27 July 2025, 10:29 PM IST

സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ ആഹ്ലാദം | AFP
മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സമനിലയില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും നിലയുറപ്പിച്ച് കളിച്ചതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. മൂവരും സെഞ്ചുറി തികച്ചു. കെ.എൽ. രാഹുൽ 90 റൺസും നേടി. അഞ്ചാംദിനം മത്സരം അവസാനിക്കുമ്പോള്‍ 143 ഓവറില്‍ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 358-ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 669 റണ്‍സ് നേടി 311 റണ്‍സിന്റെ ലീഡും സമ്പാദിച്ചു. എന്നാല്‍ അവസാന രണ്ടുദിനം ഇന്ത്യന്‍ ബാറ്റര്‍മാര്‍ ക്ഷമയോടെ ക്രീസില്‍ തുടര്‍ന്നതോടെ ഇംഗ്ലണ്ടിന് മോഹിച്ച ജയം സാധ്യമായില്ല.
185 പന്തുകള്‍ നേരിട്ട് 107 റണ്‍സ് നേടിയ ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ 206 പന്തില്‍ 101 റണ്‍സ് നേടി. ഇരുവരും പുറത്താവാതെ നിന്നു. നേരത്തേ ശുഭ്മാന്‍ ഗില്‍ 238 പന്തുകള്‍ നേരിട്ട് 103 റണ്‍സ് നേടിയപ്പോള്‍ 230 പന്തുകള്‍ നേരിട്ട് കെ.എല്‍. രാഹുല്‍ 90 റണ്‍സും നേടി.
നാലാം ദിനം ഉജ്വലമായി പ്രതിരോധിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും കെ.എൽ. രാഹുലിനെയും അഞ്ചാം ദിനം ഉച്ചയ്ക്ക് മുൻപ് തന്നെ മടക്കി ഇംഗ്ലണ്ട് കളിയിൽ മേൽക്കൈ നേടിയെങ്കിലും ഇന്ത്യ പിന്നീട് ജഡേജയിലൂടെയും സുന്ദറിലൂടെയും ചെറുത്തിനിൽക്കുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറി പിന്നിട്ട് ഇന്ത്യക്ക് ലീഡ് നേടിത്തന്നു. പിന്നീട് സെഞ്ചുറിയും നേടി മത്സരം സമനിലയിലെത്തിക്കുകയായിരുന്നു.
രണ്ടാമിന്നിങ്സിൽ രണ്ടിന് 174 റൺസ് എന്ന നിലയിൽ അവസാന ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രാഹുലിനെയും ഗില്ലിനെയും നഷ്ടപ്പെട്ടു. സെഞ്ചുറി നേടിയ ഉടനെ ക്യാപ്റ്റൻ ഗിൽ മടങ്ങുമ്പോൾ നാലിന് 222 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 230 പന്തിൽ നിന്ന് 90 റൺസെടുത്ത രാഹുലാണ് ആദ്യം മടങ്ങിയത്. ബെൻ സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരന്നു. 238 പന്തിൽ നിന്ന് 103 റൺസെടുത്ത ഗിൽ പ്രതീക്ഷ നൽകിയെങ്കിലും ആർച്ചറുടെ പന്തിൽ സ്മിത്ത് കൈയിലൊതുക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 223 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. വാഷിങ്ടൺ സുന്ദർ 117 പന്തിൽ നിന്നാണ് അർധശതകം തികച്ചത്. ജഡേജ 86 പന്തിൽ നിന്നും. ചായക്ക് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു.
മത്സരം സമനിലയിൽ ആയതോടെ, അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിന് 2-1ന്റെ ലീഡ് ഉണ്ടാകും.
Updating ...
Content Highlights: KL Rahul falls for 90 aft a gritty innings arsenic India suffer their 3rd wicket aboriginal connected Day 5








English (US) ·