Published: November 02, 2026 04:15 PM IST
1 minute Read
കൊച്ചി ∙ ‘ഏതു ടീമിനും പ്രകടന സ്ഥിരത വേണമെങ്കിൽ കോച്ചിനു വേണ്ടത്ര സമയം നൽകണം. സാധ്യമാകുന്നിടത്തോളം അദ്ദേഹത്തെ നിലനിർത്തണം. കോച്ചിന് ആത്മവിശ്വാസം നൽകുകയാണു മികച്ച ടീമിനെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ ഘട്ടം’ – ഒരു ‘ഇടവേളയ്ക്കു ശേഷം’ കേരള ബ്ലാസ്റ്റേഴ്സിലേക്കു തിരിച്ചെത്തിയ അർജന്റീനക്കാരൻ അഡ്രിയൻ ലൂണ പറഞ്ഞുതുടങ്ങി. ഇന്തൊനീഷ്യൻ ക്ലബ്ബിലെ വായ്പക്കാലം പിന്നിട്ടു സ്വന്തം ടീമിൽ, ആരാധകർക്കു മുന്നിൽ ബൂട്ടണിയാൻ കഴിഞ്ഞ ആഹ്ലാദം ലൂണയുടെ മുഖത്തുണ്ട്. സീസണിലെ പ്രതീക്ഷകളുമായി ലൂണ ‘മനോരമ’യോടു മനസ്സു തുറക്കുന്നു.
പോയത് മനസ്സില്ലാ മനസ്സോടെ
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ടു പോകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഐഎസ്എൽ നടക്കുമോ എന്നു പോലും ഉറപ്പില്ലാത്ത കാലത്തു മറ്റു വഴികളില്ലായിരുന്നു. അവിടം ആസ്വദിച്ചു. കുടുംബം ഒപ്പമുണ്ടായിരുന്നു. പുതിയ സുഹൃത്തുക്കളെ ലഭിച്ചു. ആ ടീമിൽ 11 വിദേശികളുണ്ടായിരുന്നു; സ്പെയിനിൽ നിന്നുള്ളവർ ഉൾപ്പെടെ. അവരുമായി സ്പാനിഷ് ഭാഷയിൽ തമാശ പങ്കിട്ടിരിക്കാൻ കഴിഞ്ഞതും സന്തോഷം.
പുതിയ ബ്ലാസ്റ്റേഴ്സ്, പുതിയ കോച്ച്
പല പരിശീലകർക്കും വ്യത്യസ്ത സമീപനവും തന്ത്രങ്ങളുമാണുള്ളത്. ഓരോ കളിക്കാരനും സ്വന്തം പൊസിഷൻ കാത്തു കളിക്കണമെന്ന് ആവശ്യപ്പെടുന്ന കോച്ചാണ് ആഷ്‌ലി വെസ്റ്റ്‌വുഡ്. എപ്പോഴും ക്രിയേറ്റീവ് ആയിരിക്കണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. പരിശീലകരുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എനിക്കു കഴിയും. 20–ാം വയസ്സിൽ എനിക്കത് എളുപ്പമായിരുന്നില്ല. പക്ഷേ, ഈ 34–ാം വയസ്സിൽ എനിക്കു കോച്ച് പറയുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും പൊരുൾ എളുപ്പം പിടികിട്ടും.
എന്താണു പുതിയ റോൾ ?
ഇന്ത്യൻ താരങ്ങളെ ഉത്തരവാദിത്തങ്ങളിലേക്കു കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന കോച്ചാണ് ആഷ്‌ലി. ആ സമീപനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യൻ താരങ്ങളെ ക്യാപ്റ്റന്റെ ചുമതല ഏൽപിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്റെ ആം ബാൻഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മാറ്റവുമില്ല. കളത്തിന് അകത്തും പുറത്തും ടീമിനു മാതൃകയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റൊന്ന്, യുവ താരങ്ങളെ പരമാവധി സഹായിക്കുക.
കപ്പ് മോഹിച്ച് ആരാധകർ, സമ്മർദമുണ്ടോ?
തീർച്ചയായും കപ്പ് ജയിക്കാൻ ഞാനും ആഗ്രഹിക്കുന്നു. പക്ഷേ, സമ്മർദമില്ല. ഞാൻ ഏറ്റവും ആസ്വദിച്ചാണു ഫുട്ബോൾ കളിക്കുന്നത്. ജീവിതത്തിൽ പല സമ്മർദ നിമിഷങ്ങളുമുണ്ടാകാം. പക്ഷേ, ഫുട്ബോൾ സമ്മർദമല്ല. യുവതാരങ്ങളോടും ഞാൻ പറയുന്നത് അതു തന്നെയാണ്. നിങ്ങൾക്കു ദൈവം നൽകിയ കഴിവാണത്. എൻജോയ് ഇറ്റ്! മറ്റൊന്നു കൂടി പറയാറുണ്ട് – സീനിയർ താരങ്ങളെ കേൾക്കണം. അവർക്ക് അനുഭവസമ്പത്തുണ്ട്, അതു വിലമതിക്കുക.
ഫാമിലി മാൻ
പങ്കാളിയുടെ നാട് മെക്സിക്കോയിലാണ്. രണ്ടു കുട്ടികൾ. കുടുംബം ഇപ്പോൾ അവിടെയാണ്. സഹോദരി ഞങ്ങളുടെ ജന്മനാടായ യുറഗ്വായിലാണു താമസം. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാണു സീസൺ പ്ലാൻ ചെയ്യുന്നത്. ഫുട്ബോൾ കളിക്കാലം കഴിഞ്ഞാൽ കുടുംബത്തിനായി കൂടുതൽ സമയം നൽകണമെന്നാണ് ആഗ്രഹം.
English Summary:






English (US) ·