സഞ്ജുവിന്റെയും ശ്രേയസ്സിന്റെയും ‘ക്യാപ്റ്റൻ’, യുവിയുടെ റെക്കോർഡ് തകർത്ത 451*; പക്ഷേ ഒടുവിൽ കേസിൽ കുടുങ്ങി ബിസിസിഐയുടെ ആ മികച്ച താരം

1 month ago 6

സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, ദീപക് ഹൂഡ, കുൽദീപ് യാദവ്, ആവേശ് ഖാൻ എന്നിവരെയൊക്കെ നയിച്ച ആ ഇന്ത്യ അണ്ടർ-19 ക്യാപ്റ്റന്റെ പേര് പറയാമോ? ഈ പറഞ്ഞവരെല്ലാം പിന്നീട് ഇന്ത്യയുടെ സീനിയർ ടീമിൽ കളിച്ചവരാണ്. എന്നാൽ ആ ക്യാപ്റ്റനു മാത്രം അതിനു കഴിഞ്ഞില്ല. ജൂനിയർ ടീമിനു വേണ്ടി ഒരിക്കൽ പുറത്താകാതെ 451 റൺസ് നേടിയിട്ടുള്ള ഈ താരം, തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ചറി നേടി. തൊട്ടുപിന്നാലെ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ ഒരു ഇരട്ടസെഞ്ചറിയും അടിച്ചുകൂട്ടി. മാത്രമല്ല, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ വിരാട് കോലി, എ.ബി.ഡിവില്ലിയേഴ്സ് തുടങ്ങിയവർക്കൊപ്പം കളിക്കുകയും ചെയ്‌തു.

What you should work next

ഇത്രയും ‘ക്ലൂ’ തന്നിട്ടും ആ പേര് മനസ്സിൽ വരാത്തവർ കരുതുക എതെങ്കിലും പരുക്കു പറ്റി കരിയർ നഷ്ടപ്പെട്ട താരമായിരിക്കും ഇതെന്നായിരിക്കും, അല്ലെങ്കിൽഏതെങ്കിലും വലിയ വിവാദങ്ങളോ വിലക്കോ കാരണം കരിയർ പെട്ടെന്ന് അവസാനിപ്പിച്ചതാകുമെന്നാകും. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. എല്ലാവരും പ്രവചിച്ചതുപോലെ ആ പ്രതിഭയുടെ ക്രിക്കറ്റ് കരിയർ വളർന്നില്ല, അത്രമാത്രം!

വിജയ് സോൾ എന്നാൽ ആ ക്രിക്കറ്റ് താരത്തിന്റെ പേര്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത തരംഗമായും രാജ്യത്തെ ഏറ്റവും വലിയ ബാറ്റിങ് പ്രതീക്ഷകളിലൊന്നായും കണക്കാക്കപ്പെട്ടിരുന്ന പ്രതിഭ. 2011 ഡിസംബറിൽ, കൂച്ച് ബിഹാർ ട്രോഫിയിൽ അസമിനെതിരെ മഹാരാഷ്ട്ര അണ്ടർ-19 ടീമിനായി പുറത്താകാതെ 451 റൺസ് നേടിയാണ് വിജയ് സോൾ ശ്രദ്ധ നേടിയത്. 466 പന്തുകളിൽ നിന്നായിരുന്നു സോളിന്റെ ഈ ഇതിഹാസ ഇന്നിങ്സ്. മത്സരത്തിൽ ഏതാണ്ട് 10 മണിക്കൂറോളമാണ് സോൾ ക്രീസിൽ ബാറ്റ് ചെയ്തത്. ഈ പ്രകടനത്തിലൂടെ യുവരാജ് സിങ്ങിന്റെ 358 റൺസ് എന്ന ടൂർണമെന്റ് റെക്കോർഡും സോൾ തകർത്തു.

ഈ ഇന്നിങ്സ് വിജയ് സോളിന് വലിയ അംഗീകാരം നേടിക്കൊടുത്തു, എന്നാൽ അതായിരുന്നില്ല തുടക്കം. 2010-11 സീസണിൽ വെറും ഏഴു മത്സരങ്ങളിൽനിന്ന് 858 റൺസാണ് വിജയ് സോൾ അടിച്ചുകൂട്ടിയത്. താരത്തെ ഏറ്റവും മികച്ച അണ്ടർ-16 ക്രിക്കറ്ററായി ബിസിസിഐ തിരഞ്ഞെടുക്കുകയും ചെയ്തു. അതിന് മുൻപ് തന്നെ അസാധാരണമായ ബാറ്റിഭ് പ്രതിഭയുടെ സൂചനകൾ താരം പ്രകടിപ്പിച്ചിരുന്നു.

∙ ക്യാപ്റ്റൻ വിജയ്!2012ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സോൾ ഉണ്ടായിരുന്നു. പിന്നീട് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. വിജയ് സോൾ ഇന്ത്യ അണ്ടർ–19 ക്യാപ്റ്റനായപ്പോൾ സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റൻ. 2013ൽ ഓസ്‌ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ 73.25 ശരാശരിയിൽ സോൾ 293 റൺസ് നേടി. ടൂർണമെന്റിൽ ഇന്ത്യയെ തോൽവി അറിയാതെ മുന്നിൽനിന്നു നയിച്ചു. പിന്നീട് ശ്രീലങ്കൻ പര്യടനത്തിൽ ആദ്യ യൂത്ത് ടെസ്റ്റിൽ 173 റൺസും, തൊട്ടടുത്ത മത്സരത്തിൽ 128 റൺസും നേടി. രാജ്യാന്തര ബോളിങ് നിരകൾക്കെതിരെയും സോൾ കരുത്ത് കാട്ടി. ഇന്ത്യൻ ബാറ്റിങ്ങിന്റെ ഭാവി വാഗ്ദാനം താനാണെന്ന സൂചനകൾ വിജയ് സോൾ നൽകിക്കൊണ്ടേയിരുന്നു.

 ACC

സഞ്ജു സംസണും വിജയ് സോളും (2014 അണ്ടർ 19 ഏഷ്യ കപ്പിനിടെ ) ഫയൽ ചിത്രം: ACC

ജൂനിയർ ടീമിലെ പ്രതിഭകൾ സീനിയർ തലത്തിലേക്ക് മാറുമ്പോൾ പലപ്പോഴും മങ്ങിപ്പോകാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ സോളിന്റെ കാര്യത്തിൽ തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ ന്യൂസീലൻഡ് എയ്ക്ക് എതിരെ കളിക്കാനുള്ള ഇന്ത്യ എ ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടു. ഡഗ് ബ്രേസ്‌വെൽ, മാർക്ക് ഗില്ലെസ്പി, ഇഷ് സോധി, ടോഡ് ആസ്റ്റിൽ എന്നിവരടങ്ങിയ ബോളിങ് നിരയ്‌ക്കെതിരെ, 18-ാം വയസ്സിൽ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ സോൾ 110 റൺസ് നേടി. തുടർന്ന് മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ത്രിപുരയ്‌ക്കെതിരെ പുറത്താകാതെ 200 റൺസ് അടിച്ചുകൂട്ടി.

ആ സമയത്ത് വിജയ് സോളിന്റെ പേരിലുണ്ടായിരുന്ന നേട്ടങ്ങൾ ഏതു ക്രിക്കറ്റ് താരത്തെയും കൊതിപ്പിക്കുന്നതായിരുന്നു. പ്രശസ്തമായ ആ 451 റൺസ് ഇന്നിങ്സ്, ഇന്ത്യ അണ്ടർ-19 ക്യാപ്റ്റൻസി, തുടർച്ചയായ യൂത്ത് ടെസ്റ്റ് സെഞ്ചറികൾ, ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിലെ സെഞ്ചറി, രഞ്ജി അരങ്ങേറ്റത്തിലെ ഇരട്ട സെഞ്ചറി. അങ്ങനെയൊരാളുടെ ഫസ്റ്റ് ക്ലാസ് കരിയർ വെറും 15 മത്സരങ്ങളിൽ ഒതുങ്ങുമെന്ന് ആരും തന്നെ വിശ്വസിക്കുമായിരുന്നില്ല.

സോളിന്റെ കഴിവ് തിരിച്ചറിഞ്ഞ് ആർസിബി 2012ൽ തന്നെ താരത്തെ ടീമിലെടുത്തിരുന്നു. വിരാട് കോലി, എ.ബി.ഡിവിലിഴേസ്, ക്രിസ് ഗെയ്ൽ എന്നിവർക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടു. പിന്നീട് അണ്ടർ-19 ക്യാപ്റ്റനായപ്പോൾ താൻ വിരാട് കോലിയോട് ഉപദേശങ്ങൾ തേടിയതിനെക്കുറിച്ച് സോൾ സംസാരിച്ചിട്ടുണ്ട്. 2014ൽ സോൾ മറ്റൊരു നിർണായക ഇന്നിങ്സ് കൂടി കളിച്ചു. അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ സെ‍ഞ്ചറി നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. മത്സരത്തിൽ സഞ്ജു സാംസണും സെഞ്ചറി നേടിയിരുന്നു. സോളിന്റെ ആദ്യ രഞ്ജി ട്രോഫി സീസണിൽ 51.70 ശരാശരിയിൽ 517 റൺസ് ഉണ്ടായിരുന്നു. ക്വാർട്ടർ ഫൈനലിൽ ചാംപ്യന്മാരായിരുന്ന മുംബൈയെ തോൽപ്പിച്ച 91 റൺസിന്റെ ഇന്നിങ്സും ഇതിൽ ഉൾപ്പെടുന്നു.

∙ ഗ്രാഫ് താഴേയ്ക്ക്എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. 2014ലെ അണ്ടർ-19 ലോകകപ്പിൽ തിളങ്ങാൻ താരത്തിനു സാധിച്ചില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് 120 റൺസ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ തോൽവിയിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഐസിസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഷൻ നേരിടുകയും ചെയ്തു. എങ്കിലും സോളിന്റെ കരിയർ തകരാൻ കാരണം അതാണെന്നു പറയാൻ കഴിയില്ല. വാസ്തവത്തിൽ, കരിയറിൽ അങ്ങനെയൊരു പെട്ടെന്നുള്ള തകർച്ച ഉണ്ടായിട്ടില്ല. എന്നാൽ ബാറ്റിങ്ങിൽ റൺസ് കണ്ടെത്താൻ താരം പാടുപെട്ടു. ‌‌

 BCCI)

2013ൽ ദക്ഷിണാഫ്രിക്ക അണ്ടർ–19 ടീമിനെതിരെ ഇന്ത്യ 19നു വേണ്ടി സെഞ്ചറി നേടിയ വിജയ് സോൾ. (ഫയൽ ചിത്രം: BCCI)

തൊട്ടടുത്ത രഞ്ജി ട്രോഫി സീസണിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് വെറും 35 റൺസ് മാത്രമാണ് സോളിന് നേടാനായത്. ഇതോടെ മഹാരാഷ്ട്ര ടീം താരത്തെ കൈവിട്ടു. ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ് സോളിന്റെ ഐപിഎൽ കരിയറിലുണ്ടായിരുന്നത്, നേടിയത് വെറും 29 റൺസും. 2014 സീസണിലായിരുന്നു എല്ലാ മത്സരങ്ങളും. തിരിച്ചുവരവിനായി താരം ശ്രമങ്ങൾ നടത്തി. ആഭ്യന്തര ക്രിക്കറ്റിൽ പിന്നീട് മഹാരാഷ്ട്ര അണ്ടർ-23 ടീമിനെ നയിച്ചെങ്കിലും, ആദ്യവർഷങ്ങളിലെ ആ പഴയ ഫോമും ആവേശവും ഒരിക്കലും തിരിച്ചുവന്നില്ല. ഫസ്റ്റ് ക്ലാസ് കരിയർ 15 മത്സരങ്ങളിലും, 733 റൺസിലും, രണ്ട് സെഞ്ചറികളിലും അവസാനിച്ചു. അതിലൊരു സെഞ്ചറി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിലും മറ്റൊന്ന് രഞ്ജി അരങ്ങേറ്റത്തിലെ പുറത്താകാത്ത 200 റൺസുമായിരുന്നു.

∙ കാണാമറയത്ത്വർഷങ്ങൾക്ക് ശേഷം സോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞു, പക്ഷേ ഇത്തവണ ക്രിക്കറ്റുമായി അതിനു ബന്ധമുണ്ടായിരുന്നില്ല. 2023ൽ ഒരു ക്രിപ്‌റ്റോകറൻസി തർക്കവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താരത്തിനെതിരെ കേസെടുത്തു. താരത്തിന്റെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിക്കുകയും മറുവാദം ഉന്നയിച്ച് പരാതി നൽകുകയും ചെയ്തു. സോളിന് മുൻകൂർ ജാമ്യം ലഭിച്ചു. ഇതിൽ അന്തിമമായ കോടതി വിധി എന്താണെന്ന് വ്യക്തമായ വിവരങ്ങളില്ല.

 BCCI)

2013 ഓഗസ്റ്റിൽ ന്യൂസീലൻഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്‌ക്കു വേണ്ടി സെഞ്ചറി നേടിയ വിജയ് സോൾ (ഫയൽ ചിത്രം: BCCI)

എങ്കിലും, അതിനുമുൻപ് തന്നെ താരത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചിരുന്നു. തുടക്കം മുതൽ വലിയ പ്രതീക്ഷകൾ നൽകിയ ഒരു ക്രിക്കറ്റ് താരമായിരുന്നു വിജയ് സോൾ. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, കുൽദീപ് യാദവ്, ആവേശ് ഖാൻ, ദീപക് ഹൂഡ എന്നിവരടങ്ങുന്ന ഒരു സംഘത്തെ നയിച്ച ചരിത്രമുള്ള കഥ. മത്സരം കഠിനമാകുമ്പോഴെല്ലാം സെഞ്ചറികൾ സമ്മാനിച്ച ഒരു കരിയർ. എന്നാൽ ഒടുവിൽ ആർക്കും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ മങ്ങിപ്പോയി. താരത്തിന്, ചുറ്റുമുണ്ടായിരുന്ന ഏതാണ്ട് എല്ലാവരും രാജ്യാന്തര മത്സരം കളിച്ചു, ശ്രേയസ്സ് അയ്യർ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായി. എന്നാൽ സോൾ മാത്രം ക്രിക്കറ്റ് ലോകം മറന്ന ഒരു പേരായി മാറി.

English Summary:

Vijay Zol was erstwhile celebrated arsenic 1 of India's astir promising cricket talents and captained the under-19 squad featuring stars similar Sanju Samson, but his vocation faded prematurely contempt a stellar commencement successful home cricket. This nonfiction explores his travel from record-breaking inferior centuries and sharing the RCB dressing country to his abrupt diminution and disappearance from the mainstream cricket world.

Read Entire Article