദേവാണ് കെസിഎലിലെ ആദ്യ ഹാട്രിക് നേട്ടക്കാരൻ.
ബത്തേരിയിലെ സാധാരണ കുടുംബത്തിൽ നിന്ന് പരിമിതികളെ വെല്ലുവിളിച്ച് കളിച്ചുവളർന്ന അജിനാസ് വയനാട് എ ഡിവിഷൻ ലീഗ് ചാംപ്യൻമാരായ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി ക്യാപ്റ്റനാണ്. കെസിഎൽ ചെയർമാനും കേരള സീനിയർ ക്രിക്കറ്റ് ടീം മാനേജരുമായ നാസിർ മച്ചാന്റെ ഉടമസ്ഥതയിലുള്ള ക്ലബാണിത്.
തിളങ്ങി ബോളർമാർപൊതുവേ ബാറ്റർമാരുടെ ആറാട്ടരങ്ങാണ് ട്വന്റി20 ക്രിക്കറ്റെങ്കിലും അജിനാസ് അടക്കം ബോൾ കൊണ്ട് താരമാകുന്നവർ കെസിഎലിലും കുറവല്ല. ഈ സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ കൂടുതൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയതു ബോളർമാരാണ്. മറ്റൊരു പുത്തൻ താരോദയമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പേസ് ബോളിങ് ഓൾറൗണ്ടർ മുഹമ്മദ് ആഷിക്.
4 കളികളിൽ 8 വിക്കറ്റ് വീഴ്ത്തിയ ആഷിക് 2 കളികളിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കി. കൊല്ലത്തിനെതിരായ ത്രില്ലർ മത്സരത്തിൽ അവസാന ബോളിൽ സിക്സർ പറത്തി കൊച്ചിയെ ജയിപ്പിച്ചതും ഈ തൃശൂർക്കാരനാണ്. തൃശൂരിൽ നിന്നുള്ള സിബിൻ ഗിരീഷും 4 കളികളിൽ നിന്ന് 8 വിക്കറ്റ് നേടിയിട്ടുണ്ട്. അജിനാസിനെ പോലെ ആഷിക്കും സിബിനും ഇതുവരെ സംസ്ഥാന ടീമിൽ ഇടം ലഭിക്കാത്തവരാണ്.
English Summary:









English (US) ·