സമനില ഭീഷണിയുമായി മഴയും ഇംഗ്ലണ്ടും, വിജയമറിയാത്ത ഗ്രൗണ്ടിൽ ചരിത്രം തിരുത്തി ഇന്ത്യ; ശുഭാകാശം!

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 07 , 2025 10:02 AM IST

2 minute Read

 X@BCCI
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ആകാശ് ദീപ്, ഋഷഭ് പന്ത് എന്നിവർ മത്സരത്തിനു ശേഷം. Photo: X@BCCI

ബർമിങ്ങാം ∙ ചരിത്ര വിജയത്തിനായി ആവേശത്തോടെ പോരാടിയ ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി ആകാശത്ത് സൂര്യനും മണ്ണിൽ ആകാശ് ദീപും ജ്വലിച്ചുനിന്നു. 6 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ പേസർ ആകാശ് ദീപും മഴ പ്രവചനങ്ങളെ കാറ്റിൽപറത്തി തെളി‍ഞ്ഞുനിന്ന മാനവും കരുത്തായപ്പോൾ ബർമിങ്ങാമിലെ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് വിജയത്തിന്റെ കൊടി നാട്ടി. രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ ഉജ്വല വിജയത്തോടെ ഇന്ത്യ 5 മത്സര പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്തി (1–1).

രണ്ടാം ഇന്നിങ്സിൽ 607 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ അഞ്ചാംദിനം ഇന്ത്യ 271 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് ജൂലൈ 10 മുതൽ ലോഡ്സിൽ. ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ 7 തോൽവിയും ഒരു സമനിലയുമായി ഇന്ത്യൻ ടീമിനു തലതാഴ്ത്തേണ്ടിവന്ന എജ്ബാസ്റ്റനിലാണ് പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണം നയിച്ച ഇരുപത്തെട്ടുകാരൻ ആകാശ് ദീപ് 2 ഇന്നിങ്സിലുമായി ആകെ നേടിയത് 10 വിക്കറ്റുകൾ.

മഴയെപ്പേടിച്ച്....

ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രതിരോധത്തെക്കാൾ കാലാവസ്ഥാ മുന്നറിയിപ്പിനെക്കുറിച്ച് ചിന്തിച്ചാണ് ഇന്ത്യ അവസാനദിനം കളി തുടങ്ങിയത്. മഴമൂലം ഒന്നര മണിക്കൂറോളം വൈകിത്തുടങ്ങിയ മത്സരത്തിൽ ആദ്യ പന്ത് എറിയുന്നതിനു മുൻപേ 10 ഓവർ വെട്ടിച്ചുരുക്കി. ഇംഗ്ലിഷ് ബാറ്റർമാരെ ഒന്നൊന്നായി മടക്കിയയച്ച് വിജയത്തിലേക്ക് അടുക്കുമ്പോഴും ആകാശംമൂടിയ കാർമേഘം കനത്ത മഴയായി പെയ്തേക്കുമെന്ന ഭീതി ഇന്ത്യൻ ടീമിന്റെ തലയ്ക്കു മുകളിലുണ്ടായിരുന്നു. എന്നാൽ 60 ശതമാനം സാധ്യത പ്രവചിച്ച മഴ, മത്സരത്തിൽ പിന്നീടൊരിക്കലും ഇന്ത്യയ്ക്കു വെല്ലുവിളിയായി എത്തിയില്ല.

ആകാശിന്റെ തുടക്കം

3ന് 72 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. തന്റെ 2 ഓവറുകൾക്കിടെ ഒലീ പോപ്പിനെയും (24) ഹാരി ബ്രൂക്കിനെയും (6) പുറത്താക്കിയ ആകാശ് ദീപ് ഇംഗ്ലണ്ടിനെ 5ന് 83 എന്ന നിലയിലേക്ക് തള്ളിയിട്ടു. ആദ്യ ഇന്നിങ്സിൽ 5ന് 84 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട് സമാന തകർച്ച രണ്ടാം ഇന്നിങ്സിലും ആവർത്തിച്ചു. എന്നാൽ ഒന്നാം ഇന്നിങ്സിൽ ടീമിന്റെ ടോപ് സ്കോററായിരുന്ന ജയ്മി സ്മിത്ത് ക്രീസിലുള്ളത് ഇംഗ്ലിഷ് പ്രതീക്ഷകളുടെ കനം കൂട്ടി. അഞ്ചാം വിക്കറ്റിൽ 70 റൺസ് നേടിയ ബെൻ സ്റ്റോക്സ്– ജയ്മി സ്മിത്ത് കൂട്ടുകെട്ട് തുടർന്നുള്ള 19 ഓവറുകളിൽ ഇന്ത്യക്കാരുടെ ക്ഷമ പരീക്ഷിച്ചു. ഒടുവിൽ സ്റ്റോക്സിനെ (33) വിക്കറ്റിനു മുൻപിൽ കുരുക്കിയ വാഷിങ്ടൻ ഉച്ചഭക്ഷണത്തിനു പിരിയും മുൻപ് ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റും വീഴ്ത്തി.

രണ്ടാം സെഷനിൽ ക്രിസ് വോക്സിനൊപ്പം 46 റൺസ് നേടിയ ജയ്മി സ്മിത്തിന്റെ ചെറുത്തുനിൽപ് ഇന്ത്യൻ വിജയം വൈകിപ്പിച്ചു. 12 ഓവറുകളുടെ കാത്തിരിപ്പിനുശേഷം വോക്സ് (7) പുറത്തായതോടെ ആരാധകരുടെ മനസ്സിൽനിന്ന് ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു. ഓൾഔട്ടാകുന്നതിന് മുൻപ് സെഞ്ചറി നേടാനുള്ള അമിതാവേശമാണ് സ്മിത്തിന്റെ (88) വിക്കറ്റ് നഷ്ടമാക്കിയത്. 69–ാം ഓവറിൽ ആകാശ് ദീപിന്റെ പന്തിൽ ഉയർന്നുപൊങ്ങിയ ബ്രൈഡൻ കാഴ്സിന്റെ ഷോട്ട് ഗിൽ കയ്യിലൊതുക്കിയതോടെ ഇംഗ്ലണ്ടിന്റെ തോൽവി പൂർണം.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@BCCI എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

India bushed England successful 2nd trial match

Read Entire Article