'സമ്മാനമായി ലഭിച്ചത് പീഡനപരാതികളും അപവാദവും,'അമ്മ' പ്രവർത്തനങ്ങളിൽനിന്ന് എന്നേക്കുമായി പിന്മാറുന്നു'

5 months ago 6

Baburaj

ബാബുരാജ് | ഫോട്ടോ: www.facebook.com/ActorBabuRaj

'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിശദീകരണവുമായി നടന്‍ ബാബുരാജ്. 'അമ്മ'യുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് എന്നേക്കുമായി താന്‍ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. തീരുമാനം ആരേയും ഭയന്നിട്ടല്ലെന്നും ബാബുരാജ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തില്‍ വ്യക്തമാക്കി.

ബാബുരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്ത്:

എറണാകുളം
ജൂലൈ 31, 2025

ബഹുമാനപ്പെട്ടവരെ,

വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ, അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.

കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.

ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.

സ്നേഹത്തോടെ,
ബാബുരാജ് ജേക്കബ്

Content Highlights: Baburaj Quits AMMA: Full Statement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article