01 June 2025, 08:17 AM IST
.jpg?%24p=41cf4bd&f=16x10&w=852&q=0.8)
Photo: x.com/Ligue1_ENG/, instagram.com/brfootball/
റഫറിയുടെ ഫൈനല്‍ വിസിലിനു പിന്നാലെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ആരാധകര്‍ പൊട്ടിക്കരഞ്ഞു. സൂപ്പര്‍ താരങ്ങളുടെ വമ്പന്‍നിരയുണ്ടായിരുന്നിട്ടും കണ്ണെത്താ ദൂരത്തായിരുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണ ലൂയിസ് എന്റിക്വെയുടെ പട പാരീസിലേക്കെത്തിച്ചിരിക്കുകയാണ്. കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെതിരേ 5-0ന്റെ തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ എന്റിക്വെ ആദ്യം നോക്കിയത് ആകാശത്തേക്കാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നില്‍ നിന്ന് കാന്‍സര്‍ തട്ടിയെടുത്ത മകള്‍ സനയുടെ ഓര്‍മകളിലേക്കാണ്.
2019 ഓഗസ്റ്റ് 30-നാണ് ഒമ്പതു വയസുകാരിയായിരുന്ന മകള്‍ സനയുടെ വിയോഗ വാര്‍ത്ത എന്റിക്വെ ലോകത്തെ അറിയിക്കുന്നത്. സനയുടെ ശരീരത്തിലെ അസ്ഥികളെയാണ് കാന്‍സര്‍ ബാധിച്ചത്. അഞ്ചു മാസത്തോളം രോഗത്തോട് പൊരുതിയാണ് സന ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. 2018 ലോകകപ്പിനു ശേഷം സ്പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ മകളുടെ ചികിത്സാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി 2019 ജൂണ്‍ 19-ന് രാജിവെച്ചിരുന്നു.
.jpg?$p=7da0659&w=852&q=0.8)
ഇത്തവണ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിനു പിന്നാലെ സനയുടെ ഓര്‍മയ്ക്കായി പിഎസ്ജി ആരാധകര്‍ മ്യൂണിക്കിലെ സ്റ്റേഡിയത്തില്‍ ഭീമന്‍ ടിഫോ ബാനര്‍ ഉയര്‍ത്തുകയായിരുന്നു. 2015-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം യുവെന്റസിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷം ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയനിലെ ടര്‍ഫില്‍ ബാഴ്സലോണ പതാക നാട്ടുന്ന എന്റിക്വെയുടെയും അന്ന് അഞ്ചു വയസുണ്ടായിരുന്ന സനയുടെയും ചിത്രം ഏറെ പ്രസിദ്ധമായിരുന്നു. ആ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മകള്‍ക്കൊപ്പം പിഎസ്ജിയുടെ പതാക നാട്ടുന്ന എന്റിക്വെയുടെ ചിത്രമാണ് ആരാധകര്‍ മ്യൂണിക്കില്‍ ടിഫോ ബാനറായി ഉയര്‍ത്തിയത്.
.jpg?$p=a5fffd6&w=852&q=0.8)
സനയ്ക്ക് ആദരമര്‍പ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കറുത്ത ടീ ഷര്‍ട്ട് ധരിച്ചാണ് എന്റിക്വെ ഫൈനല്‍ മത്സരത്തിനെത്തിയത്. ട്രോഫി സ്വന്തമാക്കിയ ശേഷമുള്ള പരേഡിനിടെയാണ് ഗാലറിയിലെ പിഎസ്ജി ആരാധകര്‍ വമ്പന്‍ ടിഫോ ഉയര്‍ത്തിയത്. ആരാധകരുടെ ഈ സ്‌നേഹത്തിന് എന്റിക്വെ നന്ദിയറിയിക്കുകയും ചെയ്തു. മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും വൈകാരികമായാണ് എന്റിക്വെ ഇതിനോട് പ്രതികരിച്ചത്. ''പിഎസ്ജി ആരാധകരുടെ ആ പ്രവൃത്തി ഏറെ വൈകാരികമായിരുന്നു. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അവര്‍ ചിന്തിച്ചു എന്നത് മനോഹരമായ കാര്യമാണ്. എന്റെ മകളെക്കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് ഒരു കളി ജയിക്കേണ്ട ആവശ്യമില്ല, ചാമ്പ്യന്‍സ് ലീഗും ജയിക്കേണ്ട ആവശ്യമില്ല. ഞാന്‍ എല്ലാ ദിവസവും അവളുടെ ഓര്‍മകളിലാണ്. അവള്‍ ഇന്നും ഞങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്, ഞങ്ങള്‍ തോല്‍ക്കുമ്പോഴും അവളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. സന എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ എപ്പോഴും അവളെക്കുറിച്ചാണ് ചിന്തിക്കുന്നത്, ഞങ്ങള്‍ അവളെ സ്‌നേഹിക്കുന്നു. അവളെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി പ്രതിഷ്ടിച്ചിരിക്കുന്നു.'' - എന്റിക്വെ പറഞ്ഞു.
Content Highlights: Touching tribute by PSG fans to Luis Enrique`s precocious girl Sana aft Champions League victory








English (US) ·