അമ്മയ്ക്കും വല്യമ്മയ്ക്കും ശാരദപ്പടങ്ങളോടാണ് കമ്പം. കുടുംബകഥകളാവും. വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ടാകും; മേമ്പൊടിക്ക് ദുഃഖഗാനങ്ങളും. കൊട്ടകയിലെ ഇരുട്ടിലിരുന്ന് ഇടയ്ക്കിടെ വിതുമ്പാം; കണ്ണീരൊപ്പാം. ആനന്ദലബ്ധിക്കിനി എന്തുവേണം?
നേരെ മറിച്ചാണ് ഞങ്ങള്‍ കുട്ടികളുടെ സ്ഥിതി. കരച്ചില്‍ സഹിക്കാനേ വയ്യ. ചിരിപ്പിക്കുന്നതാവണം സിനിമ. ഇടയ്ക്കിടെ സ്റ്റണ്ട് വേണം. പാട്ട് നിര്‍ബന്ധമില്ല. ഉണ്ടെങ്കില്‍ത്തന്നെ കരച്ചില്‍പ്പാട്ടുകള്‍ വേണ്ടേ വേണ്ട. ഭാസി-ബഹദൂര്‍ കോമഡി നിര്‍ബന്ധം. ചുണ്ടിലൊരു ചിരിയോടെ വേണം കൊട്ടകയില്‍ നിന്നിറങ്ങിപ്പോരാന്‍. വെള്ളിത്തിരയിലെ ദുഃഖപുത്രിയായ ശാരദയുടെ സിനിമകളില്‍ നിന്ന് അതൊന്നും കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അഥവാ അങ്ങനെയായിരുന്നു ഞങ്ങളുടെ 'പിഞ്ചു'മനസ്സുകളുടെ ധാരണ.
'യക്ഷി'യില്‍ കയ്യില്ലാക്കുപ്പായവും മുട്ടോളമുള്ള പാവാടയുമണിഞ്ഞ് 'വിളിച്ചൂ ഞാന്‍ വിളികേട്ടു തുടിച്ചൂ മാറിടം തുടിച്ചൂ ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ മറന്നൂ ഞാനെന്നെ മറന്നൂ' എന്ന് പാടി കാമലോലയായി സത്യനെ വശീകരിക്കാന്‍ ശ്രമിക്കുന്ന ശാരദയെ കണ്ടപ്പോള്‍ അതുകൊണ്ടുതന്നെ അത്ഭുതം തോന്നി. മുന്‍പ് കണ്ടിട്ടില്ലല്ലോ അങ്ങനെയൊരു മൂഡില്‍ ശാരദയെ.
'ഇതളിതളായ് വിരിഞ്ഞുവരും ഈ വികാരപുഷ്പങ്ങള്‍
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി -
ന്നെന്തുകൊണ്ടീ വഴി വന്നില്ലാ വന്നെത്തിയില്ലാ...'
വയലാര്‍ - ദേവരാജന്‍ ടീമിന്റെ കൈയൊപ്പ് പതിഞ്ഞുകിടക്കുന്ന പാട്ട്. പി സുശീലയുടെ ശബ്ദത്തിലെ വികാരസാഗരം മുഴുവന്‍ ശരീരഭാഷ കൊണ്ടും മുഖത്തെ ഭാവപ്പകര്‍ച്ചകള്‍ കൊണ്ടും ഒപ്പിയെടുത്ത് ശാരദ അഭിനയിച്ച രംഗം. ഏറെ പ്രിയപ്പെട്ട ഗാനരംഗങ്ങളിലൊന്ന് കൂടിയാണത് . അന്നത്തെ സാങ്കേതിക പരിമിതികള്‍ ഉള്‍ക്കൊണ്ട് അത് മനോഹരമായി ചിത്രീകരിച്ച കെ എസ് സേതുമാധവനും ഛായാഗ്രാഹകന്‍ മെല്ലി ഇറാനിക്കും നന്ദി. ശാരദയുടെ വ്യത്യസ്തമായ രംഗസാന്നിദ്ധ്യം കൊണ്ടുകൂടി ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു ആ ഗാനം.

ഇഷ്ടപ്പെട്ട മറ്റൊരു ഗാനരംഗം 'ഇരുട്ടിന്റെ ആത്മാവി'ലാണ്: 'ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്ത രാവിലെ വെണ്മുകിലേ..'. യക്ഷിയിലെ പാട്ടിന്റെ നേരെ എതിര്‍ധ്രുവത്തിലാണത്. തീവ്ര ദുഃഖമാണ് ഇവിടെ പാട്ടിന്റെയും പാട്ടുകാരിയുടേയും സ്ഥായീഭാവം. ശബ്ദത്തില്‍ ഒരു നിശ്ശബ്ദഗദ്ഗദം ഒളിച്ചുവെച്ചുകൊണ്ട് എസ് ജാനകി പാടി അനശ്വരമാക്കിയ പി ഭാസ്‌കരന്‍ -- ബാബുരാജ് ഗാനത്തിന്റെ വരികളിലൂടെ നിറകണ്ണുകളോടെ ഒഴുകിപ്പോകുന്നു ശാരദ. അതേ ചിത്രത്തിലെ 'ഇരുകണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴിയില്‍ വെച്ച് കണ്ടുമുട്ടി' എന്ന ഗാനത്തിലുമുണ്ട് ഇതേ വിഷാദവതിയായ ശാരദ. രണ്ടും ബാബുരാജിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ അനശ്വരമായ ഗാനങ്ങള്‍.
'പരീക്ഷ'യിലെ 'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ' എന്ന ഗാനത്തിന്റെ ഭാവം ഇതില്‍ നിന്നൊക്കെ വ്യത്യസ്തം. പ്രണയ പരവശയായ കാമുകിയുടെ ആത്മഗീതമാണ് ആ ഭാസ്‌കരന്‍ -- ബാബുരാജ് സൃഷ്ടി. 'എങ്ങനെ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്പം പീലിവിടര്‍ത്താന്‍' എന്ന് പാടുമ്പോള്‍ പ്രതീക്ഷ. അനുരാഗഗാനമായാല്‍ അവിവേകിപ്പെണ്ണാകും ഞാന്‍ എന്ന് പാടുമ്പോള്‍ പരിഭവം. വിരുന്നുകാര്‍ പോകും മുമ്പേ വിരഹഗാനമെങ്ങനെ പാടും എന്ന് പാടുമ്പോള്‍ ആകാംക്ഷ.... ജാനകിയുടെ ശബ്ദത്തിലെ ഭാവവൈവിധ്യം മുഴുവന്‍ കണ്ണുകളാല്‍ ഒപ്പിയെടുക്കുന്നു ശാരദ. കാട്ടുതുളസിയിലെ 'സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണാറുണ്ടോ' എന്ന വയലാര്‍ - ബാബുരാജ് ഗാനത്തിലെ വിഷാദ മാധുര്യം മനസ്സിനെ തൊടുന്ന അനുഭവമാക്കി മാറ്റിയതും ശാരദയുടെ വികാരദീപ്തമായ കണ്ണുകള്‍ തന്നെ.
ജാനകിയുടെ ശബ്ദമാണ് വെള്ളിത്തിരയിലെ ശാരദയ്ക്ക് ഏറ്റവുമിണങ്ങുക എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. ഇരുവരും ഒരേ നാട്ടുകാര്‍, അടുത്ത സുഹൃത്തുക്കള്‍. ഏതാണ്ടൊരേ കാലത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചവര്‍. ആ സൗഹൃദത്തിന്റെ സുതാര്യ സൗന്ദര്യം അവര്‍ ഒരുമിച്ച പാട്ടുകളിലുമുണ്ട്. പ്രണയവും വിരഹവും വാത്സല്യവും ഭക്തിയുമെല്ലാം അലയടിക്കുന്നു അവയില്‍: നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ (പകല്‍ക്കിനാവ്), തങ്കം വേഗമുറങ്ങിയാല്‍, മാന്‍കിടാവിനെ മാറിലേന്തും (ഉദ്യോഗസ്ഥ), ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ (സ്ത്രീ), ഇനിയുറങ്ങൂ (വിലക്ക് വാങ്ങിയ വീണ), മഴമുകിലൊളിവര്‍ണ്ണന്‍ (ആഭിജാത്യം), കാളിന്ദി തടത്തിലെ രാധ (ഭദ്രദീപം), എന്റെ മകന്‍ കൃഷ്ണനുണ്ണി (ഉദയം), കുന്നിന്മേലെ നീയെനിക്കൊരു (രാജമല്ലി), എന്‍ പ്രാണനായകനെ എന്തു വിളിക്കും (പരീക്ഷ), കണ്മണിയേ കരയാതുറങ്ങൂ നീ, മധുമാസ രാത്രി മാദകരാത്രി (കാര്‍ത്തിക), അകലെയകലെ നീലാകാശം (മിടുമിടുക്കി), ചന്ദ്രോദയത്തിലെ (യക്ഷി), ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ (കടല്‍), മുട്ടിവിളിക്കുന്നു വാതില്‍ക്കല്‍ മധുമാസം, പാതിരാവായില്ല പൗര്‍ണ്ണമി കന്യക്ക് (മനസ്വിനി), ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍ (കാക്കത്തമ്പുരാട്ടി)....

ശാരദ -സുശീല സഖ്യത്തിന്റെ പാട്ടുകള്‍ താരതമ്യേന എണ്ണത്തില്‍ കുറവെങ്കിലും ഭൂരിഭാഗവും ഹിറ്റായിരുന്നു എന്ന പ്രത്യേകതയുണ്ട്: പണ്ട് മുഗള്‍ കൊട്ടാരത്തില്‍ (കസവുതട്ടം), കനകപ്രതീക്ഷ തന്‍ (മിടുമിടുക്കി), കൈ നിറയെ (ഹോട്ടല്‍ ഹൈറേഞ്ച്), ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍ (തുലാഭാരം), പഞ്ചതന്ത്രം കഥയിലെ (നദി), കളഭമഴ പെയ്യുന്ന (കുറ്റവാളി), ഊഞ്ഞാലാ (വീണ്ടും പ്രഭാതം), പാമരം പളുങ്കു കൊണ്ട് (ത്രിവേണി), രാജശില്‍പ്പി (പഞ്ചവന്‍കാട്), ചന്ദ്രരശ്മി തന്‍ (അന്വേഷണം), ഓമനത്തിങ്കള്‍ പക്ഷി (രാഗം)... വാണിജയറാമിന്റെ ശാരദാഗാനങ്ങളില്‍ പാല്‍ക്കടലിലെ 'കുങ്കുമപ്പൊട്ടിലൂറും കവിതേ' വേറിട്ടു നില്‍ക്കുന്നു. 'അര്‍ച്ചന'യില്‍ എല്‍ ആര്‍ ഈശ്വരി ശബ്ദം പകര്‍ന്ന വ്യത്യസ്ത ഗാനങ്ങള്‍ക്കൊത്തു ചുണ്ടനക്കിയതും ശാരദ തന്നെ: എത്ര കണ്ടാലും, ഓമനപ്പാട്ടുമായ്. മാധുരിയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ ' പ്രാണനാഥന്‍ എനിക്ക് നല്‍കിയ' മറ്റൊരു ഉദാഹരണം.
ജൂണ്‍ 25 ന് ശാരദക്ക് 80 വയസ്സ് തികയുന്നു. ഗാനരംഗത്താണ് സിനിമയില്‍ ശാരദയുടെ അരങ്ങേറ്റം തന്നെ. 1955 ല്‍ പുറത്തുവന്ന കന്യാസുല്‍ക്കം എന്ന തെലുങ്ക് ചിത്രത്തില്‍ പാട്ടു പാടി ചുവടുവെക്കുന്ന കുട്ടിക്കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് നൂറുകണക്കിന് ഗാനങ്ങള്‍, ഗാനരംഗങ്ങള്‍. ആ പാട്ടുകളെക്കുറിച്ച് ഓര്‍ക്കാതെ ഉര്‍വശി ശാരദയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പൂര്‍ണ്ണമാകില്ല.
Content Highlights: Sharada, Malayalam cinema, movie songs, P. Susheela, S. Janaki, playback singer, nostalgic songs
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·