മാഞ്ചസ്റ്റർ∙ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹൃദയഭേദകമായ തോൽവിയിലേക്ക് തള്ളിയിട്ട പിഴവുകൾ ദിവസങ്ങൾക്കിപ്പുറം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യൻ ബാറ്റർമാർ വിജയകരമായി തിരുത്തി. ലോഡ്സിൽ പ്രതിരോധക്കോട്ട കെട്ടിയ രവീന്ദ്ര ജഡേജ ഒരിക്കൽക്കൂടി അപരാജിത സെഞ്ചറിയുമായി പടനയിച്ചപ്പോൾ, ഇത്തവണ തകർപ്പൻ സെഞ്ചറികളുമായി ശുഭ്മൻ ഗില്ലും വാഷിങ്ടൻ സുന്ദറുമെല്ലാം കൂട്ടിനെത്തി; സെഞ്ചറി നഷ്ടത്തിന്റെ നിരാശയ്‌ക്കിടയിലും കെ.എൽ.രാഹുലും. ഫലം, തോൽവി ഉറ്റുനോക്കിയ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് വിജയതുല്യമായ സമനില. ഒന്നാം ഇന്നിങ്സിൽ 311 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയിട്ടും, ബാറ്റിങ്ങിൽ പുറത്തെടുത്ത വീരോചിതമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.
മത്സരത്തിൽ പുലർത്തിയ ആധിപത്യം വിജയത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 2–1ന്റെ ലീഡ് നിലനിർത്തി. നിർണായകമായ അവസാന ടെസ്റ്റ് ജൂലൈ 31 മുതൽ ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടക്കും. സ്കോർ: ഇന്ത്യ – 358 & 425/4, ഇംഗ്ലണ്ട് – 669.
രണ്ടിന് 174 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 143 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്താണ് സമനില പിടിച്ചുവാങ്ങിയത്. തകർപ്പൻ സെഞ്ചറികളുമായി കരുത്തുകാട്ടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (103), രവീന്ദ്ര ജഡേജ (107*), വാഷിങ്ടൻ സുന്ദർ (101*) എന്നിവരുടെ ചെറുത്തുനിൽപ്പുകളാണ് ഇന്ത്യയുടെ വീരോചിത പോരാട്ടത്തിന്റെ നട്ടെല്ല്. അർഹിച്ച സെഞ്ചറി 10 റൺസ് അകലെ നഷ്ടമായെങ്കിലും, കെ.എൽ. രാഹുൽ പൊരുതിനേടിയ 90 റൺസിനും 100 മാർക്ക്. രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിൽത്തന്നെ ഡക്കിനും ഗോൾഡൻ ഡക്കിനും പുറത്തായ ഓപ്പണർ യശസ്വി ജയ്‍സ്വാൾ, സായ് സുദർശൻ എന്നിവർ പരത്തിയ ഭീതിയുടെ കെട്ടുപാടുകൾ അസ്ഥാനത്താക്കിയാണ് ഇന്ത്യയുടെ ഈ ചെറുത്തുനിൽപ്പ് എന്നതും ശ്രദ്ധേയം.
∙ എന്തൊരു ക്ഷമ!
ഇടയ്ക്ക് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് സമനില സമ്മതിച്ച് ഹസ്തദാനത്തിന് എത്തിയെങ്കിലും, സെഞ്ചറി പൂർത്തിയാക്കിയിട്ടേ മടങ്ങൂ എന്ന് നിലപാടെടുത്ത ജഡേജയും വാഷിങ്ടൻ സുന്ദറും അവസാന ദിനത്തിലെ ഉജ്വല ദൃശ്യമായി. ഒടുവിൽ 183 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതമാണ് ജഡേജ സെഞ്ചറി പൂർത്തിയാക്കിയത്. ജോ റൂട്ടിനെതിരെ തകർപ്പൻ സിക്സറിലൂടെയായിരുന്നു സെഞ്ചറി നേട്ടം. 185 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 107 റൺസുമായി ജഡേജ പുറത്താകാതെ നിന്നു. ഒടുവിൽ ഹാരി ബ്രൂക്കിനെതിരെ ഡബിൾ നേടി വാഷിങ്ടൻ സുന്ദറും സെഞ്ചറി നേടിയതോടെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുത്തു. 206 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമാണ് സുന്ദറിന്റെ കന്നി സെഞ്ചറി.
പരമ്പരയിലെ നാലാം സെഞ്ചറി കുറിച്ച ശുഭ്മൻ ഗിൽ (103), ഓപ്പണർ കെ.എൽ. രാഹുൽ (90) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു ബാറ്റർമാർ. 228 പന്തിൽ 12 ഫോറുകൾ സഹിതമാണ് ഗിൽ സെഞ്ചറി പൂർത്തിയാക്കിയത്. 238 പന്തിൽ 103 റൺസുമായി പുറത്താവുകയും ചെയ്തു. 230 പന്തിൽ എട്ടു ഫോറുകൾ സഹിതം 90 റൺസെടുത്താണ് രാഹുൽ പുറത്തായത്. മൂന്നാം വിക്കറ്റിൽ രാഹുൽ – ഗിൽ സഖ്യം 417 റൺസ് നേരിട്ട് 188 റൺസാണ് നേടിയത്. ഈ നൂറ്റാണ്ടിൽ ഇംഗ്ലിഷ് മണ്ണിൽ ഒരു ഇന്ത്യൻ സഖ്യം നേരിടുന്ന ഏറ്റവും ഉയർന്ന പന്തുകളാണ് ഇവർ നേരിട്ട 417 പന്തുകൾ. 238 പന്തിൽ 12 ഫോറുകൾ സഹിതം 103 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ വിക്കറ്റ് കീപ്പർ ജയ്മി സ്മിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 230 പന്തിൽ എട്ടു ഫോറുകൾ സഹിതം 90 റൺസെടുത്താണ് രാഹുൽ പുറത്തായത്.
മൂന്നു സെഞ്ചറികൾക്കൊപ്പം ഓരോ ഇരട്ടസെഞ്ചറി കൂട്ടുകെട്ടും സെഞ്ചറി കൂട്ടുകെട്ടും ചേർന്നതോടെയാണ് ഓൾഡ് ട്രാഫഡിൽ ഇന്ത്യയുടെ പുതുനിര സമനില തെറ്റാതെ കാത്തത്. മൂന്നാം വിക്കറ്റിൽ പുതുചരിത്രമെഴുതി 417 പന്തുകൾ ചെറുത്തുനിന്ന് 178 റൺസ് കൂട്ടിച്ചേർത്ത ശുഭ്മൻ ഗിൽ – കെ.എൽ. രാഹുൽ സഖ്യം. ഇവർ സ്ഥാപിച്ച അടിത്തറയ്ക്കു മുകളിൽ പിരിയാത്ത അഞ്ചാം വിക്കറ്റിൽ അതിലും ഉറപ്പോടെ ഇരട്ട സെഞ്ചറി കൂട്ടുകെട്ട് സ്ഥാപിച്ച ജഡേജ – സുന്ദർ സഖ്യം. 334 പന്തുകൾ നേരിട്ട് ഇരുവരും കൂട്ടിച്ചേർത്തത് 203 റൺസാണ്. ഈ രണ്ടു കൂട്ടുകെട്ടുകളും തകർക്കാനാകാതെ പോയതോടെയാണ് ഇംഗ്ലണ്ടിന് സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.
ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ 10–ാം സെഞ്ചറി കൂട്ടുകെട്ടാണ് സുന്ദർ – ജഡേജ സഖ്യത്തിന്റേത്. ഇതോടെ, ഒരു പരമ്പരയിൽ കൂടുതൽ സെഞ്ചറി കൂട്ടുകെട്ടുകളെന്ന സ്വന്തം റെക്കോർഡിന് ഒരേയൊരു സെഞ്ചറി കൂട്ടുകെട്ട് മാത്രം അകലെയാണ് ഇന്ത്യ. 1978–79ൽ വെസ്റ്റിൻഡീസിനെതിരെ സ്വന്തം മണ്ണിലാണ് ഇന്ത്യ 11 സെഞ്ചറി കൂട്ടുകെട്ടുകൾ തീർത്തത്.
ഇതിനിടെ, ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റ പരമ്പരയിൽ കൂടുതൽ സെഞ്ചറികൾ നേടുന്ന താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടുമുൻപ് നായകനായി നിയോഗിക്കപ്പെട്ട ഗില്ലിന്റെ നാലാം സെഞ്ചറിയാണിത്. മൂന്നു സെഞ്ചറികൾ വീതം നേടിയ വാർവിക് ആംസ്ട്രോങ്, ബ്രാഡ്മാൻ, ഗ്രെഗ് ചാപ്പൽ, വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവർ പിന്നിലായി. അരങ്ങേറ്റത്തിലല്ലെങ്കിലും സുനിൽ ഗാവസ്കർ, ബ്രാഡ്മാൻ എന്നീ ക്യാപ്റ്റൻമാരും ഒരു പരമ്പരയിൽ നാലു സെഞ്ചറി നേടിയിട്ടുണ്ട്. ഇതിനു പുറമേ, ഒരു പരമ്പരയിൽ ഇന്ത്യയ്‌ക്കായി കൂടുതൽ സെഞ്ചറികൾ നേടുന്ന താരങ്ങളിൽ ഗിൽ ഗാവസ്കർ, കോലി എന്നിവർക്കൊപ്പമെത്തി.
∙ ഞെട്ടിയ തുടക്കം
311 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് ഇംഗ്ലിഷ് ബോളർമാർ തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (0) തൊട്ടടുത്ത പന്തിൽ സായ് സുദർശനെയും (0) പുറത്താക്കിയ ക്രിസ് വോക്സ് സന്ദർശകരെ വിറപ്പിച്ചു. ഇന്നിങ്സ് തോൽവി മുഖാമുഖം കണ്ട ടീം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശുഭ്മൻ ഗിൽ– കെ.എൽ.രാഹുൽ സഖ്യമാണ്.
റൺസ് കണ്ടെത്തുന്നതിനെക്കാൾ വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നതിലായിരുന്നു ഇരുവരുടെയും ശ്രദ്ധ. രാഹുൽ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോൾ വീണു കിട്ടുന്ന ഫുൾ ലെങ്ത് പന്തുകൾ ബൗണ്ടറി കടത്തിയ ഗിൽ പതിയെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചറിയും 5 വിക്കറ്റും നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനും നാലാമത്തെ ഇംഗ്ലിഷ് താരവുമാണ് ബെൻ സ്റ്റോക്സ്. ടോണി ഗ്രെയ്ഗ്, ഇയാൻ ബോതം (5 തവണ), ഗസ് അറ്റ്കിൻസൻ എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
ടെസ്റ്റ് കരിയറിൽ 7000 റൺസും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി ബെൻ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ് (13289 റൺസ്, 292 വിക്കറ്റ്), വെസ്റ്റിൻഡീസിന്റെ ഗാരിഫീൽഡ് സോബേഴ്സ് (8032 റൺസ്, 235 വിക്കറ്റ്) എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. 2014ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഇന്ത്യ 600 റൺസിനു മുകളിൽ വഴങ്ങുന്നത്. അന്ന് വെല്ലിങ്ടനിൽ നടന്ന ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 680 റൺസ് വഴങ്ങിയിരുന്നു.
∙ ബിഗ് ബെൻ
നേരത്തെ, ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടാൻ മുന്നിൽ നിന്ന ഇംഗ്ലിഷ് നായകൻ മറുപടി ബാറ്റിങ്ങിൽ സെഞ്ചറിയുമായി (141) നിറഞ്ഞാടിയതോടെയാണ് നാലാം ടെസ്റ്റിൽ ഇന്ത്യ പ്രതിരോധത്തിലായത്. സ്റ്റോക്സിന്റെ സെഞ്ചറിക്കരുത്തിൽ 669 റൺസ് നേടിയ ഇംഗ്ലണ്ട്, ആദ്യ ഇന്നിങ്സിൽ 311 റൺസിന്റെ ലീഡ് സ്വന്തമാക്കി.
7ന് 544 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ എത്രയും പെട്ടെന്ന് ഓൾഔട്ടാക്കി രണ്ടാം ഇന്നിങ്സ് ആരംഭിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ആദ്യ സെഷനിൽ തന്നെ ലിയാം ഡോസണെ (26) പുറത്താക്കിയ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ ഒൻപതാം വിക്കറ്റിൽ ബ്രൈഡൻ കാഴ്സിനെ (47) കൂട്ടുപിടിച്ച് സ്റ്റോക്സ് തിരിച്ചടി തുടങ്ങിയതോടെ കളിമാറി. ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച് ഇരുവരും അനായാസം റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ ഇംഗ്ലിഷ് സ്കോർ ബോർഡ് കുതിച്ചു.
96 പന്തിൽ 95 റൺസാണ് ഇരുവരും ചേർന്ന് 9–ാം വിക്കറ്റിൽ അടിച്ചെടുത്തത്. സ്റ്റോക്സിനെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുമെന്നു കരുതിയെങ്കിലും ഓൾഔട്ട് ആകുന്നതു വരെ തുടരാനായിരുന്നു ആതിഥേയരുടെ തീരുമാനം. പിന്നാലെ ജഡേജയുടെ പന്തിൽ കാഴ്സ് പുറത്താകുമ്പോഴേക്കും ഇംഗ്ലണ്ടിന്റെ ലീഡ് 311ൽ എത്തിയിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും ബുമ്ര, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:








English (US) ·