കായികമത്സരങ്ങളുടെ അധിവർഷമാണ് 2026. ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പുകൾ മുതൽ ഏഷ്യൻ ഗെയിംസ് വരെ ഇടവേളയില്ലാതെ പോരാട്ടങ്ങൾ. 2026ൽ ലോകവേദിയിൽ കായിക കേരളത്തിന്റെ അഭിമാനമായി മാറാൻ ഒരുങ്ങുന്നപ്രധാന താരങ്ങൾ ഇവരൊക്കെയാണ്...
സഞ്ജുവർഷം!
∙ സഞ്ജു സാംസൺ (ട്വന്റി20 ലോകകപ്പ്)
അവഗണനകളെയും അവസര നഷ്ടങ്ങളെയും അതിജീവിച്ച് പുതുവർഷത്തിൽ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായി പ്രഖ്യാപിച്ചതോടെ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജു ഇന്ത്യയുടെ വജ്രായുധമാകും.2024 ലോകകപ്പിൽ ടീമിൽ ഉൾപ്പെട്ടിട്ടും ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ കഴിയാതെ പോയ സഞ്ജുവിന് ഈ ലോകകപ്പിൽ അതിന്റെ നിരാശ തീർത്ത് തകർത്താടാം. രാജസ്ഥാൻ റോയൽസിൽനിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയ സഞ്ജു ഐപിഎൽ കരിയറിലെ പുതിയ ഇന്നിങ്സിനും ഈ വർഷം തുടക്കമിടും.
റൺ കേരള റൺ!2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി– നാഗോയാ നഗരങ്ങളിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 2023ൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 7 മലയാളി അത്‌ലീറ്റുകളാണു മെഡൽ നേടിയത്. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനങ്ങളിൽ മെഡൽ പ്രതീക്ഷയായ താരങ്ങൾ ഇവർ...
∙ എം. ശ്രീശങ്കർ (ലോങ്ജംപ്)ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കിലും പുരുഷ ലോങ്ജംപിൽ രാജ്യത്തിന്റെ പ്രതീക്ഷ പാലക്കാട് സ്വദേശി ശ്രീശങ്കറിൽ തന്നെയാണ്. പരുക്കു ഭേദമായി തിരിച്ചെത്തിയ ശേഷം കഴിഞ്ഞ സീസണിൽ 8.13 മീറ്റർ ദൂരം ചാടി ശ്രീശങ്കർ ഫോം തെളിയിച്ചിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കറിനായിരുന്നു ലോങ്ജംപിൽ വെള്ളി. 8.41 മീറ്ററാണു ശ്രീശങ്കറിന്റെ കരിയറിലെ മികച്ച പ്രകടനം.
∙ അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്)
2022 കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ ട്രിപ്പിൾജംപ് താരം അബ്ദുല്ല അബൂബക്കർ പുതുവർഷത്തിലും ജംപിങ് പിറ്റിലെ മെഡൽ പ്രതീക്ഷയാണ്. കഴിഞ്ഞവർഷം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനു യോഗ്യത നേടിയ താരം കരിയറിലെ മികച്ച ദൂരമായ 17.19 മീറ്റർ പിന്നിട്ടതും പോയവർഷത്തിലാണ്. 2023 ഏഷ്യൻ ഗെയിംസിൽ നാലാംസ്ഥാനത്തായ കോഴിക്കോട് വളയം സ്വദേശി അബ്ദുല്ലയ്ക്കു നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.
∙ ആൻസി സോജൻ (ലോങ്ജംപ്)കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ (6.63 മീറ്റർ) നേടിയ ആൻസി സോജൻ ഇത്തവണയും മെഡൽ പ്രതീക്ഷയുള്ള താരമാണ്. സ്ഥിരതയാർന്ന പ്രകടനമാണ് തൃശൂർ നാട്ടിക സ്വദേശിനി ആൻസിയുടേത്. കഴിഞ്ഞവർഷം മേയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലും ആൻസി വെള്ളി (6.33 മീറ്റർ) നേടിയിരുന്നു. 2024ലെ ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലായിരുന്നു ആൻസിയുടെ കരിയറിലെ മികച്ച ജംപ് (6.71 മീറ്റർ).
∙ മുഹമ്മദ് അഫ്സൽ (800 മീറ്റർ)1.45 മിനിറ്റിനുള്ളിൽ പുരുഷ 800 മീറ്റർ പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സൽ. 800 മീറ്ററിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ വർഷം 2 തവണ തിരുത്തിയ അഫ്സൽ ജൂലൈയിൽ പോളണ്ടിൽ നടന്ന കോണ്ടിനെന്റൽ ടൂറിൽ 1:44.93 മിനിറ്റിൽ ഫിനിഷ് ചെയ്ത് വെള്ളി നേടിയിരുന്നു. 2023 ഏഷ്യൻ ഗെയിംസിലും 800 മീറ്ററിൽ അഫ്സൽ വെള്ളി നേടിയിരുന്നു.
∙ മുഹമ്മദ് അഫ്സൽ (800 മീറ്റർ)1.45 മിനിറ്റിനുള്ളിൽ പുരുഷ 800 മീറ്റർ പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സൽ. 800 മീറ്ററിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ വർഷം 2 തവണ തിരുത്തിയ അഫ്സൽ ജൂലൈയിൽ പോളണ്ടിൽ നടന്ന കോണ്ടിനെന്റൽ ടൂറിൽ 1:44.93 മിനിറ്റിൽ ഫിനിഷ് ചെയ്ത് വെള്ളി നേടിയിരുന്നു. 2023 ഏഷ്യൻ ഗെയിംസിലും 800 മീറ്ററിൽ അഫ്സൽ വെള്ളി നേടിയിരുന്നു.
ട്രീസ സ്റ്റാർ!
∙ ട്രീസ ജോളി (ബാഡ്മിന്റൻ)
8 മാസത്തോളം പരുക്കേറ്റു പുറത്തിരിക്കേണ്ടിവന്നെങ്കിലും കിരീടത്തിന്റെ തിളക്കത്തിലാണ് ബാഡ്മിന്റൻ താരം ട്രീസ ജോളി 2025 സീസൺ അവസാനിപ്പിച്ചത്. ഗായത്രി ഗോപീചന്ദിനൊപ്പം കഴിഞ്ഞമാസം സയ്യിദ് മോദി ബാഡ്മിന്റനിൽ വനിതാ ഡബിൾസ് കിരീടം നേടിയ കണ്ണൂർ പുളിങ്ങോം സ്വദേശിനി ട്രീസയ്ക്ക് 2026 മാരത്തൺ പോരാട്ടങ്ങളുടെ വർഷമാണ്.2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ വെങ്കലവും മിക്സ്ഡ‍് ടീം ഇനത്തിൽ വെള്ളിയും നേടിയ ട്രീസ ഈ വർഷം കരിയറിലെ രണ്ടാം കോമൺവെൽത്ത് ഗെയിംസിന് ഇറങ്ങും. സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസുമുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പർ ഡബിൾസ് ജോടിയായ ട്രീസ– ഗായത്രി സഖ്യം നിലവിൽ ലോക റാങ്കിങ്ങിൽ 13–ാം സ്ഥാനത്താണ്.
ഡബിൾ ഹോപ്!
സിംബാബ്‌വെയിലും നമീബിയയിലുമായി 15ന് ആരംഭിക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷയുടെ ക്രീസിൽ 2 മലയാളികൾ. തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശി മുഹമ്മദ് ഇനാനും കോട്ടയത്തും മാവേലിക്കരയിലും വേരുകളുള്ള ഹൈദരാബാദ് താരം ആരോൺ ജോർജും.
∙ ആരോൺ ജോർജ്ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലെ തകർപ്പനടിയാണ് ആരോൺ ജോർജിൽ പ്രതീക്ഷ വയ്ക്കാൻ ആരാധകർക്കുള്ള മതിയായ കാരണങ്ങളിലൊന്ന്. യുഎഇ (69 റൺസ്), പാക്കിസ്ഥാൻ (85), ശ്രീലങ്ക (58*) ടീമുകൾക്കെതിരെ നേടിയ അർധ സെഞ്ചറികൾ ആരോൺ എന്ന ടോപ് ഓർഡർ ബാറ്ററുടെ പ്രതിഭ വെളിപ്പെടുത്തുന്നതായിരുന്നു.
ഫൈനൽ വരെയെത്തിയ ഇന്ത്യയുടെ പ്രകടനത്തിൽ നിർണായക ശക്തിയായിരുന്നു ആരോൺ. അതിനും മുൻപ് ഹൈദരാബാദ് ക്രിക്കറ്റ് ടീം വിനൂ മങ്കാദ് അണ്ടർ 19 ക്രിക്കറ്റ് ജേതാക്കളായപ്പോൾ ടീം ക്യാപ്റ്റൻ ആരോൺ ആയിരുന്നു. 146.85 സ്ട്രൈക്ക് റേറ്റിൽ 2 സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമടക്കം 373 റൺസ് അടിച്ചുകൂട്ടിയ ആരോണാണ് ഹൈദരാബാദിന്റെ കിരീടക്കുതിപ്പിന് ചുക്കാൻ പിടിച്ചത്.
മുഹമ്മദ് ഇനാൻബെംഗളൂരുവിൽ നടന്ന അണ്ടർ 19 ഏകദിന ത്രികോണ പരമ്പരയിൽ നേടിയ സെഞ്ചറിയാണ് ഓൾറൗണ്ടർ മുഹമ്മദ് ഇനാനെ സമീപകാലത്തു ശ്രദ്ധേയനാക്കിയത്. ഇന്ത്യ ബി ടീമിനെതിരെ ഇന്ത്യ എ ടീമിനായി എട്ടാമതായി ബാറ്റിങ്ങിന് ഇറങ്ങിയാണ് ഇനാൻ 74 പന്തിൽ 105 റൺസ് നേടിയത്.
ലെഗ് ബ്രേക്ക് ബോളറായ ഇനാൻ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളത്തിനായി 5 കളികളിൽ 32 വിക്കറ്റ് വീഴ്ത്തിയ പ്രകടനം കരിയറിൽ വഴിത്തിരിവായി. കൂച്ച് ബിഹാറിൽ 24 വിക്കറ്റും ഇരുന്നൂറിലേറെ റൺസും നേടി മികവു തുടർന്നു. തൃശൂർ പുന്നയൂർക്കുളം പരൂർ അമ്പലത്തുവീട്ടിൽ മാളിയേക്കൽ ഷാനവാസ് മൊയ്തുട്ടിയുടെയും റഹീനയുടെയും മകനാണ്.
ഗോളോളം സ്വപ്നം!
∙ പി. മാളവിക
(എഎഫ്സി വിമൻസ് ഏഷ്യാ കപ്പ് ഫുട്ബോൾ)
യോഗ്യതാ റൗണ്ട് ജയിച്ച് ഇന്ത്യ ആദ്യമായി എഎഫ്സി വിമൻസ് ഏഷ്യാ കപ്പ് ഫൈനൽ റൗണ്ടിനു യോഗ്യത നേടിയപ്പോൾ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമായിരുന്നു, കാസർകോട് ബങ്കളം സ്വദേശിനി പി.മാളവിക. ഈ വർഷം ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങൾ മാർച്ചിൽ ആരംഭിക്കുമ്പോൾ, ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന മാളവികയിൽ പ്രതീക്ഷയർപ്പിക്കുന്നവരേറെ.
1999നു ശേഷം ആദ്യമായി ഇന്ത്യൻ വനിതാ ടീമിലെത്തിയ മലയാളി കൂടിയാണു മാളവിക. തായ്‌ലൻഡിൽ നടന്ന യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമായിരുന്നു മാളവികയുടേത്. മംഗോളിയ, തിമോർ ലെസ്‌റ്റ്, ഇറാഖ്, തായ്‌ലൻഡ് ടീമുകൾക്കെതിരെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ കളിച്ചാണ് ഇന്ത്യ ഫൈനൽസിലെത്തി നിൽക്കുന്നത്.
English Summary:








English (US) ·