സത്യസന്ധമായി നിര്‍മിച്ച സിനിമ, സ്‌നേഹവും പ്രതികരണങ്ങളും ആഴത്തില്‍തൊട്ടു, നന്ദി- മോഹന്‍ലാല്‍

8 months ago 8

mohanlal

മോഹൻലാൽ | Photo: Instagram/ Amal C Sadhar

'തുടരും' സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍. ചിത്രത്തോടുള്ള പ്രേക്ഷകരുടെ ഹൃദയംഗമമായ പ്രതികരണങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

''തുടരും' സിനിമയോടുള്ള സ്‌നേഹവും ഹൃദയംഗമമായ പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലാണ് ഓരോ സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്നെവന്ന് തൊടുന്നത്. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ചതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ ഓരോ ഫ്രെയ്മിനും സ്‌നേഹവും പ്രയത്‌നവും ആത്മാവും പകര്‍ന്ന് എനിക്കൊപ്പം നടന്ന ഓരോ വ്യക്തികളുടേതുമാണ്. രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി. കെ.ആര്‍. സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍', എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

നിലവില്‍ സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പുണെയിലാണ് മോഹന്‍ലാല്‍. പുണെയില്‍ താരം 'തുടരും' കാണാന്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ്. കെ.ആര്‍. സുനിലിന്റേതാണ് ചിത്രത്തിന്റെ കഥ. തരുണും സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫും ഷെഫീഖ് വി.ബിയും ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം ശോഭനയും മോഹന്‍ലാലും ജോഡികളായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

Content Highlights: Mohanlal expresses gratitude for the overwhelming effect to his latest film, `Thudarum`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article