
പ്രകാശ് ബാരെ, സാന്ദ്രാ തോമസ് | ഫോട്ടോ: Facebook, കെ.ബി. സതീഷ്കുമാർ | മാതൃഭൂമി
മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിന് പിന്തുണയുമായി സംവിധായകനും നടനും നിർമാതാവുമായ പ്രകാശ് ബാരെ. സാന്ദ്രാ തോമസിനെ മത്സരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാന്ദ്രാ തോമസ് ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ട്. ഓരോന്നിൻ്റെയും സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേരുണ്ട്.ഇത് യോഗ്യതാ മാനദണ്ഡത്തിനും എത്രയോ മുകളിലാണ്. സാന്ദ്രയുടെ സ്വന്തം ബാനറിലുള്ള സിനിമകൾ മാത്രം കണക്കാക്കുമെന്ന വരണാധികാരിയുടെ നിലപാട്, അവരുടെ പേരിലുള്ള അംഗീകൃത സെൻസർ ക്രെഡിറ്റുകളെ അവഗണിക്കുന്നതും നിയമപരമായി നിലനിൽക്കാത്തതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാന്ദ്രാ തോമസ് നിർമിച്ച ഒൻപത് സിനിമകളുടെ പേരും വർഷവും അക്കമിട്ട് നിരത്തിയാണ് പ്രകാശ് ബാരെ അവർക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. താൻ സാന്ദ്രാ തോമസിനൊപ്പമാണെന്ന് പ്രകാശ് ബാരെ വ്യക്തമാക്കി.
മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണെന്നും വ്യവസ്ഥാപിതമായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സൃഷ്ടാക്കളാണ് അതിന് ശക്തി പകരുന്നതെന്നും പ്രകാശ് ബാരെ പറഞ്ഞു. സാന്ദ്രാ തോമസ് അക്കൂട്ടത്തിലെ ഏറ്റവും ശക്തരായവരിൽ ഒരാളാണ്. മികച്ച സിനിമകൾ നിർമ്മിക്കുകയും, ശക്തരായ പുരുഷന്മാരെപ്പോലും നേരിടേണ്ടി വരുമ്പോഴും സ്ത്രീകളുടെ പ്രാതിനിധ്യത്തിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന വ്യക്തിയാണവർ. എന്നിട്ടും, ഇടുങ്ങിയ ചിന്താഗതിക്കാരായ, പുരുഷാധിപത്യപരമായ ഒരു "പവർ ഗ്രൂപ്പ്" നിയന്ത്രിക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (KFPA), നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള അവരുടെ സ്ഥാനാർത്ഥിത്വം തടയാൻ ശ്രമിക്കുകയാണെന്ന് പ്രകാശ് ബാരെ പറഞ്ഞു.
"ഒരു സ്ഥാനാർത്ഥിക്ക് അവരുടെ പേരിൽ സെൻസർ ചെയ്ത മൂന്ന് സിനിമകളെങ്കിലും ഉണ്ടായിരിക്കണമെന്ന് ബൈലോയിൽ വ്യക്തമായി പറയുന്നു. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനാ യോഗത്തിൽ സാന്ദ്ര വ്യക്തമാക്കിയതുപോലെ, അവർക്ക് അത്തരം ഒൻപത് സിനിമകളുണ്ട്. എന്നാൽ, അവരുടെ സ്വകാര്യ ബാനറിലുള്ള രണ്ട് സിനിമകൾ മാത്രം പരിഗണിച്ച്, ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അവഗണിച്ച് പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള അവരുടെ മത്സരം തള്ളുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാത്രം മത്സരിക്കാൻ അനുവദിക്കുകയുമായിരുന്നു. ഇത് നിയമപരമോ ന്യായമോ അല്ല. ഈ രംഗത്തെ പീഡനങ്ങൾക്കും, സ്വജനപക്ഷപാതത്തിനും, അഴിമതിക്കും എതിരെ നിലകൊണ്ട, ധീരയും യോഗ്യയുമായ ഒരു സ്ത്രീയെ നിശ്ശബ്ദയാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.
അവർ സത്യം സംസാരിക്കുന്നതുകൊണ്ട് അവർ ഭയപ്പെടുന്നു. അവർ നിലപാടെടുക്കുന്നതുകൊണ്ട് അവർക്ക് ഭീഷണിയാകുന്നു. നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പ് നടക്കട്ടെ. അംഗങ്ങൾ തീരുമാനിക്കട്ടെ. സ്ത്രീകൾ അർഹിക്കുന്നത് നേതൃത്വമാണ്, മാറ്റിനിർത്തലല്ല.
സാന്ദ്ര മത്സരിക്കട്ടെ. കുറഞ്ഞത് ഒൻപത് സിനിമകൾ, ഓരോന്നിൻ്റെയും സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേരുണ്ട്. ഇത് യോഗ്യതാ മാനദണ്ഡത്തിനും എത്രയോ മുകളിലാണ്. സാന്ദ്രയുടെ സ്വന്തം ബാനറിലുള്ള സിനിമകൾ മാത്രം കണക്കാക്കുമെന്ന വരണാധികാരിയുടെ നിലപാട്, അവരുടെ പേരിലുള്ള അംഗീകൃത സെൻസർ ക്രെഡിറ്റുകളെ അവഗണിക്കുന്നതും നിയമപരമായി നിലനിൽക്കാത്തതുമാണ്. എല്ലാവരും വസ്തുതകൾ കാണുന്നുവെന്നും നീതി ആവശ്യപ്പെടുന്നുവെന്നും നമുക്ക് ഉറപ്പാക്കാം." പ്രകാശ് ബാരെ കൂട്ടിച്ചേർത്തു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസിന്റെ പത്രിക കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷന്‍ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്നാണ് സാന്ദ്രാതോമസ് ഇതിനോട് പ്രതികരിച്ചത്.
Content Highlights: Filmmaker Prakash Bare supports Sandra Thomas`s candidacy for KFPA
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·