
Photo | x.com/search?q=ranji%20trophy&src
നാഗ്പുര്‍: കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ. ആദ്യ ഇന്നിങ്സിന്റെ ലീഡ് മുൻതൂക്കത്തിൽ വിദർഭയ്ക്ക് കിരീടം. വിദർഭയുടെ മൂന്നാ രഞ്ജി ട്രോഫി കിരീടമാണിത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന് അഭിമാനത്തോടെ മടങ്ങാം. ഫൈനലിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കേരള താരങ്ങൾക്ക് കഴിഞ്ഞു. അഞ്ചാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
രഞ്ജിയിലെ രാജാക്കന്മാരായ മുംബൈയെ അടക്കം തകര്‍ത്ത് ഫൈനലിലെത്തിയ ടീമാണ് വിദര്‍ഭ. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം മിന്നും വിജയങ്ങള്‍ നേടിയെത്തിയ ടീമിനെതിരേ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്നതില്‍ അഭിമാനിക്കാം. ആദ്യമായി ഫൈനലിലെത്തിയ ടീമിന്റെ ശരീരഭാഷയൊന്നുമായിരുന്നില്ല കേരളം പ്രകടിപ്പിച്ചത്. വിദര്‍ഭയെ, അവരുടെ നാട്ടില്‍ നടക്കുന്ന ഫൈനലില്‍, ഒന്നാം ഇന്നിങ്‌സില്‍ വിറപ്പിക്കാന്‍ കേരളത്തിനായി. വെറും 37 റണ്‍സ് അകലെ പത്തുപേരും പുറത്തായതാണ് കിരീടം കേരളത്തില്‍നിന്ന് അന്യമാക്കിയത്.
വിദര്‍ഭയ്ക്കായി രണ്ട് ഇന്നിങ്‌സിലും മലപോലെ നിലയുറച്ച മറുനാടന്‍ മലയാളിയായ കരുണ്‍ നായരും ഡാനിഷ് മാലേവറുമാണ് ഈ കളിയെ ഈ വിധം മാറ്റിമറിച്ചത്. ആ കൂട്ടുകെട്ടാണ് കേരളത്തില്‍നിന്ന് കിരീടം അകറ്റിയതെന്നു പറയാം.
കഴിഞ്ഞദിവസം സെഞ്ചുറിയും കടന്ന് ക്രീസില്‍ നിലയുറപ്പിച്ച കരുണ്‍ നായരെ, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റമ്പുചെയ്ത് പുറത്താക്കുകയായിരുന്നു. അഞ്ചാംദിനത്തിലെ ആദ്യ വിക്കറ്റ്. 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റണ്‍സാണ് കരുണ്‍ നേടിയത്. നേരത്തേ മൂന്നാംവിക്കറ്റില്‍ ഡാനിഷ് മാലേവറുമായി ചേര്‍ന്ന് 182 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരുന്നു. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. ആദിത്യ സർവാതെയ്ക്ക് നാലുവിക്കറ്റുകളായി.
നേരത്തേ ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളം 379 റണ്‍സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മാലേവറിന്റെ സെഞ്ചുറിയാണ് വിദര്‍ഭയെ രക്ഷിച്ചത്. മറുപടി ബാറ്റിങ്ങില്‍ കേരളം 342 റണ്‍സിന് പുറത്തായി. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വിദര്‍ഭ പിന്നീട് ഏഴ് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും കരുണ്‍ നായരും മാലേവറും ചേര്‍ന്ന് മതിലുപോലെ നിലയുറപ്പിക്കുകയായിരുന്നു.
Content Highlights: ranji trophy time 5 kerala vs vidarbha








English (US) ·